ദോഹ: കൾച്ചറൽ ഫോറം ഖത്തറിെൻറ നേതാക്കള്‍ ഇന്ത്യന്‍ അംബാസഡർ ഡോ. ദീപക് മിത്തലിനെ സന്ദർശിച്ചു. ഇന്ത്യന്‍ പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ പങ്കുവെച്ചു. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾ, നിർധനരായ രോഗികൾ, മറ്റ് അടിയന്തര കാര്യങ്ങൾ തുടങ്ങിയവയിൽ കൾച്ചറൽ ഫോറം നടത്തുന്ന ഇടപെടലുകൾ നേതാക്കൾ വിശദീകരിച്ചു. ഇത്തരം വിഷയങ്ങളിൽ സമയോചിതമായ പിന്തുണയും സഹായവും എംബസിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് അംബാസഡർ ഉറപ്പുനൽകി.
നാട്ടില്‍ സ്വന്തം ജില്ലകളിൽ വിദ്യാർഥികൾക്ക് സി.ബി.എസ്.ഇ പരീക്ഷ എഴുതാനുളള സംവിധാനം എംബസി മുൻകൈയെടുത്ത് ഏർപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചു.
ജോലിനഷ്ടവും സാമ്പത്തിക പ്രയാസവും കാരണം അധ്യയന വർഷാവസാനം നാട്ടില്‍ പോകാന്‍ നേരത്തേ തീരുമാനമെടുത്ത കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഇത് ഏറെ ഉപകാരമാകും. ഇത്തരം വിദ്യാർഥികൾക്ക് അതത് ജില്ലകളില്‍ പരീക്ഷ എഴുതുന്നതിനുള്ള ഓപ്ഷനുണ്ട്. ഈ വിഷയത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായാല്‍ എംബസിയുടെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടാവുമെന്നും അംബാസഡർ അറിയിച്ചു. കൾച്ചറൽ ഫോറത്തിെൻറ സാമൂഹിക സാംസ്കാരിക സേവനപ്രവർത്തനങ്ങളെ അംബാസഡർ പ്രശംസിച്ചു.
കോൺസുലാർ ആൻഡ് കമ്യൂണിറ്റി അഫേഴ്സ് ഫസ്റ്റ് സെക്രട്ടറി സേവ്യർ ധൻരാജ്, വിദ്യാഭ്യാസ സാംസ്കാരിക വിഭാഗം ഫസ്റ്റ് സെക്രട്ടറി ഹേമന്ത് ദ്വിവേദി, കൾച്ചറൽ ഫോറം പ്രസിഡൻറ് ഡോ. താജ് ആലുവ, വൈസ് പ്രസിഡൻറുമാരായ മുഹമ്മദ് കുഞ്ഞി, ആബിദ സുബൈർ, സെക്രട്ടറി ചന്ദ്രമോഹൻ, സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം റഷീദ് അഹ്മദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.