ദോഹ: നേട്ടങ്ങളുടെ പെരുമയുമായി വീണ്ടുമൊരു കലണ്ടർ വർഷം കടന്നുപോവുന്നു. നയതന്ത്ര മേഖല മുതൽ കായിക, വിനോദസഞ്ചാര, വാണിജ്യ, ഉൽപാദനം തുടങ്ങി എല്ലായിടങ്ങളിലും നേട്ടങ്ങൾ ആവർത്തിച്ചാണ് ഖത്തർ പുതുവർഷത്തെ വരവേൽക്കുന്നത്. കായിക മേഖലയിൽ ഏഷ്യൻ കപ്പ് കിരീടത്തിൽ ഖത്തറിന്റെ രണ്ടാം മുത്തത്തിന് സ്വന്തം മണ്ണ് സാക്ഷിയായി. യുദ്ധങ്ങളും ആഭ്യന്തര സംഘർഷങ്ങളും സൃഷ്ടിക്കുന്ന ലോകത്തിന്റെ വേദനകളിൽ നയതന്ത്ര ദൗത്യവുമായി ഖത്തർ സജീവമായി ഇടംപിടിച്ചു.
ഗസ്സ, ലബനാൻ, സിറിയ, യുക്രെയ്ൻ, സുഡാൻ തുടങ്ങി സംഘർഷ ഭൂമികളിൽ സമാധാനം സ്ഥാപിക്കാനും മാനുഷിക സഹായമെത്തിക്കാനുമെല്ലാം രാജ്യം സജീവമായി ഇടപെട്ടു. പിന്നിടുന്ന വർഷം ഒറ്റനോട്ടത്തിൽ.....
ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേന തീർത്ത ചോരച്ചാലുകൾക്കിടയിലായിരുന്നു 2024 പുതുവർഷത്തിലേക്ക് ലോകം പിറന്നത്. യുദ്ധം ആരംഭിച്ച ഒന്നാം നാൾ മുതൽ ഖത്തർ ആരംഭിച്ച മധ്യസ്ഥ ശ്രമങ്ങളും നയതന്ത്ര നീക്കങ്ങളും മാനുഷിക സഹായവുമെല്ലാം വർധിത വീര്യത്തോടെത്തന്നെ 2024ലും തുടർന്നു. അമേരിക്ക, ഈജിപ്ത് തുടങ്ങിയ പങ്കാളികളുമായി ചേർന്ന് ഇരു കക്ഷികൾക്കുമിടയിൽ ചർച്ചകൾക്കും സമാധാന ദൗത്യങ്ങൾക്കും നേതൃപരമായ പങ്കുവഹിച്ചു. വെല്ലുവിളികളും തടസ്സങ്ങളും മാറിമാറിയെത്തിയപ്പോഴും മധ്യസ്ഥ ദൗത്യത്തിൽ പ്രധാനിയായി ഖത്തർ തുടർന്നു.
ഏറ്റവും ഒടുവിൽ ആഗസ്റ്റിൽ ദോഹയിലും കൈറോയിലുമായി ഹമാസിനെയും ഇസ്രായേലിനെയും പങ്കെടുപ്പിച്ചുള്ള ചർച്ചകളും നടന്നു. അതിനിടെ കക്ഷികളുടെ ഗൗരവപൂർണമായ ഇടപെടലില്ലെന്ന് വ്യക്തമാക്കിയ ഖത്തർ മധ്യസ്ഥ ശ്രമങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ, പുതുവർഷം പിറക്കുമ്പോഴെത്തുന്ന വാർത്ത ആശ്വാസം നൽകുന്നതാണ്. ശനിയാഴ്ചയാണ് ദോഹയിൽ ഖത്തർ പ്രധാനമന്ത്രിയും ഹമാസ് നേതാക്കളും കൂടിക്കാഴ്ച നടത്തിയതും മധ്യസ്ഥ ചർച്ചകൾ വീണ്ടും സജീവമാക്കിയതും.
യുദ്ധം അവസാനിപ്പിക്കാനുള്ള ദൗത്യത്തിനൊപ്പം ആയിരത്തിലേറെ ഫലസ്തീനികൾക്ക് ചികിത്സയും അഭയവുമായും ഖത്തർ ഇടപെട്ടു. ഗസ്സയുടെ വിശപ്പകറ്റുന്നതുൾപ്പെടെ മാനുഷിക സഹായങ്ങളിലും ഖത്തറിന്റെ സേവനം തുടരുന്നു.
