ദോഹ: ആദ്യമായാണ് രാജ്യത്ത് ഇത്തരമൊരു പരീക്ഷണം. പാലിനായി പശുക്കളെ വളർത്തുന്നത് സാധാരണമാണെങ്കിലും അവയെ വിമാനം കയറ്റി രാജ്യത്തെത്തിക്കുകയെന്ന നവീനമായ ആശയത്തിന് തുടക്കമിട്ടത് ദോഹയിലെ പവർ ഇൻറർനാഷണൽ ഹോൾഡിങ് കമ്പനി ചെയർമാനും പ്രസിഡൻറുമായ സിറിയൻ വ്യവസായി മൗതാസ് അൽഖയ്യാത്ത് ആണ്. ആദ്യം ആശ്ചര്യത്തോടെയാണ് ജനങ്ങൾ കേട്ടതെങ്കിലും അദ്ദേഹം അത് യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയായിരുന്നു.
ഇപ്പോഴിതാ, അത് സംഭവിച്ചിരിക്കുന്നു. 165 യൂറോപ്യൻ സങ്കരയിനം പശുക്കളുമായി ജർമനിയിൽനിന്നും ബുഡാപെസ്റ്റ് വഴിയെത്തിയ വിമാനം ചൊവ്വാഴ്ച രാത്രിയോടെ ദോഹയിൽ ലാൻഡ് ചെയ്തു. അൽഖോറിലെ ഉമ്മു അൽ ഹവായ മേഖലയിലുള്ള ബലദ്ന ഫാമിലേക്കാണ് അവയെ കൊണ്ടുപോയത്. ബലദ്നയുടെ നീളൻ ട്രക്കുകളിലായിരുന്നു പശുക്കളുടെ യാത്ര. ഉടൻ പാൽ നൽകാൻ പാകത്തിലുള്ള പശുക്കളെയാണ് എത്തിച്ചിരിക്കുന്നതെന്ന് പവർ ഇൻറർനാഷണൽ ഹോൾഡിങ് കമ്പനി വക്താവ് അറിയിച്ചു. ആകെ 4,000 പശുക്കളെയാണ് കൊണ്ടുവരുന്നത്. മൂന്നു ദിവസം കൂടു േമ്പാഴാണ് പശുക്കളുമായി വിമാനമെത്തുക. 60 വിമാന സർവിസുകളെങ്കിലും ഇതിന് വേണ്ടിവരുമെന്നാണ് കരുതുന്നത്. അടുത്ത ഘട്ടത്തിൽ ആസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള പശുക്കളാണ് എത്തുക. ഖത്തറിലേക്ക് പാലും അനുബന്ധ ഉൽപന്നങ്ങളും പ്രധാനമായും വന്നിരുന്നത് സൗദി അറേബ്യയിൽനിന്നായിരുന്നു. ജൂൺ അഞ്ചിന് ഉപരോധം പ്രഖ്യാപിച്ചതോടെ ഇവക്ക് ക്ഷാമമുണ്ടാവുമെന്ന് തിരിച്ചറിഞ്ഞാണ് മൗതാസ് അൽഖയ്യാത്ത് പുതിയ സംരംഭവുമായി ഇറങ്ങിയത്. മുഴുവൻ പശുക്കളുമെത്തുന്നതോടെ രാജ്യത്തിെൻറ 30 ശതമാനം പാൽ ആവശ്യം നിറവേറ്റപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമായും നിർമാണമേഖലയിൽ കേന്ദ്രീകരിക്കുന്ന അൽഖയ്യാത്ത്, കാർഷിക മേഖലയിലേക്കും ശ്രദ്ധ തിരിക്കുന്നതിെൻറ ഭാഗമായി നേരത്തേ തന്നെ ഡയറി ഫാമുകളുടെ നടത്തിപ്പ് ആരംഭിച്ചിരുന്നു. അൽ ഖോറിൽ 70 ഫുട്ബാൾ മൈതാനങ്ങളുടെ വലിപ്പത്തിലുള്ള സ്ഥലത്താണ് ഫാം ഒരുക്കിയിരിക്കുന്നത്. നേരത്തേ കപ്പൽ വഴി പശുക്കളെ കൊണ്ടുവരാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും ഉപരോധം വന്നതോടെ വേഗത്തിൽ ലഭ്യമാക്കാൻ പശുക്കളുടെ യാത്ര വിമാനം വഴിയാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.