ദോഹ: ആകാശത്ത് വർണവിസ്മയം തീർക്കുന്ന കാഴ്ചകളോടെ പുതുവർഷത്തെ വരവേൽക്കാനൊരങ്ങി ഖത്തർ. മുൻവർഷത്തെപ്പോലെ ലുസൈൽ ബൊളെവാഡിലാണ് സ്വദേശികൾക്കും താമസക്കാർക്കുമെല്ലാം ആഘോഷപൂർവം പുതുവർഷത്തെ വരവേൽക്കാൻ ഇത്തവണയും അവസരമൊരുക്കുന്നത്. ചൊവ്വാഴ്ച രാത്രിയിൽ ഡ്രോൺ ഷോ, ലൈറ്റ് ഷോ, ഡി.ജെ ഉൾപ്പെടെ പരിപാടികളാണ് ലുസൈൽ സിറ്റി അധികൃതരുടെ നേതൃത്വത്തിൽ ഇവിടെ ഒരുക്കുന്നത്. പുതു കലണ്ടർ പിറക്കുന്ന 12 മണി മുഹൂർത്തത്തിൽ ആകാശത്ത് അതിശയ കാഴ്ചയുമായി വെടിക്കെട്ടും തുടങ്ങും.
കഴിഞ്ഞ വർഷം പതിനായിരത്തിലേറെ പേരായിരുന്നു ലുസൈലിൽ ന്യൂ ഇയർ ആഘോഷിക്കാനെത്തിയത്. ജനത്തിരക്ക് കണക്കിലെടുത്ത് എല്ലാ സുരക്ഷ മുൻകരുതലുകളും സ്വീകരിക്കണമെന്ന് ലുസൈൽ സിറ്റി അധികൃതർ അറിയിച്ചു. ലുസൈലിനു പുറമെ ഖത്തറിലെ നക്ഷത്ര ഹോട്ടലുകളിലും റിസോർട്ടുകളിലും സംഗീത പരിപാടികളുമായി പ്രത്യേക ന്യൂ ഇയർ പാക്കേജുകൾ അവതരിപ്പിക്കുന്നുണ്ട്.
ദോഹ: ന്യൂ ഇയർ ആഘോഷങ്ങൾക്കിറങ്ങുന്നവർക്ക് സന്തോഷ വാർത്തയുമായി ദോഹ മെട്രോ അധികൃതർ. രാത്രിയിൽ യാത്ര സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദോഹ മെട്രോ ഇന്ന് അർധരാത്രിയും കഴിഞ്ഞ് ബുധനാഴ്ച പുലർച്ച രണ്ടു മണിവരെ സർവിസ് നടത്തും. ദോഹ മെട്രോയും ലുസൈൽ ട്രാമും ഈ സമയം വരെ സർവിസ് നടത്തുമെന്നാണ് അറിയിപ്പ്. ലുസൈലിൽ പുതുവത്സരാഘോഷത്തിനെത്തുന്നവർ റെഡ് ലൈൻ മെട്രോയിൽ കയറി ലുസൈൽ ക്യു.എൻ.ബിയിൽ ഇറങ്ങാം. അഞ്ചു മിനിറ്റ് നടന്നാൽ ലുസൈൽ ബൊളെവാഡിൽ എത്തിച്ചേരാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.