യുക്രെയ്ൻ-റഷ്യ യുദ്ധത്തിനിടയിലും ഖത്തറിന്റെ നയതന്ത്ര ദൗത്യം തുടരുന്നു. യുദ്ധം ഒറ്റപ്പെടുത്തിയ ഇരു രാജ്യങ്ങളിലെയും കുട്ടികളുടെ മോചനം ഖത്തർ മധ്യസ്ഥതയിൽ നടന്നു. ഏറ്റവും ഒടുവിൽ നവംബർ അവസാന വാരവും ഏതാനും കുട്ടികൾക്ക് തങ്ങളുടെ കുടുംബങ്ങളിലെത്താൻ കഴിഞ്ഞു.
ഏറ്റവും ഒടുവിൽ സിറിയയിലുമുണ്ട് ഖത്തറിന്റെ സാന്ത്വനം. ബശ്ശാറുൽ അസദ് രാജ്യം വിട്ടോടിയ മണ്ണിൽ തങ്ങളുടെ എംബസി ഖത്തർ കഴിഞ്ഞയാഴ്ച തുറന്നു. ഡമസ്കസ് വഴി നേരിട്ടുതന്നെ മാനുഷിക സഹായങ്ങളെത്തിക്കുന്നതാണ് പുതുവർഷത്തിനിടയിലെ വലിയ വാർത്ത.
ഖത്തർ, അമേരിക്ക പൗരന്മാർക്ക് വിസയില്ലാതെത്തന്നെ ഇരു രാജ്യങ്ങളിലേക്കും യാത്രചെയ്യാൻ സാധ്യമാവുന്ന ‘വിസ വെയ്വർ പ്രോഗ്രാം’ (വി.ഡബ്ല്യു.പി) ഈ വർഷത്തെ പ്രധാന നേട്ടമായിരുന്നു. ഗൾഫ് -അറബ് മേഖലയിൽനിന്ന് വി.ഡബ്ല്യു.പി ലഭിക്കുന്ന ആദ്യ രാജ്യമായി ഖത്തർ. ഡിസംബർ ഒന്നുമുതൽ വിസരഹിത യാത്ര നിലവിൽവന്നു.
വിനോദസഞ്ചാര മേഖലയിലും ചരിത്ര നേട്ടവുമായി ഖത്തർ
ദോഹ: ഒരു വർഷത്തിനുള്ളിൽ സന്ദർശകരുടെ എണ്ണം 50 ലക്ഷം തികച്ച് വിനോദസഞ്ചാര മേഖലയിൽ ചരിത്ര നേട്ടം സൃഷ്ടിച്ച് ഖത്തർ. സന്ദർശകരുടെ എണ്ണത്തിൽ 2023നെ അപേക്ഷിച്ച് 25 ശതമാനം വളർച്ച രേഖപ്പെടുത്തിയാണ് ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ ഖത്തർ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയത്. പുതുവർഷത്തെ വരവേൽക്കുന്നതിനുള്ള ഒരുക്കങ്ങൾക്കിടെ ഖത്തർ ടൂറിസമാണ് സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോഡ് വാർത്ത പങ്കുവെച്ചത്.
ഒരു വർഷം 50 ലക്ഷം സന്ദർശകർ എന്ന ലക്ഷ്യം മറികടന്നത് ഖത്തറിനെ സംബന്ധിച്ച് വിനോദസഞ്ചാര മേഖലയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി പറഞ്ഞു. അതിവേഗം വളരുന്ന കുടുംബ സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി രാജ്യം മാറുന്നതിന്റെ അംഗീകാരം കൂടിയാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. റൂം ബുക്കിങ്ങിലും ഇത്തവണ കുതിച്ചുകയറി. ഒരു കോടിയാണ് നൈറ്റ് റൂം ബുക്കിങ് കണക്കാക്കുന്നത്. വിനോദസഞ്ചാര മേഖലയിൽ ഭാവിയിലെ വളർച്ചയിലേക്കുള്ള അടിത്തറ കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
ആകെ സന്ദർശകരിൽ 41 ശതമാനവും ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവരാണ്. സൗദി അറേബ്യ, ഇന്ത്യ, ബ്രിട്ടൻ, ജർമനി, അമേരിക്ക എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നാണ് കൂടുതൽ സന്ദർശകരെത്തിയത്. 56 ശതമാനം പേരും വിമാനമാർഗം ഖത്തറിലെത്തിയപ്പോൾ 37 ശതമാനം സന്ദർശകർ കരമാർഗവും ഏഴ് ശതമാനം പേർ കടൽമാർഗവും ഖത്തറിലെത്തി. വർഷം മുഴുവനും സന്ദർശകരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയതോടൊപ്പം 2024ന്റെ തുടക്കത്തിലും അവസാനത്തിലും സന്ദർശകരുടെ എണ്ണം കുത്തനെ വർധിച്ചു.
