ദോഹ: ഏഷ്യൻ കപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് ഖത്തർ ഒരിക്കൽകൂടി ടിക്കറ്റുറപ്പിച്ചപ്പോൾ ടീമിനെ വാനോളം പുകഴ്ത്തി ദേശീയ പരിശീലകൻ മാർക്വസ് ലോപ്പസ്. ടീമിന്റെ നേട്ടത്തിൽ ഏറെ അഭിമാനിക്കുന്നെന്നും സമ്മർദത്തെ നേരിടാനുള്ള ഖത്തറിന്റെ കഴിവാണ് ബുധനാഴ്ച തജികിസ്താനെതിരെ വിജയം നൽകിയതെന്നും ലോപ്പസ് വ്യക്തമാക്കി.
ആദ്യ മത്സരത്തിൽ ലബനാനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ടീമിൽ അഞ്ച് മാറ്റങ്ങളുമായാണ് ലോപ്പസ് അന്നാബികളെ തജികിസ്താനെതിരെ ഇറക്കിയത്. ‘26 താരങ്ങളാണ് ഞങ്ങൾക്കുള്ളത്. ടീമിന് കൂടുതൽ ഊർജം നൽകുന്നതിന് ചില മാറ്റങ്ങൾ വരുത്തിയെങ്കിലും പഴയ ശൈലിതന്നെയാണ് തുടരുന്നത്’- ലോപ്പസ് പറഞ്ഞു. ഏഷ്യൻ കപ്പിൽ എല്ലാ മത്സരങ്ങളും വെല്ലുവിളികൾ നിറഞ്ഞതാണ്. ഉയർന്ന സമ്മർദത്തിലാണ് മത്സരം തുടങ്ങിയതെങ്കിലും ഞങ്ങൾ അത് മറികടക്കുന്നതിൽ വിജയിച്ചു. മത്സത്തിൽ ആധിപത്യം നേടുകയും വിജയിക്കുകയും ചെയ്തു -അദ്ദേഹം കൂട്ടിച്ചേർത്തു. നോക്കൗട്ട് റൗണ്ടിലെത്തിയെങ്കിലും ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തിങ്കളാഴ്ച ചൈനയെ നേരിടാനൊരുങ്ങുകയാണ് ഖത്തർ. 2019ൽ നിർത്തിയേടത്തുനിന്ന് വീണ്ടും ഗോളടിക്കാൻ തുടങ്ങിയ അക്രം അഫീഫ് ഒരിക്കൽകൂടി ഖത്തറിന് വിജയം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.