ദോഹ: രാജ്യത്തെ കരാറുകാർക്കും കൺസൾട്ടന്റുകൾക്കുമായി മുനിസിപ്പാലിറ്റി, ധനകാര്യ മന്ത്രാലയങ്ങളുടെ പങ്കാളിത്തത്തോടെ ‘ബിനാ’ പ്ലാറ്റ്ഫോമിന് ഖത്തർ ഡെവലപ്മെന്റ് ബാങ്ക് (ക്യു.ഡി.ബി) തുടക്കം കുറിച്ചു.
ഭവനപദ്ധതികൾ നടപ്പാക്കുന്നതിലെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഭവന വായ്പകളിൽനിന്ന് പ്രയോജനം നേടുന്ന ഇടപാടുകാരെ പിന്തുണക്കാനും പദ്ധതികൾ ഉന്നത നിലവാരത്തിൽ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നത്.
കരാറുകാർക്കും കൺസൾട്ടന്റുകൾക്കും ഉപഭോക്താക്കളുൾപ്പെടുന്ന പ്രേക്ഷകരിലേക്കെത്താൻ ‘ബിനാ’ അവസരം നൽകുന്നതോടൊപ്പം അവരുടെ ഫയലുകളും മുൻ പദ്ധതികളും പ്രദർശിപ്പിക്കാനുള്ള സൗകര്യവും ഒരുക്കുന്നു.
ഭവനവായ്പാ പദ്ധതികളിൽനിന്ന് പ്രയോജനം ലഭിക്കുന്ന പൗരന്മാർക്ക് വീടുകൾ നിർമിക്കുന്നതിനും പദ്ധതികൾക്ക് കൃത്യമായ വില നിശ്ചയിക്കാൻ സഹായിക്കുന്ന വിശദമായ ഇൻവെന്ററി, അളവ് പട്ടികകൾ തയാറാക്കി സജ്ജീകരിച്ച് പദ്ധതികളിൽ കൺസൾട്ടന്റുകളുടെ പങ്ക് സജീവമാക്കുന്നതിനും വേണ്ടിയാണ് ‘ബിനാ’ പ്ലാറ്റ്ഫോം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ബാങ്ക് വ്യക്തമാക്കി.
കരാറുകാരനുമായി കരാറിലേർപ്പെടുന്നതിന് മുമ്പും പദ്ധതി പ്രാഥമിക ഘട്ടം ആരംഭിക്കുന്നതിന് മുമ്പും സാമ്പത്തിക ആസൂത്രണം ചെയ്യാൻ പ്ലാറ്റ്ഫോം പൗരന്മാർക്ക് സഹായമാകും. അതോടൊപ്പം ഇ-ടെൻഡറിങ് സംവിധാനത്തിലൂടെ വില വാഗ്ദാനങ്ങൾ താരതമ്യം ചെയ്യുന്ന പ്രക്രിയ സുഗമമാക്കാനും ഉപഭോക്താക്കൾ, കരാറുകാർ, കൺസൾട്ടന്റുകൾ എന്നിവർക്കിടയിലുള്ള ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നത് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. എന്നാൽ ഈ സേവനം പ്ലാറ്റ്ഫോമിൽ പിന്നീടായിരിക്കും ലഭ്യമാകുക.
ഹൗസിങ് മേഖലയിൽ സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ബാങ്കിന്റെ ശ്രമങ്ങളിലെ സുപ്രധാന ചുവടുവെപ്പാണ് ‘ബിനാ’ എന്ന് ക്യു.ഡി.ബി ഭവന വായ്പാ വിഭാഗം സീനിയർ മാനേജർ ഗാനെം സാലിം അൽ യാഫിഈ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.