ദോഹ: ‘ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി’ എന്ന പ്രമേയത്തിൽ മിഡിലീസ്റ്റിലെ ആദ്യ ഹോർട്ടി കൾചറൽ എക്സിബിഷിന് ഖത്തർ വേദിയാകുമ്പോൾ പ്ലാസ്റ്റിക് പടിക്കുപുറത്തുതന്നെ. എക്സ്പോ വേദിയിലെ മുഴുവൻ കിയോസ്കുകളും മറ്റും പരിസ്ഥിതി സൗഹൃദമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. പരിസ്ഥിതിയെ ഹനിക്കുന്നതരത്തിൽ ഒന്നും ഉപയോഗപ്പെടുത്തുന്നതായിരിക്കില്ല.
എക്സ്പോ വേദിയിലെ ഭക്ഷ്യ കിയോസ്കുകൾക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പിൽ അധികൃതർ വ്യക്തമാക്കിയതും ഇതുതന്നെ. കിയോക്സുകളിൽ പാചകവാതകങ്ങളോ കരിയോ ഉപയോഗിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. ഒപ്പം, പ്ലാസ്റ്റിക്കിനെ പൂർണമായും ഒഴിവാക്കിയാവും പാക്കിങ് എന്നും നിർദേശിക്കുന്നു. പരിസ്ഥിതിസൗഹൃദമായ പാക്കിങ് സംവിധാനങ്ങൾക്ക് മാത്രമായിരിക്കും എക്സ്പോ വേദിയിൽ അനുവാദം നൽകുന്നത്.
അതേസമയം, മാലിന്യങ്ങൾ ശേഖരിക്കാൻ മെയിൻ ഏരിയ ഉൾപ്പെടെ എല്ലാ മേഖലകളിലും പ്രത്യേകം തയാറാക്കുന്ന ബിന്നുകൾ സ്ഥാപിക്കും. ഭക്ഷ്യമാലിന്യങ്ങൾ ഉൾപ്പെടെ ഇവിടെനിന്നും ശേഖരിക്കുന്നവ സംസ്കരിക്കുകയും ജൈവവളങ്ങളാക്കി മാറ്റുകയും ചെയ്യും.
മിഡിലീസ്റ്റിലേക്ക് ആദ്യമായെത്തുന്ന ഹോർട്ടി കൾചറൽ എക്സ്പോയിലൂടെ പരിസ്ഥിതിസൗഹൃദ മേളയുടെ പുതുമാതൃക നൽകാനാണ് സംഘാടകരുടെ തീരുമാനം. പ്ലാസ്റ്റിക്കിനെ പടിക്ക്പുറത്താക്കുക എന്നതിനൊപ്പം, എല്ലാ മേഖലകളിലും ഹരിത സൗഹൃദമെന്ന സങ്കൽപം കൂടിയാണ് എക്സ്പോ മുന്നോട്ട് വെക്കുന്നത്.
ഒക്ടോബറിൽ തുടങ്ങി അടുത്ത വർഷം മാർച്ച് അവസാനം വരെ നീണ്ടുനിൽക്കുന്ന എക്സ്പോയുടെ പവിലിയൻ നിർമാണങ്ങളിലുമുണ്ട് ഹരിതഭാവിയും സുസ്ഥിരതയും എന്ന ആശയം.
കാർബൺ ബഹിർഗമനം കുറക്കുന്നതിനും ജീവിതത്തിന്റെ എല്ലാ മേഖലകളിലും മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലക്ക് ഹരിതമായ ഭാവി എന്ന ആശയം അവതരിപ്പിക്കുന്നതിലും കേന്ദ്രീകരിച്ചാണ് രൂപപ്പെടുത്തിയത്. ഓരോ പവിലിയനിലും ഉപയോഗപ്പെടുത്തുന്നതും ഏറ്റവും പുതിയ ഹോർട്ടി കൾചറൽ ടെക്നോളജികളുമാണെന്ന സവിശേഷതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.