ദോഹ: അറബ് വിനോദസഞ്ചാര തലസ്ഥാനമായി ദോഹ ഇനി ഔദ്യോഗികമായി അറിയപ്പെടും. ദോഹയെ 2023ലെ അറബ് വിനോദസഞ്ചാരത്തിന്റെ തലസ്ഥാനമായി ഔദ്യോഗികമായി അംഗീകരിച്ച ചടങ്ങിൽ ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒയുമായ അക്ബർ അൽ ബാകിർ അറബ് ടൂറിസം ക്യാപിറ്റലിന്റെ താക്കോൽ സ്വീകരിച്ചു. 2022 ഡിസംബർ 13ന് നടന്ന അറബ് ലീഗ് ജനറൽ സെക്രട്ടേറിയറ്റിന്റെ 25ാമത് സെഷനോടനുബന്ധിച്ച് നടന്ന അറബ് ടൂറിസം മന്ത്രിതല സമിതിയാണ് ദോഹയെ അറബ് വിനോദസഞ്ചാരത്തിന്റെ തലസ്ഥാനമായി തെരഞ്ഞെടുത്തത്.
2022ൽ ഫിഫ ലോകകപ്പിന് ദോഹ ആതിഥേയത്വം വഹിച്ചതിന്റെ ഫലമായി ടൂറിസത്തിൽ സമാനതകളില്ലാത്ത വളർച്ചക്കാണ് ദോഹ സാക്ഷ്യം വഹിച്ചതെന്ന് ചടങ്ങിൽ ഖത്തർ ടൂറിസം ചെയർമാൻ അക്ബർ അൽ ബാകിർ പറഞ്ഞു. ദോഹ, അറബ് ടൂറിസം ക്യാപിറ്റൽ 2023ന്റെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങിൽ ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയും പങ്കെടുത്തു.ഖത്തർ ടൂറിസം വ്യവസായത്തിന്റെ പുരോഗതിക്കും വളർച്ചക്കും വേണ്ടിയുള്ള ഗൗരവമായ ശ്രമങ്ങൾ തിരിച്ചറിഞ്ഞ് ദോഹക്ക് ഈ പദവി നൽകിയതിന് അറബ് ടൂറിസ്റ്റ് ഓർഗനൈസേഷനോട് നന്ദി അറിയിക്കുന്നുവെന്നും അൽ ബാകിർ ചടങ്ങിൽ പറഞ്ഞു. ലോകകപ്പിന്റെ വിജയകരമായ ആതിഥേയത്വത്തിന്റെ ഫലമായി ഖത്തറിനെയും മുഴുവൻ അറബ് ലോകത്തെയും കുറിച്ചുള്ള ലോകവീക്ഷണം രൂപാന്തരപ്പെട്ടുവെന്നും ഇത് പ്രദേശത്തിന്റെ യഥാർഥ്യവും ആരോഗ്യകരവുമായ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുകയും അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്ന ടൂറിസം മേഖലക്ക് പുതിയ വഴി തുറക്കുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തർ എയർവേസിനെ അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് റേറ്റിങ് ഓർഗനൈസേഷനായ സ്കൈട്രാക്സ് എയർലൈൻ ഓഫ് ദി ഇയറായി ഏഴ് തവണ തെരഞ്ഞെടുത്തിരുന്നു. 2022ലെ ഏറ്റവും മികച്ച വിമാനത്താവളമായി ഹമദ് രാജ്യാന്തര വിമാനത്താവളത്തെ തുടർച്ചയായി രണ്ടാം തവണയും സ്കൈട്രാക്സ് തെരഞ്ഞെടുത്തു. വിനോദസഞ്ചാരത്തിന്റെ ആഗോള കേന്ദ്രമാകുന്നതിന് ആവശ്യമായ എല്ലാ സവിശേഷതകളും ഖത്തറിനുണ്ടെന്ന് അക്ബർ അൽബാകിർ അഭിപ്രായപ്പെട്ടു. ഈ വർഷത്തെ അറബ് ടൂറിസത്തിന്റെ തലസ്ഥാനമായി ദോഹയെ തെരഞ്ഞെടുത്തത് അർഹിക്കുന്ന നേട്ടമാണെന്ന് അറബ് ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് ബന്ദർ ബിൻ ഫഹദ് അൽ ഫുഹൈദ് പറഞ്ഞു. നഗരത്തിലെ അത്യാധുനിക സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും എല്ലാ അറബികളുടെയും അഭിമാനത്തിന്റെ ഉറവിടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.