വിവിധ പരിപാടികളുമായി കൾചറൽ ഫോറം ഈദ് ആഘോഷം

ദോഹ: കോവിഡ് സാഹചര്യങ്ങളാൽ രണ്ടു വർഷമായി നിലച്ചുപോയ പെരുന്നാൾ ആഘോഷം വ്യത്യസ്ത പരിപാടികളോടെ കൾചറൽ ഫോറം ആഘോഷിക്കും. വിവിധ ഭാഗങ്ങളിൽ ഈദ്-വിഷു-ഈസ്റ്റർ സൗഹൃദ സംഗമങ്ങൾ നടത്തിയയും റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ കിടപ്പുരോഗികളോടൊപ്പം പെരുന്നാൾ ആഘോഷിച്ചുമാണ് കൾചറൽ ഫോറം പെരുന്നാൾ ആഘോഷം വ്യത്യസ്തമാക്കുന്നത്.

'സൗഹൃദ പ്രവാസത്തിന് കരുത്താവുക' കാമ്പയിന്‍റെ ഭാഗമായാണ് ജില്ല-മണ്ഡലം തലങ്ങളിൽ കേന്ദ്രീകരിച്ച് വിഷു-ഈസ്റ്റർ-ഈദ് സൗഹൃദ സംഗമങ്ങൾ നടക്കുക. ആഘോഷങ്ങൾ പോലും വെറുപ്പും ഹിംസയും വളർത്തുന്നതിനുവേണ്ടി ഉപയോഗപ്പെടുത്തുന്ന സവിശേഷ സാഹചര്യത്തിൽ പരസ്പരം കൂടിയിരിക്കലിന്‍റെയും പങ്കുവെക്കലിന്‍റെയും വേദികളായാണ് സൗഹൃദ സംഗമങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. സാംസ്‌കാരിക-സാമൂഹിക -മത സംഘടനകളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും നേതാക്കളും പ്രവർത്തകരും സംഗമങ്ങളിൽ പങ്കെടുക്കും. മേയ് ഒന്നുമുതല്‍ 15 വരെയാണ് ഖത്തറിന്‍റെ വിവിധ ഭാഗങ്ങളിൽ പരിപാടി നടക്കുക.

ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂഷനിലെ സ്ട്രോക്ക് വാർഡിലെ കിടപ്പുരോഗികളായ സഹോദരങ്ങളോടൊപ്പമാണ് കൾചറൽ ഫോറം കമ്യൂണിറ്റി സർവിസ് വിങ് പെരുന്നാൾ ആഘോഷിക്കുന്നത്. ആഘോഷത്തോടനുബന്ധിച്ച് രോഗികൾക്ക് മധുരപലഹാരങ്ങളും പെരുന്നാൾ ഉപഹാരങ്ങളും കൈമാറും.

ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂഷൻ അധികൃതരും കേസ് മാനേജർമാരും കൾചറൽ ഫോറം പ്രവർത്തകരോടൊപ്പം ഈദാഘോഷത്തിൽ പങ്കുചേരും. കൾചറൽ ഫോറം ജനറല്‍ സെക്രട്ടറി താസീൻ അമീൻ, കൾചറൽ ഫോറം കമ്യൂണിറ്റി സർവിസ് ഹോസ്പിറ്റല്‍ വിസിറ്റിങ് കോഓഡിനേറ്റർ സുനീർ, നിസ്താർ എറണാകുളം, സൈനുദ്ദീന്‍ നാദാപുരം, ശിഹാബ് വലിയകത്ത്, ഷഫീഖ് ആലപ്പുഴ, റസാഖ്, സഫ്വാൻ നിസാർ എന്നിവർ നേതൃത്വം കൊടുക്കും. കൂടാതെ ഖത്തറിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മത്സ്യത്തൊഴിലാളികളോടൊപ്പം കൾചറൽ ഫോറം ആഭിമുഖ്യത്തിൽ ഈദ്-വിഷു-ഈസ്റ്റർ ആഘോഷവും സംഘടിപ്പിക്കുന്നുണ്ട്.

സ്നേഹപ്പൊതിയും ഈദ് നൈറ്റുമായി നടുമുറ്റം പെരുന്നാൾ

ദോഹ: ആഘോഷ ദിവസങ്ങളിൽ കൂടുതല്‍ ജോലിത്തിരക്കുകളുമായി പ്രയാസപ്പെടുന്ന സാധാരണക്കാരായ പ്രവാസികളെ ചേർത്തുപിടിക്കാനായി നടുമുറ്റം ഖത്തർ പെരുന്നാൾ ദിനത്തില്‍ ഈദ് സ്നേഹപ്പൊതി കൈമാറും.

നടുമുറ്റം പ്രവർത്തകർ വീടുകളില്‍ പെരുന്നാളിന് തയാറാക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള ഒരുപങ്കാണ് ആഘോഷമില്ലാത്ത താഴ്ന്ന വരുമാനക്കാരായ ആളുകൾക്കിടയിൽ വിതരണം ചെയ്യുന്നത്.

നടുമുറ്റം ജനസേവന വിഭാഗം സെക്രട്ടറി സകീന അബ്ദുല്ലയുടെ നേതൃത്വത്തിൽ വിവിധ ഏരിയ കോഓഡിനേറ്റർമാർ ഈദ് സ്നേഹപ്പൊതി കോഓഡിനേറ്റ് ചെയ്യും. ഓരോ ഏരിയയുടെയും കലക്ഷന്‍ പോയന്‍റുകളിൽ വിതരണത്തിനുള്ള വിഭവങ്ങള്‍ ശേഖരിക്കും. ഇവ കൾചറൽ ഫോറത്തിന്‍റെ വിവിധ ജില്ലകളുമായി സഹകരിച്ച് അർഹരായ ആളുകളെ കണ്ടെത്തുകയും ജില്ലയുടെ തന്നെ ഭാരവാഹികൾ വഴി വിതരണം ചെയ്യുകയും ചെയ്യും.

പ്രവാസലോകത്ത് ആഘോഷങ്ങളുടെ പൊലിമ നഷ്ടപ്പെടുന്ന വനിതകള്‍ക്കും കുട്ടികൾക്കും പെരുന്നാളിന് തലേദിവസം രാത്രി ആഘോഷരാവൊരുക്കി നടുമുറ്റം ഈദ് നൈറ്റ് സംഘടിപ്പിക്കും.

മൈലാഞ്ചി അണിയൽ, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, വ്യത്യസ്ത വിഭവങ്ങളോടെ ഫുഡ്കോർട്ട് എന്നിവ അബൂഹമൂറിൽ നടക്കുന്ന ഈദ്നൈറ്റിനെ വേറിട്ട അനുഭവമാക്കും.

Tags:    
News Summary - Cultural Forum Eid Celebration with various events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.