ദോഹ രാജ്യാന്തര സമുദ്ര-പ്രതിരോധ പ്രദർശനത്തിൽ പങ്കാളിയാവാൻ ഹമദ് രാജ്യാന്തര തുറമുഖത്ത് എത്തുന്ന ഇന്ത്യൻ നാവിക സേനയുടെ ഐ.എൻ.എസ് കൊൽക്കത്ത

ദോഹ: പടക്കപ്പലുകൾ മുതൽ പടക്കോപ്പുകളും സൈനിക ഉപകരണങ്ങളും ഉൾപ്പെടെ വിപുലമായ ശേഖരവുമായി ഖത്തർ പ്രതിരോധ മന്ത്രാലയത്തിന്‍റെ ഏഴാമത് ദോഹ രാജ്യാന്തര സമുദ്ര-പ്രതിരോധ പ്രദര്‍ശനത്തിന് (ഡിംഡെക്‌സ്) തിങ്കളാഴ്ച തുടക്കം. ഖത്തർ ആംഡ് ഫോഴ്സ് ആതിഥേയരാവുന്ന പ്രദർശനം ബുധനാഴ്ച വരെ നീണ്ടുനിൽക്കും. ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ ആരംഭിക്കുന്ന പ്രദർശനത്തിൽ ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങൾ പങ്കാളികളാവുന്നുണ്ട്. 'ലോകത്തിന്‍റെ സമുദ്ര പ്രതിരോധ, സുരക്ഷ സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന' പ്രമേയത്തിലാണ് വിവിധ രാജ്യങ്ങളുടെ സൈനിക, സുരക്ഷ, പ്രതിരോധ സംവിധാനങ്ങളിൽ ഖത്തറിന്‍റെ മണ്ണിൽ അണിനിരക്കുന്നത്. ഡിംഡെക്സിൽ പങ്കെടുക്കുന്ന 13 പടക്കപ്പലുകൾ ഹമദ് രാജ്യാന്തര തുറമുഖത്ത് നങ്കൂരമിട്ടിട്ടുണ്ട്. ഇന്ത്യൻ നാവിക സേനയുടെ കരുത്ത് പ്രകടമാക്കി മിസൈൽ പ്രതിരോധ യുദ്ധക്കപ്പലായ ഐ.എൻ.എസ് കൊൽക്കത്ത ഞായറാഴ്ച ഉച്ചയോടെ തുറമുഖത്ത് നങ്കൂരമിട്ടു. തുർക്കി, പാകിസ്താൻ, ബംഗ്ലാദേശ്, സൗദി അറേബ്യ തുടങ്ങി വിവിധ രാജ്യങ്ങളുടെ നാവികസേനാവ്യൂഹങ്ങളിലെ അഭിമാനമായ പടക്കപ്പലുകളെല്ലാം ദോഹ തുറമുഖത്തെത്തിയിട്ടുണ്ട്.

21 മുതല്‍ 23 വരെ നടക്കുന്ന ഡിംഡെക്‌സ് പ്രദര്‍ശനത്തില്‍ സമുദ്ര, നാവിക മേഖലയിലെ നൂതന കണ്ടുപിടിത്തങ്ങള്‍, ഉപകരണങ്ങള്‍, സാങ്കേതിക വിദ്യകള്‍, സുരക്ഷ പദ്ധതികള്‍, സൈബര്‍ സുരക്ഷ സംവിധാനങ്ങള്‍, സുരക്ഷ വെല്ലുവിളികളെ അതിജീവിക്കാനുള്ള സാങ്കേതിക വിദ്യകള്‍ എന്നിവയെല്ലാം പ്രദർശിപ്പിക്കും. ദുഖാൻ ബാങ്കാണ് പ്രദർശനത്തിന്‍റെ സിൽവർ സ്പോൺസർമാർ. വിവിധ രാജ്യങ്ങളുടെ സേനകൾ, സൈനിക ഉപകരണ നിർമാതാക്കൾ, കമ്പനികൾ തുടങ്ങി 200ഓളം സ്ഥാപനങ്ങൾ പ്രദർശനത്തിൽ പങ്കാളികളാകുന്നുണ്ട്. മുൻകാലങ്ങളിലേത് ഉൾപ്പെടെ 32 ബില്യൺ ഡോളറിന്‍റെ ഇടപാടുകൾക്ക് ഡിംഡെക്സ് വേദിയായിട്ടുണ്ട്. ഇത്തവണ 27 കരാറുകളുടെ ധാരണപത്രത്തിൽ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    
News Summary - Dimdex starts today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.