ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം നേതൃത്വത്തിൽ ലോകകപ്പ് ഫുട്ബാൾ പ്രചാരണത്തിന്റെ ഭാഗമായി ഫുട്ബാൾ ക്വിസ്, സ്പോർട്സ് സിമ്പോസിയം, പ്രദർശന മത്സരം എന്നിവ സംഘടിപ്പിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ സെമിനാർ കോംപ്ലക്സിലാണ് പരിപാടികൾ അരങ്ങേറിയത്. ഖത്തർ ആതിഥ്യമരുളുന്ന ഫിഫ വേൾഡ് കപ്പ് 2022 പ്രചാരണാർഥം സംഘടിപ്പിച്ച പരിപാടി കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.
റഷ്യൻ യൂനിവേഴ്സിറ്റിയിൽനിന്നു ഡോക്ടറേറ്റ് നേടിയ ഫുട്ബാൾ ഇതിഹാസം ഐ.എം. വിജയനെ വൈസ് ചാൻസലർ ആദരിച്ചു.
തുടർന്നു നടന്ന സിമ്പോസിയത്തിൽ വേൾഡ് കപ്പിന്റെ നാൾവാഴികളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി സ്പോർട്സ് ലേഖകൻ കമാൽ വരദൂർ സംസാരിച്ചു. ഫുട്ബാൾ മലയാളം കമന്ററി എന്ന വിഷയം കമന്റേറ്റർ ഷൈജു ദാമോദരൻ അവതരിപ്പിച്ചു. ഇന്ത്യൻ ഫുട്ബാളിലേക്ക് കേരളത്തിന്റെ സംഭാവന എന്ന സെഷൻ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ വിഭാഗം തലവൻ ഡോ. വി.പി. സക്കീർ ഹുസൈൻ നേതൃത്വം നൽകി. വേൾഡ് കപ്പിലേക്ക് ഇന്ത്യയുടെ ദൂരം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. മുഹമ്മദലി പള്ളിയാലി പ്രബന്ധം അവതരിപ്പിച്ചു. ലോകകപ്പ് ലോഗോ ആലേഖനം ചെയ്ത ഫുട്ബാളുകൾ സദസ്സിൽ വൈസ് ചാൻസലർക്കും മറ്റു അതിഥികൾക്കും കോളജുകളെ പ്രതിനിധാനംചെയ്ത് പങ്കെടുത്ത മത്സരാർഥികൾക്കും തെരഞ്ഞെടുത്ത കോളജുകൾക്കും ക്ലബുകൾക്കും വിതരണം ചെയ്തു.
കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഫുട്ബാൾ ക്വിസിന് ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് നേതൃത്വം നൽകി. നൂറോളം കോളജുകൾ പങ്കെടുത്ത മത്സരം സംഘാടക മികവുകൊണ്ടും സാങ്കേതികവിദ്യ കൊണ്ടും മികച്ച നിലവാരം പുലർത്തി. ഖത്തറിന്റെ വേൾഡ് കപ്പ് സ്റ്റേഡിയങ്ങളെ പരിചയപ്പെടുത്തിയുള്ള ഡോക്യുമെന്ററി പ്രദർശനവും നടന്നു.
ഡോം ഖത്തർ പ്രസിഡന്റ് വി.സി. മഷ്ഹൂദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് ചെവിടിക്കുന്നൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബഷീർ കുനിയിൽ നന്ദിയും രേഖപ്പെടുത്തി.
കാലിക്കറ്റ് യൂനിവേഴ്സിറ്റി ഫുട്ബാൾ മൈതാനിയിൽ കേരള സീനിയർ താരങ്ങളെ അണിനിരത്തി സംഘടിപ്പിച്ച ഫുട്ബാൾ പ്രദർശനമത്സരത്തോടെ പരിപാടികൾ സമാപിച്ചു. ജില്ല ഫുട്ബാൾ അസോസിയേഷൻ, കേരള ഒളിമ്പിക് അസോസിയേഷൻ എന്നിവരെ പ്രതിനിധാനം ചെയ്ത് ഭാരവാഹികൾ പങ്കെടുത്തു. അബ്ദുല്ലത്തീഫ്, വൃന്ദ കെ. നായർ, ഡോ. വി.വി. ഹംസ, റുഫ്സ ഷമീർ, ഫാസില മഷ്ഹൂദ്, സെലീന, ജുനൈബ സൂരജ്, രജീഷ് ചേളാരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.