നേട്ടത്തിനപ്പുറം ഓരോ സന്ദർശകർക്കും എല്ലാ ടൂറിസം കേന്ദ്രങ്ങളിലും അതുല്യമായ അനുഭവങ്ങളും സേവന മികവും വാഗ്ദാനം ചെയ്യാൻ സാധിക്കുന്നതായി ഖത്തർ ടൂറിസം ചെയർമാൻ കൂട്ടിച്ചേർത്തു. 2022നും 2030നും ഇടയിൽ സന്ദർശകരുടെ എണ്ണം ഏകദേശം മൂന്നിരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ജി.ഡി.പിയിലെ ടൂറിസം സംഭാവന 10 -12 ശതമാനമായി ഉയർത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകകപ്പ് ഫുട്ബാൾ കൊടിയിറങ്ങിയ ശേഷം ഖത്തർ ഏറെ ആഘോഷമാക്കിയ മേളയായിരുന്നു ഈ വർഷം ജനുവരി -ഫെബ്രുവരിയിലായി നടന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ. ലോകകപ്പിന് വേദിയായ ഏഴ് സ്റ്റേഡിയങ്ങൾ ഉൾപ്പെടെ ഒമ്പതിടങ്ങളിൽ നടന്ന കളിപ്പൂരം. ആരാധക പങ്കാളിത്തവും സംഘാടന മികവുംകൊണ്ട് ശ്രദ്ധേയമായ ടൂർണമെന്റ് ലോകകപ്പിന്റെ ആരവങ്ങൾ അതേ മാറ്റോടെ തിരികെയെത്തിച്ചു. 15 ലക്ഷം കാണികൾ എന്ന മികവുമായി വൻകരയുടെ പോരാട്ടത്തിൽ സർവകാല റെക്കോഡ് കുറിച്ചു.
ടൂർണമെന്റിന്റെ കലാശപ്പോരാട്ടത്തിൽ ജോർഡനെ 3 -1ന് വീഴ്ത്തി ഖത്തർ കിരീടവുമണിഞ്ഞു. തുടർച്ചയായി രണ്ടാം തവണയായിരുന്നു ഖത്തറിന്റെ കിരീടനേട്ടം. അക്റം അഫീഫ് എട്ട് ഗോളുകളുമായി ടൂർണമെന്റിലെ ടോപ് സ്കോററായി. സീസണിലെ മിന്നും പ്രകടനത്തിനുള്ള അംഗീകാരമായി അക്റം അഫീഫ് മികച്ച ഏഷ്യൻ താരത്തിനുള്ള പുരസ്കാരവും നേടി. നായകൻ ഹസൻ അൽ ഹൈദോസിന്റെ റിട്ടയർമെന്റും ലോകകപ്പ് യോഗ്യത റൗണ്ടിൽ ടീമിന്റെ തിരിച്ചടികളും ഈ വർഷത്തിലെത്തന്നെ ഫുട്ബാൾ വിശേഷങ്ങളാണ്.
ഒളിമ്പിക്സായിരുന്നു ഖത്തർ മാറ്റുരച്ച മറ്റൊരു ലോക കായിക ഇനം. എന്നാൽ, 2020 ടോക്യോ ഒളിമ്പിക്സിൽ രണ്ട് സ്വർണവും ഒരു വെങ്കലവുമായി മികച്ച പ്രകടനം നടത്തിയ ഖത്തറിന് പക്ഷേ, 2024 പാരിസ് ഒളിമ്പിക്സ് തിരിച്ചടികളുടേതായി. ബർശിമിന്റെ വെങ്കലത്തിൽ മാത്രമൊതുങ്ങിയവർ 84ാം സ്ഥാനക്കാരായി മടങ്ങി.
ഏപ്രിൽ, മേയ് മാസങ്ങളിലായി നടന്ന അണ്ടർ 23 ഏഷ്യൻ കപ്പ്, ഫെബ്രുവരിയിൽ വേൾഡ് അക്വാട്ടിക്സ് ചാമ്പ്യൻഷിപ്, ഡിസംബറിൽ ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ്, ബാഴ്സലോണ -റയൽ മഡ്രിഡ് ലെജൻഡ്സ് എൽക്ലാസികോ, ആർടിസ്റ്റിക്സ് ജിംനാസ്റ്റിക്സ് വേൾഡ് കപ്പ്, ഷൂട്ടിങ് ഒളിമ്പിക് ക്വാളിഫയിങ്, ദോഹ ഡയമണ്ട് ലീഗ്, ഫിബ ഏഷ്യൻകപ്പ് ക്വാളിഫയർ, ഫോർമുല വൺ ഖത്തർ ഗ്രാൻഡ്പ്രീ ഉൾപ്പെടെ അന്താരാഷ്ട്ര കായിക മത്സരങ്ങൾക്കും ഖത്തർ വേദിയൊരുക്കി.
