ദോഹ: ഖത്തറിെല എന്‍ട്രി, എക്‌സിറ്റ് നിയമ വ്യവസ്ഥകള്‍ ലംഘിച്ച പ്രവാസികൾക്ക്, നടപടിക്രമങ്ങൾ നിയമവിധേയമാക്കുന്നതിന് സമയപരിധി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. 2021 ഒക്ടോബർ 10 മുതൽ ഡിസംബർ 31 വരെയുള്ള സമയപരിധിക്കുള്ളിൽ റെസിഡൻസി നിയമങ്ങൾ, വർക്ക് വിസ, ഫാമിലി വിസിറ്റ് വിസ നിയമങ്ങൾ എന്നിവ ലംഘിച്ച എല്ല പ്രവാസികൾക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമപരമായ സ്റ്റാറ്റസ് തിരുത്താനും നിയമ നടപടിക്രമങ്ങള്‍ ഒഴിവാക്കാനും ഈ സാവകാശം ഉപയോഗപ്പെടുത്താൻ കഴിയും.
വിസ ചട്ടങ്ങൾ ലംഘിച്ചതുകാരണം അനധികൃത കുടിയേറ്റക്കാരായി ഖത്തറിൽ തുടരുന്ന പ്രവാസികൾക്ക് ഈ കാലയളവിൽ പ്രശ്നപരിഹാരത്തിനായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ്. പ്രവാസികൾ, തൊഴിൽ ഉടമകൾ എന്നിവർക്ക് സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ് ഡിപ്പാർട്മെൻറിനെയോ അല്ലെങ്കിൽ മന്ത്രാലയം നിർദേശിച്ച ഏതെങ്കിലും സേവന കേന്ദ്രങ്ങളെയോ സമീപിക്കാം. ഒക്ടോബർ 10 മുതൽ, ഉച്ചക്ക് ഒന്നു മുതല്‍ ആറു വരെ ഒത്തുതീര്‍പ്പിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന സമയം.
ഉമ്മു സലാല്‍, ഉമ്മു സുനൈം (ഇൻഡസ്ട്രിയൽ എരിയ), മിസൈമീര്‍, അല്‍ വക്ര, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലെ സേവനകേന്ദ്രങ്ങളെയാണ് ഒത്തുതീര്‍പ്പിനായി സമീപിക്കേണ്ടത്.
അനധികൃത തൊഴിലാളികൾ, താമസക്കാർ എന്നീ വിഭാഗങ്ങൾക്ക് ഭീമമായ തുക പിഴയില്ലാതെതന്നെ തങ്ങളുടെ സ്റ്റാറ്റസ് നിയമവിധേയമാക്കാനുള്ള സുവർണാവസരംകൂടിയാണ് ഈ 'ഗ്രേസ്' പീരിയഡ്.
പിഴത്തുക ഒഴിവാക്കുന്നതിനും അല്ലെങ്കില്‍ നിയവിധേയമായ ഇളവുകൾക്കായും അപേക്ഷ നൽകുന്നതിനും കഴിയും. 2015ലെ നമ്പർ 21 പ്രവാസി എൻട്രി, എക്‌സിറ്റ് നിയമപ്രകാരമാണ് ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.