ദോഹ: തപാൽ ഉരുപ്പടികൾ അതിവേഗത്തിൽ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നതിനായി സഹകരണ കരാറിൽ ഒപ്പുവെച്ച് ഖത്തർ എയർവേസ് കാർഗോയും ഖത്തർ പോസ്റ്റും. ദോഹയിൽനിന്ന് തിരികെയും തപാൽ വസ്തുക്കളുടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള വിതരണം സാധ്യമാക്കുന്നതാണ് കരാർ.
തപാൽ സേവനദാതാവായ ഖത്തർ പോസ്റ്റിലേക്ക് ഖത്തർ എയർവേസ് കൊണ്ടുപോകുന്ന തപാൽ ഷിപ്മെന്റുകൾക്ക് പ്രത്യേക നിരക്കുകളും സഹകരണ കരാറിലുടെ വാഗ്ദാനം ചെയ്യുന്നുണ്ട്.ലോകത്തിലെ മുൻനിര എയർ കാർഗോ വാഹകർ എന്ന നിലയിൽ ഉപഭോക്തൃ ആവശ്യങ്ങൾ കാര്യക്ഷമമായും ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായും നിറവേറ്റാൻ ഖത്തർ എയർവേസ് കാർഗോയെ പ്രാപ്തമാക്കുന്നുവെന്ന് സി.ഇ.ഒ എൻജിനീയർ ബദ്ർ മുഹമ്മദ് അൽ മീർ പറഞ്ഞു.
ഖത്തർ എയർവേസുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ലോജിസ്റ്റിക്കൽ സേവനങ്ങളിൽ സുസ്ഥിര വിജയം കൈവരിക്കാൻ കാത്തിരിക്കുകയാണെന്നും ഖത്തർ പോസ്റ്റ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫാലിഹ് ബിൻ മുഹമ്മദ് അൽ നഈമി പറഞ്ഞു. ദേശീയ കമ്പനികൾ തമ്മിലെ നയപരമായ പങ്കാളിത്തം രൂപപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെയാണ് കരാർ പ്രതിഫലിപ്പിക്കുന്നതെന്നും അൽ നഈമി കൂട്ടിച്ചേർത്തു.
ഖത്തർ എയർവേസ് കാർഗോയുമായുള്ള സഹകരണം തപാൽ, ലോജിസ്റ്റിക്കൽ സേവനങ്ങൾ പ്രത്യേകിച്ച് ഷിപ്പിങ്, ഡെലിവറി മേഖലകളിൽ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ സംതൃപ്തി ഉയർന്ന നിലയിലെത്തിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് കരാറെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.