ദോഹ: ലോകത്തെ ഏറ്റവും റൊമാന്റിക്കായ നഗരമെന്ന വിശേഷണം നേടി ദോഹ. പാരിസ് ഉൾപെടെ വമ്പൻ നഗരങ്ങളെ പിന്തള്ളിയാണ് ദോഹ ഈ ബഹുമതിയിലെത്തിയത്. ടിക് ടോക്കിലെ വിവരങ്ങളെ ആശ്രയിച്ച് discovercars.com നടത്തിയ അന്വേഷണത്തിലാണ് പാരിസിനേക്കാൾ ആളുകൾ ഇഷ്ടം കൂടുന്നത് ​ദോഹയുമായാണെന്ന് കണ്ടെത്തിയത്. ലോകത്തെ 23 നഗരങ്ങളെ അവയുടെ ടിക് ടോക്കിലെ ഹാഷ്ടാഗുകളുമായി ബന്ധപ്പെട്ട കാഴ്ചകളുടെ എണ്ണം നിരീക്ഷിച്ചതിൽ ഏറ്റവും റൊമാന്റിക്കായ ഇടമായി ദോഹ അതിശയകരമായി ഒന്നാമതെത്തുകയായിരുന്നു.

Doha, DohaLove എന്നീ ഹാഷ്‌ടാഗുകൾക്ക് കീഴിൽ ഖത്തർ തലസ്ഥാന നഗരം 740 കോടി വ്യൂസ് നേടിയാണ് ടിക് ടോക്കിലെ ഏറ്റവും ജനപ്രിയമായ റൊമാന്റിക് ഡെസ്റ്റിനേഷ​നെന്ന തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം ലോകകപ്പ് ഫുട്ബാളിന് വിജയകരമായി ആതിഥ്യമരുളിയ ദോഹ, ദമ്പതികൾക്ക് ഷോപ്പിങ്ങിനും കാഴ്ചകൾക്കുമുള്ള നിരവധി ഇടങ്ങൾ പ്രദാനം ചെയ്യുന്നതായി വെബ്സൈറ്റിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മ്യൂസിയം ഓഫ് ഇല്യൂഷൻസ് അടക്കമുള്ള നിരവധി മ്യൂസിയങ്ങൾ ദോഹയിൽ കാഴ്ചക്കാർക്ക് വിരുന്നൊരുക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. വളർന്നുവരുന്ന ടൂറിസം മേഖലയും ദോഹയുടെ കീർത്തിക്ക് കരുത്തുപകരുന്നു.

ആസ്ട്രേലിയൻ നഗരമായ പെർത്ത് ആണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത്. Perth, LoveInPerth എന്നീ ഹാഷ്‌ടാഗുകളിൽ മൊത്തം 680 കോടി കാഴ്ചക്കാരുമായാണ് പടിഞ്ഞാറൻ ആസ്‌ട്രേലിയയിലെ ‘സിറ്റി ഓഫ് ലൈറ്റ്‌സ്’ എന്നു പേരുകേട്ട പെർത്ത് രണ്ടാം സ്ഥാനത്തെത്തിയത്. അതിമനോഹരമായ സ്വാൻ നദിക്ക് പേരുകേട്ട പെർത്ത് ദമ്പതികൾക്ക് അനന്തമായ പ്രണയ കാഴ്ചകളൊരുക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ന്യൂസിലൻഡിലെ ക്വീൻസ്ടൗൺ സിറ്റിയാണ് ലിസ്റ്റിൽ മൂന്നാമത്. ടിക് ടോക്കിൽ 555 കോടി വ്യൂസാണ് Queenstown, LoveQueenstown എന്നീ ഹാഷ്‌ടാഗുകളിലെ കാഴ്ചകൾക്ക് ലഭിച്ചത്. സാഹസികത ഇഷ്ടപ്പെടുന്ന ദമ്പതികൾക്ക് അനുയോജ്യമായ ഇടമാണിത്. ശൈത്യകാലം മുഴുവൻ ബംഗീ ജമ്പിങ്, സ്കീയിങ് തുടങ്ങിയ സാഹസിക വിനോദങ്ങളിൽ ഏർപ്പെടാൻ ക്വീൻസ് ടൗൺ ദമ്പതികൾക്ക് അവസരം നൽകുന്നു.

നോർവീജിയൻ ദ്വീപസമൂഹമായ സ്വാൽബാർഡ് ആണ് 520 കോടിയിലേറെ കാഴ്ചകൾ നേടി റാങ്കിങ്ങിൽ നാലാം സ്ഥാനത്തെത്തിയത്. Svalbard, LoveInNorway എന്നീ ഹാഷ്‌ടാഗുകൾക്കൊപ്പമാണിത്. ജനവാസ മേഖലകളിൽ ഒന്നായ ഇവിടം മനോഹരമായ മലനിരകളുടെ ദൂരക്കാഴ്ചകൾ കൊണ്ടും പേരുകേട്ടതാണ്. ഹാഷ്‌ടാഗുകൾക്കൊപ്പം മൊറോക്കൻ നഗരമായ മാരാകേഷ് ടിക് ടോക്കിൽ 440 കോടിയോളം വ്യൂസുമായി അഞ്ചാം സ്ഥാനം നേടി. Marrakesh, MarrakechLovers എന്നീ ഹാഷ്ടാഗുകളിൽ കാഴ്‌ചകൾ നേടിയാണ് അഞ്ച് സ്ഥാനങ്ങളിൽ ഇടം പിടിച്ചത്. മൊറോക്കോയിലെ നാലാമത്തെ വലിയ നഗരമാണിത്. ‘ആഡംബര നഗരം’ എന്നും മാരാകേഷ് അറിയപ്പെടുന്നുണ്ട്.

കംബോഡിയയിലെ സീം റാപ്, സ്വിറ്റ്സർലൻഡിലെ ലോസേൻ, എന്നിവ ആറും ഏഴും സ്ഥാനം നേടിയപ്പോൾ ഇന്ത്യയിൽനിന്ന് ഷിംല എട്ടാം സ്ഥാനക്കാരായി ആദ്യ പത്തിൽ ഇടംനേടി. ഇറ്റലിയിലെ ലെക്കെ ഒമ്പതും കനഡയിലെ ലേക്ക് ലൂയിസ് പത്തും സ്ഥാനങ്ങളിൽ ഇടംനേടി.

Tags:    
News Summary - Doha is the 'most romantic city' in the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.