സുരക്ഷ ഉറപ്പാക്കി സൈബർ സെക്യൂരിറ്റി പരിശീലനം

ദോഹ: വിവിധ സ്ഥാപനങ്ങളിൽനിന്നായി 25,000ത്തിലധികം ജീവനക്കാർക്ക് ഒരു വർഷത്തിനിടെ പരിശീലനം നൽകിയതായി ദേശീയ സൈബർ സെക്യൂരിറ്റി ഏജൻസി. വിവിധ പരിപാടികളിലായി ഇൻഫർമേഷൻ സെക്യൂരിറ്റി മേഖലയിൽ എജുക്കേഷനൽ, സ്പെഷലൈസ്ഡ് ഫൗണ്ടേഷൻ കോഴ്സുകളിലാണ് ഏജൻസി പരിശീലനം നൽകിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച സമാപിച്ച മിലിപോൾ ഖത്തർ 2022 പ്രദർശനത്തോടനുബന്ധിച്ച് ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ദേശീയ സൈബർ സെക്യൂരിറ്റി ഏജൻസി സ്ഥാപിതമായതു മുതൽ സർക്കാർ, സുരക്ഷ, സർക്കാറിതര ഏജൻസികൾ എന്നിവയുൾപ്പെടെ 70ലധികം സ്ഥാപനങ്ങളുമായി പ്രവർത്തിക്കുന്നുണ്ടെന്നും ഭാവിയിൽ വിവിധ സ്ഥാപനങ്ങളിൽനിന്നായി കൂടുതൽ സഹകരണം ഏജൻസി തേടുന്നതായും രാജ്യത്തി‍െൻറ സൈബർ സ്പേസ് സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കുകയാണ് ലക്ഷ്യമെന്നും ഏജൻസി പബ്ലിക് റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം മേധാവി മുഹമ്മദ് അഹ്മദ് അൽ അൻസാരി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

സൈബർ സെക്യൂരിറ്റി ഏജൻസി വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ സംബന്ധിച്ച് വിവിധ അതോറിറ്റികളുടെ ശ്രദ്ധ ക്ഷണിക്കുന്നതി‍െൻറ ഭാഗമായാണ് മിലിപോൾ പ്രദർശനത്തിൽ പങ്കെടുത്തത്. സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുക, ഇൻഫർമേഷൻ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളിൽ ഏജൻസി നൽകുന്ന പരിശീലന കോഴ്സുകൾ സംബന്ധിച്ച് കൂടുതൽ സ്ഥാപനങ്ങളിലേക്ക് വിവരമെത്തിക്കുന്നതിനു കൂടിയാണ് പ്രദർശനത്തി‍െൻറ ഭാഗമായതെന്നും അൽ അൻസാരി വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളിൽ വ്യക്തിഗത വിവരങ്ങൾക്ക് സുരക്ഷയൊരുക്കുന്നതി‍െൻറയും ഇൻഫർമേഷൻ സുരക്ഷയുടെയും പ്രാധാന്യം വിശദീകരിച്ച അദ്ദേഹം, രാജ്യത്ത് സുരക്ഷിതവും വികസിതവുമായ സൈബർ ഇടങ്ങൾ സ്ഥാപിക്കുകയാണ് ഏജൻസി ലക്ഷ്യമിടുന്നതെന്നും സൂചിപ്പിച്ചു.

2021 മാർച്ചിൽ സ്ഥാപിതമായത് മുതൽ മൈക്രോസോഫ്റ്റ്, വാവെയ്, ജെർമൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ ആഗോള കമ്പനികളുമായി ചേർന്ന് ഏജൻസി പ്രവർത്തിച്ചുവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    
News Summary - Cyber ​​security training to ensure security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.