ദോഹ: ലോകമെങ്ങുമുള്ള സഞ്ചാരികളുടെ യാത്രാപട്ടികയിൽ ഇടംപിടിച്ച ദോഹക്ക്, കോർണിഷ് ആഗോള നഗര സൂചികയിൽ (ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് - ജി.സി.ഐ) മികച്ച നേട്ടം. അഞ്ചു വർഷത്തിനിടെ 13 റാങ്ക് മെച്ചപ്പെടുത്തിയ ദോഹ ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ 50ാം സ്ഥാനത്തായി ഇടം പിടിച്ചു. ഇതാദ്യമായാണ് ആദ്യ 50നുള്ളിൽ രാജ്യ തലസ്ഥാനം ഇടംപിടിക്കുന്നത്.
2018ൽ 63ാം സ്ഥാനത്തായിരുന്ന ദോഹ, 2019ൽ 61ലും, 2020ൽ 68ലുമെത്തി. എന്നാൽ, 2021ൽ 53ലേക്കുയർന്ന് തിരിച്ചുവരവ് നടത്തുകയും, 2022ൽ 57ലേക്ക് പടിയിറങ്ങുകയും ചെയ്തു. ഇത്തവണ ലോകകപ്പ് ഫുട്ബാളിന് ആതിഥ്യമൊരുക്കുകയും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 14 ലക്ഷത്തോളം കാണികളുടെ സാന്നിധ്യം കൊണ്ടും, അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയും ശ്രദ്ധേയമായതിനു പിന്നാലെയാണ് 50ാം സ്ഥാനത്തെത്തിയത്.
വ്യാപാര വാണിജ്യ പ്രവർത്തനം, മാനുഷിക തലസ്ഥാനം, വിവര കൈമാറ്റം, സാംസ്കാരിക അനുഭവം, രാഷ്ട്രീയ ഇടപെടൽ തുടങ്ങിയ വിവിധ ഘടകങ്ങൾ കൂടി വിശകലനം ചെയ്താണ് റാങ്കിങ്ങ് നിശ്ചയിക്കുന്നത്. മിഡിലീസ്റ്റ്-വടക്കൻ ആഫ്രിക്ക ഉൾപ്പെടുന്ന മിന മേഖലയിൽ ദോഹയുടെ സ്ഥാനം ഏഴാണ്. മിന മേഖലയിൽ ഒന്നാമതായ ദുബൈക്ക് ആഗോള റാങ്കിങ്ങിൽ 23ാം സ്ഥാനമാണ്. മുൻ വർഷത്തേക്കാൾ ഒരു സ്ഥാനം പിന്നോട്ട് പോയി. മുൻവർഷങ്ങളേക്കാൾ വിവിധ മേഖലകളിൽ ദോഹ നില മെച്ചപ്പെടുത്തിയതായി സൂചിക വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.