ദോഹ: കുഞ്ഞുമനസ്സുകളിൽ പരിസ്ഥിതിയെയും ചുറ്റുപാടിനെയും കുറിച്ചുള്ള ചിന്തകൾ വളർത്തുന്നതിനായി ‘നമ്മുടെ ഗ്രഹം, നമ്മുടെ ഉത്തരവാദിത്തം’ എന്ന കാമ്പയിനുമായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ഖത്തർ ചാരിറ്റി, ഫ്രണ്ട്സ് ഓഫ് എൻവയൺമെന്റ് സെന്റർ എന്നിവയുമായി ചേർന്നാണ് പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചത്. മിഡിൽ സ്കൂൾ വിദ്യാർഥികൾക്കിടയിൽ ഭൂമിയെയും പരിസ്ഥിതിയെയും കുറിച്ചുള്ള ചിന്തകളും മലിനീകരണമോ ഭീഷണികളോ ഇല്ലാതെ ചുറ്റുപാടിനെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തവും ബോധ്യപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്കൂൾ വിദ്യാർഥികൾക്കൊപ്പം അവരുടെ രക്ഷിതാക്കളിലേക്ക് പരിസ്ഥിതി ചിന്തകൾ എത്തിക്കാൻ ഇതുവഴി കഴിയും.
പരിസ്ഥിതി ബോധ്യം നൽകുക, ശാസ്ത്രീയ ചിന്തകളെ പ്രോത്സാഹിപ്പിക്കുക, സമൂഹത്തിനായി വ്യത്യസ്ത പ്രോജക്ടുകൾ നടപ്പാക്കുക, ചുറ്റുപാടുമുള്ള പ്രശ്നങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും പരിഹാരം കാണുകയും ചെയ്യുക, സ്കൂളിൽ പരിസ്ഥിതി പദ്ധതികൾ നടപ്പാക്കുക തുടങ്ങി വൈവിധ്യമാർന്ന പദ്ധതികളാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പരിസ്ഥിതി സംരക്ഷണ സന്ദേശം വിദ്യാർഥികളിലൂടെ മുഴുവൻ സമൂഹത്തിലേക്കും പകരുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്കൂൾ കാര്യ ഡയറക്ടർ മർയം അലി അൽ നിസഫ് അൽ ബുഐനാൻ പറഞ്ഞു.
പരിസ്ഥിതി മലിനീകരിക്കപ്പെടാതെ സംരക്ഷിക്കുകയെന്നത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്ന സന്ദേശം സമൂഹത്തിലേക്ക് നൽകുകയാണ് ലക്ഷ്യം വെക്കുന്നത്. വിദ്യാർഥികളിൽ പരിസ്ഥിതി അവബോധം വർധിപ്പിക്കുന്നതിനും പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ശാസ്ത്രീയ ചിന്തയിലും ഗവേഷണത്തിലും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും വേണ്ടിയാണ് ‘നമ്മുടെ ഗ്രഹം, നമ്മുടെ ഉത്തരവാദിത്തം’ കാമ്പയിൻ ലക്ഷ്യം വെക്കുന്നതെന്ന് ഖത്തർ ചാരിറ്റി പ്രോഗ്രാംസ് ആൻഡ് കമ്യൂണിറ്റി ഡെവലപ്മെന്റ് വിഭാഗം ഡയറക്ടർ അബ്ദുറഹ്മാൻ മുഹമ്മദ് അൽ ഹാജിരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.