ദോഹ: ആദർശ ബന്ധിതമായ പ്രവർത്തനവും ദർശനങ്ങളുടെ പിൻബലവുമുള്ള പ്രസ്ഥാനങ്ങളാണ് എന്നും നിലനിന്നിട്ടുള്ളതെന്നും അഭിമാനകരമായ നിലനിൽപിനുവേണ്ടി ആദർശ ജീവിതവും വ്യക്തിത്വവും കാത്തുസൂക്ഷിക്കാൻ നമുക്ക് സാധിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും പ്രമുഖ പത്ര പ്രവർത്തകനുമായ സി.പി. സൈതലവി അഭിപ്രായപ്പെട്ടു. ‘ഉത്തമ രാഷ്ട്രീയം’ എന്ന പ്രമേയത്തിൽ കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ പ്രഭാഷണ പരമ്പരക്ക് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സംസ്കാരിക അധിനിവേശങ്ങളെയും അപരവത്കരണങ്ങളെയും മൂല്യാധിഷ്ഠിത രാഷ്ട്രീയംകൊണ്ടും മിത നിലപാടുകൊണ്ടും അടിയുറച്ച ആത്മവിശ്വാസംകൊണ്ടും ചെറുക്കാൻ നമുക്ക് സാധിക്കണം. തീവ്ര നിലപാടുകൾകൊണ്ടുള്ള പ്രതിരോധം ഭൂഷണമല്ല. ചരിത്രത്തിൽ ഒരിടത്തും ഇതിന് വിജയവും ഉണ്ടായിട്ടില്ല. ജനാധിപത്യ വഴിയിൽ പ്രതിരോധം തീർക്കുക എന്നതാണ് ശരിയായ പരിഹാരം -അദ്ദേഹം പറഞ്ഞു.
ഉപദേശക സമിതി ഉപാധ്യക്ഷൻ അബ്ദുന്നാസർ നാച്ചി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറർ പി.എസ്.എം ഹുസൈൻ നന്ദിയും പറഞ്ഞു.
പി.വി. മുഹമ്മദ് മൗലവി ഖിറാഅത്ത് നിർവഹിച്ചു. ഭാരവാഹികളായ കെ. മുഹമ്മദ് ഈസ, അൻവർ ബാബു, ടി.ടി.കെ ബഷീർ, അബൂബക്കർ പുതുക്കുടി, ആദം കുഞ്ഞി തളങ്കര, സിദ്ദീഖ് വാഴക്കാട്, അജ്മൽ നബീൽ, അഷ്റഫ് ആറളം, അലി മുറയൂർ, താഹിർ താഹ കുട്ടി, വി.ടി.എം സാദിഖ്, സമീർ മുഹമ്മദ്, ശംസുദ്ദീൻ വാണിമേൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.