ഇന്ത്യ -ഖത്തർ സൗഹൃദത്തിൽ പ്രധാനമായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദോഹ സന്ദർശനം. 2016 ജൂണിലെ സന്ദർശനത്തിനു ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ഖത്തറിലെത്തിയത്.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ, രാജ്യവർധൻ സിങ് രാത്തോഡ് ഉൾപ്പെടെ വിവിധ മന്ത്രിമാരും ഈ വർഷം ഖത്തർ സന്ദർശനങ്ങൾ നടത്തി.
ഇന്ത്യ-ഖത്തർ ഊർജ വിതരണം
പുതുവർഷപ്പിറവി മുതൽ സമാപനം വരെ ആഘോഷങ്ങൾതന്നെയെത്തി. ലുസൈലിലെ പുതുവർഷപ്പിറവിയിലെ വെടിക്കെട്ടോടെയായിരുന്നു വിനോദങ്ങളുടെ തുടക്കം. അൽബിദ പാർക്ക് വേദിയായ ഖത്തർ ഇന്റർനാഷനൽ ഫുഡ് ഫെസ്റ്റിവലിൽ 2.66 ലക്ഷം പേരെത്തി. 2023 ഒക്ടോബറിൽ തുടങ്ങി 2024 മാർച്ച് 28 വരെ നീളുന്ന അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ (ദോഹ എക്സ്പോ) നാഴികക്കല്ലായി മാറി. 42.30 ലക്ഷം സന്ദർശകരായിരുന്നു ആറു മാസം നീണ്ട മേളയിൽ പങ്കെടുത്തത്.
ഖത്തർ ടോയ് ഫെസ്റ്റിവൽ, ഗസ്സക്ക് പിന്തുണയുമായി സെപ്റ്റംബറിൽ മുശൈരിബിൽ നടന്ന ‘ഇകോസ് ഓഫ് ലോസ്റ്റ് ഇന്നസെൻസ്’ പ്രദർശനം, അജ് യാൽ ചലച്ചിത്ര പ്രദർശനം, ഖത്തർ ദേശീയ ദിനാഘോഷങ്ങൾ, കതാറയിലെ വിവിധ വിനോദ പരിപാടികൾ, ഏഷ്യൻ കപ്പിന്റെ ഭാഗമായി ലുസൈൽ ബൊളെവാഡിലെ ‘ഹെലോ ഏഷ്യ’, ഖത്തർ -മൊറോകോ ഇയർ ഓഫ് കൾചർ എന്നിവ പ്രധാന വിനോദ മേളകളായിരുന്നു.
ഖത്തറിന്റെ ഭരണഘടന ഭേദഗതിയിൽ പൗരന്മാർ പൂർണസമ്മതം നൽകിക്കൊണ്ടുള്ള ഹിതപരിശോധന ഈ വർഷത്തെ മറ്റൊരു വിശേഷമായിരുന്നു. നവംബറിൽ നടന്ന ഹിതപരിശോധനയിൽ 90.60 ശതമാനം പേർ ഭരണഘടന ഭേദഗതി അംഗീകരിച്ചുകൊണ്ട് വോട്ട് രേഖപ്പെടുത്തി. രാജ്യത്തിനകത്ത് വിപുലമായ സംവിധാനങ്ങളൊരുക്കിയായിരുന്നു വോട്ടെടുപ്പ്. രാജ്യത്തിനു പുറത്തുനിന്ന് പൗരന്മാർക്ക് ഓൺലൈൻ വഴിയും വോട്ടുചെയ്യാനുള്ള സംവിധാനങ്ങൾ തയാറാക്കി.
സ്വകാര്യ മേഖലകളിലെ തൊഴിൽ സ്വദേശിവത്കരണ നടപടികൾ ദ്രുതഗതിയിലാക്കിയിരിക്കുന്നു ഖത്തർ. സ്വദേശിവത്കരണം നടപ്പാക്കുന്നത് സംബന്ധിച്ച അമീറിന്റെ നിർദേശം ഒക്ടോബർ 19ഓടെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഈ ദിവസം മുതൽ ആറു മാസമാണ് നിയമം നടപ്പാക്കാനുള്ള സമയപരിധി. ഉൽപാദന വ്യവസായം, ലോജിസ്റ്റിക്സ്, ടൂറിസം, ഐ.ടി, ധനകാര്യം, വിദ്യാഭ്യാസം, കൃഷി, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ എട്ടു മേഖലകളിലാണ് ആദ്യ ഘട്ടത്തിൽ സ്വദേശിവത്കരണം നടപ്പാക്കുന്നത്. വിജയകരമായി ലക്ഷ്യം കാണുന്നതിന് വിവിധ പദ്ധതികളും അധികൃതർ നടപ്പാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.