ദോഹ: അഞ്ചു മണിക്കൂർ നീണ്ട യാത്രക്കുശേഷം, കുടുംബത്തിനൊപ്പം ചേരാമെന്ന പ്രതീക്ഷയോടെ ഞായറാഴ്ച വിമാനത്താവളത്തിലേക്കു പോയ യാത്രക്കാർ താണ്ടിയത് ദുരിതങ്ങളുടെ രാത്രിയും പകലും.ഞായറാഴ്ച ഉച്ച 12.25ന് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് കോഴിക്കോട്ടേക്കു പുറപ്പെടേണ്ട വിമാനം 24 മണിക്കൂറിലേറെ വൈകിയതോടെ സമാനതകളില്ലാത്ത ദുരിതമാണ് അനുഭവിച്ചുതീർത്തതെന്ന് യാത്രക്കാർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വേനലവധി സീസണായതിനാൽ നേരത്തേതന്നെ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന നിർദേശമുള്ളതിനാൽ ഒമ്പതു മണിക്ക് മുമ്പുതന്നെ ഹമദ് വിമാനത്താവളത്തിൽ എത്തിയതായി കോഴിക്കോട് സ്വദേശിയായ റഫീഖ് പറഞ്ഞു. ഭാര്യയും മകനും ഉൾപ്പെടുന്ന കുടുംബത്തിനൊപ്പമായിരുന്നു എത്തിയത്. ചെക്ക്ഇന്നും ബോഡിങ്ങുമെല്ലാം പൂർത്തിയാക്കി ടേക്കോഫിന് മുക്കാൽ മണിക്കൂർ മുമ്പുതന്നെ വിമാനത്തിൽ കയറിയിരുന്നു.
പുറപ്പെടുന്നതിനായി റൺവേയിലേക്ക് നീങ്ങിത്തുടങ്ങിയ ശേഷമാണ് യാത്ര അനിശ്ചിതത്വത്തിലാക്കുന്ന നാടകീയ സംഭവങ്ങൾക്ക് തുടക്കമാകുന്നത്. സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പരിശോധനക്കായി വിമാനം മാറ്റി. അപ്പോഴെല്ലാം യാത്രക്കാർ വിമാനത്തിൽ തന്നെയായിരുന്നു. 44 ഡിഗ്രിയോളം വരുന്ന ചൂടിൽ നട്ടുച്ചനേരത്ത് വിമാനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാർ വിയർത്തുകുളിച്ചു. എയർകണ്ടീഷൻകൂടി ഓഫായതോടെ കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ കുട്ടികൾ കരച്ചിൽ തുടങ്ങിയതായി യാത്രക്കാർ പറയുന്നു.
പിന്നീട് മറ്റു യാത്രക്കാർകൂടി ആവശ്യമുയർത്തിയതോടെയായിരുന്നു എല്ലാവരെയും വീണ്ടും വിമാനത്താവള ടെർമിനലിലേക്കു മാറ്റിയത്. അവിടെയും മണിക്കൂറുകൾ ചെലവഴിച്ചിട്ടും വിമാനം എപ്പോൾ പുറപ്പെടുമെന്ന് വിവരങ്ങളൊന്നുമുണ്ടായില്ല. തുടർന്ന് യാത്രക്കാർ ബഹളംവെച്ചതോടെ പൊലീസ് എത്തി ഇടപെട്ടാണ് ഹോട്ടലിലേക്കു മാറ്റാൻ നടപടി സ്വീകരിച്ചത്.
സാങ്കേതികപ്രശ്നങ്ങൾ പരിഹരിച്ച് ഏതാനും മണിക്കൂറുകൾക്കകം പുറപ്പെടുമെന്ന് ആവർത്തിച്ചതല്ലാതെ എപ്പോൾ വിമാനമുയരുമെന്നത് സംബന്ധിച്ച് അധികൃതർ വിശദീകരണമൊന്നും നൽകിയില്ല.ലഗേജുകളെല്ലാം വിമാനത്തിലായതിനാൽ, അണിഞ്ഞ വസ്ത്രവുമായാണ് യാത്രക്കാർ ഹോട്ടലിലേക്കു മാറിയത്. രാത്രിയിലും രാവിലെ എഴുന്നേറ്റപ്പോഴും മാറാനുള്ള വസ്ത്രങ്ങളോ മറ്റോ കൈയിൽ ഇല്ലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. ലഗേജുകൾ എത്തിച്ചുനൽകണമെന്ന ആവശ്യവും എയർ ഇന്ത്യ അധികൃതർ ചെവിക്കൊണ്ടില്ല.
