ദോഹ: ഏഷ്യൻ കപ്പിന് ഏറ്റവും സുരക്ഷിതമായതും ആധുനികവുമായ പൊതുഗതാഗതം ഉറപ്പാക്കി ദോഹ മെട്രോ. മെട്രോക്ക് കീഴിലുള്ള 110 ട്രെയിനുകളും ഏഷ്യൻ കപ്പ് സമയം സർവിസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഏറ്റവും കൂടുതൽ യാത്രക്കാർ കയറുമെന്ന് പ്രതീക്ഷിക്കുന്ന റെഡ് ലൈനിൽ ആറ് കാരേജ് ട്രെയിനുകളുടെ വിന്യാസം, യാത്രക്കാരുടെ ശേഷി 1120 ആക്കി വർധിപ്പിച്ച് ശേഷി ഇരട്ടിയാക്കുക, ടൂർണമെന്റ് കാലയളവിൽ ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പ് സമയം മൂന്നു മിനിറ്റ് ആയി കുറക്കുക എന്നിവയും ഇതിൽ ഉൾപ്പെടും.
ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ദോഹ മെട്രോ, ലുസൈൽ ട്രാം സർവിസുകൾ സാധാരണ സമയങ്ങളിലായിരിക്കും പ്രവർത്തിക്കുക. വെള്ളിയാഴ്ചകളിൽ രണ്ടിന് പകരം ഉച്ചക്ക് 12ന് സർവിസ് ആരംഭിക്കും. മത്സര ദിവസങ്ങളായ ജനുവരി 19, ഫെബ്രുവരി രണ്ട് തീയതികളിൽ രാവിലെ 10നും സർവിസ് ആരംഭിക്കും.
ഫിഫ ലോകകപ്പിൽ നിന്നുള്ള അനുഭവസമ്പത്ത് പൂർണമായും ഏഷ്യൻ കപ്പിൽ ഉപയോഗപ്പെടുത്തുമെന്ന് ഖത്തർ റെയിൽ സർവിസ് ഡെലിവറി ചീഫ് അബ്ദുല്ല സെയ്ഫ് അൽ സുലൈത്തി പറഞ്ഞു. ഓപറേഷൻ, ക്രൗഡ് മാനേജ്മെന്റ്, കസ്റ്റമർ സർവിസ് എന്നിവയെല്ലാം ഇതിലുൾപ്പെടുമെന്നും അൽസുലൈത്തി കൂട്ടിച്ചേർത്തു. ‘2022 ലോകകപ്പ് മികച്ച അനുഭവമായിരുന്നു, അതോടൊപ്പം യഥാർഥ പരീക്ഷണവുമായിരുന്നു. എന്നാൽ ലോകകപ്പിൽ പൊതു ഗതാഗത സംവിധാനത്തിന്റെ ആണിക്കല്ലായി ദോഹ മെട്രോ മാറി. ഏഷ്യൻ കപ്പിൽ ലോകകപ്പിലെ അതേ നിലവാരത്തിൽ സേവനങ്ങൾ നൽകാൻ ഞങ്ങൾ സന്നദ്ധരാണ്’ -അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയം ബൈ മെട്രോ എന്നപേരിൽ റെയിൽ ഗതാഗതം മെച്ചപ്പെടുത്തുന്നതിന് ഖത്തർ റെയിൽ ഡിജിറ്റൽ ഗൈഡും വികസിപ്പിച്ചിട്ടുണ്ട്. സ്റ്റേഷനുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനും സ്റ്റേഡിയങ്ങളിലേക്കുള്ള കണക്ടിവിറ്റിയും ഇത് ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.