ദോഹ: ലോകകപ്പ് ഫുട്ബാളിന്റെ ലഹരിയിൽ അമരുന്ന രാജ്യത്തിന്റെ വിവിധ കോണുകളിൽ കാൽപന്തുകളിയുടെ ആവേശം പടർത്തി ചാമ്പ്യൻ ട്രോഫിയുടെ പര്യടനം പുരോഗമിക്കുന്നു. ലോകകപ്പ് കൗണ്ട് ഡൗൺ 200 ദിനത്തിലേക്ക് ചുരുങ്ങിയതോടെ ആരംഭിച്ച ട്രോഫി പര്യടനത്തിന് സാക്ഷിയാവാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ ജനക്കൂട്ടമാണ് എത്തുന്നത്. വ്യാഴാഴ്ച തുടങ്ങിയ ട്രോഫി ടൂറിൽ ആദ്യദിനം ആസ്പയർ പാർക്കിലും അവധിദിനമായ വെള്ളിയാഴ്ച ഇൻഡസ്ട്രിയൽ ഏരിയ ഏഷ്യൻടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലും ശനിയാഴ്ച ലുസൈൽ മറീനയിലുമായിരുന്നു ട്രോഫിയെത്തിയത്.
എല്ലായിടത്തും നിശ്ചിത സമയത്തിനു മണിക്കൂറുകൾ മുമ്പുതന്നെ വൻ ജനക്കൂട്ടമാണ് കാൽപന്തുകളിയുടെ സൂപ്പർതാരങ്ങൾ ഏറെ കൈയിലേന്തിയ സ്വർണക്കപ്പിനെ കാണാനെത്തുന്നത്. പെലെയും മറഡോണയും സിനദിൻ സിദാനും മുതൽ പുതുകാലത്തെ നായകരായ ഫിലിപ്പ് ലാമും ഹ്യൂഗോ ലോറിസും വരെയുള്ള ചാമ്പ്യന്മാൻ ഉയർത്തിയ കപ്പ് ഏറ്റവും അരികിലായി കാണാൻ ആരാധകർക്കുള്ള അവസരമാണ് ട്രോഫി ടൂർ. കഴിഞ്ഞ മൂന്നുദിനങ്ങളിലും പൊതുഇടങ്ങളിൽ പ്രദർശനത്തിനെത്തിയപ്പോൾ കിലോമീറ്ററുകളായിരുന്നു ആൾക്കൂട്ടത്തിന്റെ ദൈർഘ്യം. ആരാധകർക്ക് ട്രോഫിക്കൊപ്പം സെൽഫി പകർത്താനും വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം സ്വന്തമാക്കാനുമുള്ള അവസരം കൂടിയാണിത്.
സ്വദേശികളും വിവിധ രാജ്യക്കാരായ പ്രവാസികളും ഉൾപ്പെടെയാണ് ജനങ്ങളെത്തുന്നത്. ട്രോഫിയ്ക്കൊപ്പമുള്ള സെല്‍ഫി കൂടാതെ, ഫുട്ബാള്‍ ഷൂട്ടിങ് ചലഞ്ച്, ഫാമിലി എന്റര്ടെയ്ൻമെന്റുകള്, ഫെയ്സ് പെയിന്റിങ്, ഫ്ലാഗ് മേക്കിങ്, ഗെയിമിങ് കോര്‍ണര്‍, സംഗീത പ്രകടനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള മറ്റ് പ്രവര്‍ത്തനങ്ങളും ആരാധകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഏഷ്യൻ ടൗണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയുടെ ബാൻഡ് പ്രകടനം വേദിയിൽ ഒരുക്കിയിരുന്നു. ലോകകപ്പിന് മുന്നോടിയായി വേൾഡ് ടൂറിനായി ട്രോഫി യാത്ര തിരിക്കുന്നതിന് മുമ്പായാണ് ഖത്തറിൽ പര്യടനം നടത്തുന്നത്. ചൊവ്വാഴ്ച കതാറയിലെ പ്രദർശനം കൂടി കഴിഞ്ഞ് ഖത്തറിൽനിന്നും യാത്രയാവുന്ന ചാമ്പ്യൻ ട്രോഫി നവംബർ 21ന് ഉദ്ഘാടന മത്സരത്തിന് തൊട്ടുമുമ്പായി മാത്രമാവും മത്സരവേദിയിലെത്തിച്ചേരുക.
സൂറിച്ചിലെ വേൾഡ് ഫുട്ബാൾ മ്യൂസിയത്തിൽ പതിവായി സൂക്ഷിക്കുന്ന സ്വർണക്കപ്പ് അപൂർവമായി മാത്രമാണ് പൊതുജനങ്ങൾക്ക് പ്രദർശനത്തിനായി എത്തിക്കുന്നത്. ആറു കിലോ ഭാരവും, 37 സെ. മീറ്റർ ഉയരവും ഉള്ള 18 കാരറ്റ് സ്വർണത്തിൽ തീർത്ത മോഹക്കപ്പ് അരികെനിന്ന് കാണാനും ചിത്രം പകർത്താനും ആരാധകർക്കുള്ള നിമിഷം കൂടിയാണ് മൂന്നുദിനം കൂടി അവശേഷിക്കുന്ന ട്രോഫി ടൂർ.
ഒരു മണിക്കൂറിലേറെ ക്യൂനിന്നതിന്റെ വിഷമവും സഹനവുമെല്ലാം ട്രോഫിക്കൊപ്പം ചിത്രമെടുത്തതോടെ മാറിയെന്നായിരുന്നു ലുസൈൽ മറീനയിൽ വെച്ച് കപ്പ് കണ്ട കോഴിക്കോട് സ്വദേശിയായ സമീർ മുഹമ്മദിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.