ദോഹ: പന്തുകളിക്കാരും ക്രിക്കറ്റ് താരങ്ങളും ഒഴിഞ്ഞ ദോഹയിൽ ഇനി ഗുസ്തിപിടിച്ചു മലർത്തിയടിച്ച് വിജയിക്കുന്ന മല്ലന്മാരുടെ കാലമാണ്. കൈക്കരുത്തും മെയ്ക്കരുത്തും ബലംനോക്കുന്ന ലോക ജൂഡോ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഒരുക്കങ്ങള്‍ പൂർണമായതായി സംഘാടകർ അറിയിച്ചു. മേയ് ഏഴുമുതല്‍ 14 വരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 99 രാജ്യങ്ങളില്‍ നിന്നുള്ള 668 പുരുഷ-വനിത താരങ്ങള്‍ പങ്കെടുക്കും.
അലി ബിന്‍ ഹമദ് അല്‍ അത്തിയ അറീനയിലാണ് ജൂഡോ ചാമ്പ്യൻഷിപ് നടക്കുന്നത്. ആറിന് ഉച്ചക്ക് രണ്ടുമണിക്ക് ടീമുകളുടെ ഔദ്യോഗിക നറുക്കെടുപ്പ് നടക്കും. അടുത്ത ദിനം റിങ്ങിൽ ലോകതാരങ്ങൾ മാറ്റുരക്കുന്ന പോരാട്ടത്തിനും വിസിൽ മുഴങ്ങും. ഇന്റര്‍നാഷനല്‍ ജൂഡോ ഫെഡറേഷന്റെ സഹകരണത്തോടെ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയാണ് ആതിഥേയര്‍. 10 ലക്ഷം യൂറോ ആണ് സമ്മാനത്തുക. ചാമ്പ്യന്‍ഷിപ് റിപ്പോര്‍ട്ട് ചെയ്യാന്‍ ആഗോളതലത്തില്‍ നിന്നായി ഇരുന്നൂറോളം മാധ്യമ പ്രവര്ത്തകരുമെത്തുമെന്ന് മീഡിയ-ബ്രോഡ്കാസ്റ്റിങ് കമ്മിറ്റി ചെയര്മാന് ശൈഖ് ഹമദ് ബിന്‍ അബ്ദുൽ അസീസ് ആൽഥാനി വാര്‍ത്തസമ്മേളനത്തില്‍ വിശദമാക്കി.
അത്യാധുനിക കായിക സൗകര്യങ്ങളുമായി സുരക്ഷിതമായ വേദിയാണ് ചാമ്പ്യന്‍ഷിപ്പിനായി ഒരുക്കിയിരിക്കുന്നത്. ഐ.ജെ.എഫ് ഗ്രാന്‍ഡ് സ്ലാം, കോണ്ടിനെന്റല് ചാമ്പ്യന്മാര്, ലോക മുന്‍നിര താരങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് ദോഹയില്‍ എത്തുന്നത്. ഒരു മത്സരത്തിന് 30 റിയാല്‍ വീതമാണ് ടിക്കറ്റ് നിരക്ക്. വിദ്യാർഥികള്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും പ്രവേശനം സൗജന്യമാണ്.
2006 ഏഷ്യൻ ഗെയിംസ് മുതൽ ഖത്തറിലെത്തുന്ന അന്താരാഷ്ട്ര മത്സരങ്ങളുടെ തുടർച്ചയാണ് ജൂഡോ ലോകചാമ്പ്യൻഷിപ്പെന്ന് ഖത്തർ ജൂഡോ-തൈക്വാൻഡോ ഫെഡറേഷൻ പ്രസിഡന്റ് ഖാലിദ് ബിൻ ഹമദ് അൽ അതിയ്യ പറഞ്ഞു.
ലോക മുൻനിര താരങ്ങളും വൻകര ജേതാക്കളുമായ ഷിറി ബുക്ലി (ഫ്രാൻസ്), റാഫേൽ സിൽവ (ബ്രസീൽ), ലൂസി റിൻഷാൽ (ബ്രിട്ടൻ), ബാർബറ മാറ്റിച് (ക്രൊയേഷ്യ), അലിസ് ബെലാൻഡി (ഇറാൻ), റുമാൻ ഡികോ (ഫ്രാൻസ്), യാൻ യുങ് വെ (തായ്പെയ്), ഡെനിസ് വിയേരു (മൾഡോവ), ലാഷ ഷവാദതുഷിവിലി (ജോർജിയ), ടാറ്റോ ഗ്രിഗലാഷിവിലി (ജോർജിയ), ദവാലത് ബൊബൊനോവോ (ഉസ്ബെക്) എന്നിവരാണ് വിവിധ കിലോ വിഭാഗങ്ങളിലെ മുൻനിര താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.