ദോഹ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 10ന് ആരംഭിച്ച ദർബ് അൽ സാഇ വാരാന്ത്യം വരെ നീട്ടാൻ തീരുമാനം. ദേശീയ ദിനമായ തിങ്കളാഴ്ച അവസാനിക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. എന്നാൽ, അവധി ദിനങ്ങളിലെ തിരക്കും സ്വദേശികളും താമസക്കാരും ഉൾപ്പെടെ സന്ദർശകരുടെ വലിയ തോതിലുള്ള പങ്കാളിത്തവും കണക്കാക്കി ദർബ് അൽ സാഇ ഡിസംബർ 23 ശനിയാഴ്ച വരെ നീട്ടിയതായി ദേശീയദിനാഘോഷങ്ങളുടെ സുപ്രീം കമ്മിറ്റി അറിയിച്ചു.
ദിവസവും വൈകുന്നേരം മൂന്ന് മുതൽ രാത്രി 11 വരെയാണ് ഉം സലാൽ മുഹമ്മദിൽ 1.50 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള വേദിയിൽ ദർബ് അൽ സാഇ അരങ്ങേറുന്നത്. ഖത്തറിന്റെ പൈതൃകവും പാരമ്പര്യവും പുതിയ തലമുറയിലേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകർക്കുമായി പരിചയപ്പെടുത്തുന്നതാണ് ദർബ് അൽ സാഈ. ഡിസംബർ പത്തിന് ആരംഭിച്ച ഇവിടേക്ക് ഓരോ ദിവസവും ആയിരങ്ങളാണ് എത്തിച്ചേരുന്നത്. ഒട്ടക, കുതിര സവാരികൾ, ഖത്തറിന്റെ പരമ്പരാഗതമായ ജീവിതവും ഭക്ഷണ രീതികളും പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ, ആദ്യകാല ജീവിതവും വീട്ടുപകരണങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന പ്രത്യേക ഖത്തരി വീട്, കവിതയും കഥയുമെല്ലാം ചർച്ച ചെയ്തും അവതരിപ്പിച്ചും ശ്രദ്ധേയമാകുന്ന സാംസ്കാരിക സായാഹ്നങ്ങൾ, ഖത്തരി സമുദ്ര പൈതൃകത്തിന്റെ പ്രത്യേക പവിലിയനുകൾ എന്നിവയെല്ലാമായി ശ്രദ്ധേയമാണ് ദർബ് അൽ സാഇ വേദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.