തിങ്കളാഴ്ച ഉച്ചക്കുള്ള വിമാനത്തിൽ യാത്രാസൗകര്യം ഒരുക്കാനുള്ള ആവശ്യമുന്നയിച്ചെങ്കിലും സീറ്റുകൾ ഒഴിവില്ലെന്നായിരുന്നു മറുപടി. ഹോട്ടൽ റിസപ്ഷനിൽ നൽകിയ ഒരു നമ്പറിൽ മാത്രമായിരുന്നു എയർ ഇന്ത്യ അധികൃതരെ ബന്ധപ്പെടാനുള്ള സൗകര്യമെന്നും പലപ്പോഴും ഫോൺ വിളിച്ചാൽ പ്രതികരണംപോലും ലഭിച്ചില്ലെന്നും യാത്രക്കാർ പറയുന്നു.
ബന്ധുക്കളുടെ മരണത്തെ തുടർന്ന് അടിയന്തരമായി നാട്ടിലേക്കു പോകുന്നവർ ഉൾപ്പെടെ യാത്രക്കാരിലുണ്ടെന്ന് കോഴിക്കോട് കൊടുവള്ളി സ്വദേശിയായ അബ്ദുൽ ഗഫൂർ പറയുന്നു. ‘വിമാനം പുറപ്പെടൽ വൈകിയതോടെ രണ്ടു മണിക്കൂറിലധികം കടുത്ത ചൂടിലാണ് യാത്രക്കാർ കഴിഞ്ഞത്. പലർക്കും ശ്വാസതടസ്സംവരെ അനുഭവപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ അസഹനീയമായ സാഹചര്യത്തിലൂടെയാണ് കടന്നുപോയത്.
ലഗേജുകൾ ഇല്ലാത്തതിനാൽ മാറിയുടുക്കാൻ വസ്ത്രങ്ങളില്ല. ബന്ധുക്കളുടെ മരണത്തെ തുടർന്ന് അടിയന്തരമായി നാട്ടിലേക്കു പോകാനുള്ളവർ മുതൽ ഹ്രസ്വ അവധിക്ക് നാട്ടിലേക്കു പോകുന്നവരും ഹയ്യാ വിസയിലെത്തി മടങ്ങുന്ന സന്ദർശകരും സന്ദർശക വിസാ കാലാവധിയുടെ അവസാന ദിനത്തിൽ യാത്ര പുറപ്പെട്ടവരുമെല്ലാം ഉണ്ട്’ -അബ്ദുൽ ഗഫൂർ പറഞ്ഞു.
തീരാത്ത ദുരിതങ്ങളിലൂടെയാണ് കടന്നുപോയതെന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കാരിയായ ഉള്ള്യേരി സ്വദേശി ഹിംയാൻ അഹമ്മദ് പറയുന്നു. ‘12.25നുള്ള വിമാനത്തിനായി രാവിലെ ബ്രേക്ക്ഫാസ്റ്റ് പോലും നേരാംവണ്ണം കഴിക്കാതെ 8.30ന് യാത്ര പുറപ്പെട്ടതാണ് ഞങ്ങൾ. റൺവേയിൽനിന്നു നീങ്ങിത്തുടങ്ങിയശേഷം നിർത്തിയിട്ട വിമാനത്തിൽ രണ്ടു മണിക്കൂറിലേറെയാണ് കഴിഞ്ഞത്. കടുത്ത ചൂടിനിടയിൽ എ.സിയുടെ പ്രവർത്തനംകൂടി നിലച്ചതോടെ കുട്ടികൾക്ക് പ്രശ്നമായി.
