ദോഹ: സിറിയക്ക് അടിയന്തര സഹായം വഹിച്ചുള്ള ഖത്തരി വിമാനം തലസ്ഥാന നഗരിയായ ഡമസ്കസിലെത്തി. പ്രസിഡന്റ് ബശ്ശാറുൽ അസദ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനുപിന്നാലെ ആരംഭിച്ച എയർ ബ്രിഡ്ജിലൂടെ തുർക്കിയ വഴി വിവിധ ഘട്ടങ്ങളിലായി ഖത്തർ സഹായമെത്തിച്ചെങ്കിലും ഡമസ്കസിലൂടെ നേരിട്ടുള്ള സഹായം ആദ്യമായാണ്. ഡമസ്കസ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള സാങ്കേതിക സഹായം ഉള്‍പ്പെടെയാണ് എത്തിച്ചത്. തിങ്കളാഴ്ച അൽ ഉദയ്ദ് എയർബേസിൽ നിന്നും പുറപ്പെട്ട അമിരി വ്യോമസേന വിമാനം ഡമസ്കസിലിറങ്ങി.
ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റിന്റെ ആംബുലന്‍സുകള്‍, ഭക്ഷ്യ വസ്തുക്കള്‍, മരുന്നുകള്‍ തുടങ്ങിയവയാണ് വിമാനത്തിലുള്ളത്. ഡമസ്കസ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഖത്തര്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതിനുള്ള സാങ്കേതിക സംവിധാനങ്ങളും എത്തിച്ചിട്ടുണ്ട്.
ഖത്തര്‍ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മറിയം ബിന്ത് അലി ബിന്‍ നാസര്‍ അല്‍ മിസ്നദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവും സിറിയയിലെത്തിയിട്ടുണ്ട്. ഖത്തറിലെ പ്രമുഖ സോഷ്യൽ മീഡിയ വ്യക്തിത്വമായ ഗാനിം അൽ മുഫ്തയും സഹായ വിമാനത്തെ യാത്രയയക്കാനായി എത്തിയിരുന്നു. സിറിയൻ ജനതക്കുള്ള ഖത്തറിന്റെ പൂർണ പിന്തുണയാണ് സഹായ വിമാനമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.