എന്റെ ചെറിയ കുട്ടിക്ക് ശ്വാസതടസ്സം സംബന്ധിച്ച് പ്രശ്നംകൂടിയുണ്ടായിരുന്നു. അതേപോലെ ഒരുപാട് പേർ പ്രയാസങ്ങൾ നേരിട്ടു. തുടർന്ന് എല്ലാ യാത്രക്കാരും ആവശ്യപ്പെട്ടതോടെ രണ്ടു മണിക്കൂർ കഴിഞ്ഞാണ് ടെർമിനലിലേക്കു മാറ്റിയത്. ഭക്ഷണവും രാത്രിയോടെ ഹോട്ടലിൽ താമസവും നൽകിയിട്ടുണ്ടെങ്കിലും എപ്പോൾ വിമാനം പുറപ്പെടുമെന്ന് ചൊവ്വാഴ്ച ഉച്ച കഴിഞ്ഞും അധികൃതർ പറയുന്നില്ല. മാറിയുടുക്കാൻ വസ്ത്രങ്ങളോ മറ്റോ ഇല്ല. ഇരട്ടക്കുട്ടികൾ ഉൾപ്പെടെ കൈക്കുഞ്ഞുങ്ങളുമായി നിരവധി അമ്മമാരാണ് രാത്രിയും പകലുമായി ദുരിതം അനുഭവിച്ചുതീർക്കുന്നത്’ -ഹിംയാൻ അഹമ്മദ് പറയുന്നു.
ദോഹ: ഞായറാഴ്ച ദോഹയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടാനിരുന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകിയതിനെ തുടർന്ന് ദുരിതത്തിലായി 150ലേറെ യാത്രക്കാർ. ഒരു രാത്രിയും പകലും നീണ്ട ദുരതത്തിനൊടുവിൽ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വിമാനം ദോഹയിൽ നിന്നും പറന്നുയർന്നത്. ഞായറാഴ്ച ഉച്ച 12.25ന് ദോഹയിൽ നിന്നും പറക്കാനിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 374 വിമാനമാണ് ടേക്ക് ഓഫിനായി ഒരുങ്ങവേ സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് യാത്ര മാറ്റിവെച്ചത്.
പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾക്കിടെ നട്ടുച്ച സമയത്ത് രണ്ട് മണിക്കൂറിലേറെ നേരം യാത്രക്കാർ വിമാനത്തിൽത്തന്നെ കഴിഞ്ഞു.എയർകണ്ടീഷൻ പ്രവർത്തനം കൂടി നിലച്ചതോടെ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഏറെ ദുരിതം അനുഭവിച്ചതായി യാത്രക്കാർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. കോഴിക്കോട്, മലപ്പുറം, കണ്ണൂർ സ്വദേശികളായിരുന്നു യാത്രക്കാരിൽ ഏറെയും. ടേക്ക് ഓഫിനായി ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും നീങ്ങിത്തുടങ്ങിയ ശേഷമായിരുന്നു യാത്ര അടിയന്തരമായി നിർത്തിവെച്ചത്.
ഉടൻ പുറപ്പെടാൻ കഴിയില്ലെന്ന് ഉറപ്പായതോടെ രണ്ടു മണിക്കൂർ കഴിഞ്ഞ് യാത്രക്കാരെ പുറത്തിറക്കി വിമാനത്താവള ടെർമിനലിലേക്ക് മാറ്റി. തുടർന്ന് രാത്രി ഒമ്പത് മണിയോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റുകയായിരുന്നു. ചിലർ താമസസ്ഥലങ്ങളിലേക്കും മടങ്ങി.
തിങ്കളാഴ്ച ഉച്ചക്കുള്ള വിമാനം പറന്നുയർന്നിട്ടും, തലേന്ന് പുറപ്പെടാനായി വിമാനത്താവളത്തിലെത്തിയവരുടെ കാത്തിരിപ്പ് 32 മണിക്കൂറിൽ ഏറെ തുടർന്നു. രാത്രി എട്ടുമണിക്ക് പുറപ്പെടുമെന്ന അറിയിപ്പിനുപിന്നാലെ വൈകീട്ടോടെയാണ് യാത്രക്കാരെ ഹോട്ടലിൽ നിന്നും വിമാനത്താവളത്തിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.