ദോഹ: ലോകമെങ്ങുമുള്ള വാന നിരീക്ഷകരെല്ലാം ആവേശത്തോടെ കാത്തിരുന്ന ദിവസമായിരുന്നു ആഗസ്റ്റ് രണ്ട് ചൊവ്വാഴ്ച. ടെലസ്കോപ്പുമായി ശതകോടി കിലോമീറ്റർ ദൂരത്തേക്ക് കണ്ണയച്ചിരുന്ന ദിവസം. ഭൂമിയും സൗരയൂഥത്തിലെ മറ്റൊരു ഗ്രഹമായ ശനിയും വർഷത്തിൽ ഏറ്റവും അടുത്ത്് വരുന്ന ദിവസമാണിത്. പന്ത്രണ്ടര മാസത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന മുഹൂർത്തം. നഗ്ന നേത്രങ്ങൾകൊണ്ടൊന്നും കാണാൻ കഴിയാത്ത ഈ സൗരയൂഥ സൗഹൃദം ഏറ്റവും ശക്തമായ ഹബ്ൾ സ്പേസ് ടെലിസ്കോപ് ഉപയോഗിച്ചേ കാണാൻ കഴിയൂ.
കഴിഞ്ഞ രണ്ടു ദിവസമായി ദോഹയിലെ ആസ്ട്രോ ഫോട്ടോഗ്രാഫറായ കന്യാകുമാരി സ്വദേശി അജിത് എവറസ്റ്റർ ശനിക്കും ഭൂമിക്കും ഇടയിലെ ഈ സൗഹൃദ കാഴ്ചകൾക്കു പിന്നിലായിരുന്നു. ഞായറാഴ്ച രാത്രിയിലും ദൃശ്യം ഏറ്റവും കൂടുതൽ വ്യക്തമായി കണ്ട തിങ്കളാഴ്ച രാത്രിയിലും അദ്ദേഹം ചിത്രങ്ങൾ പകർത്തി.
ജപ്പാൻ കമ്പനിയിൽ സേഫ്റ്റി മാനേജറായി ജോലി ചെയ്യുന്ന അജിത് എവറസ്റ്റർ വുഖയ്റിലെ വീട്ടിനു മുകളിൽ ഒരുക്കിയ വാനനിരീക്ഷണ യൂനിറ്റിലൂടെ തിങ്കളാഴ്ച രാത്രിയിൽ അദ്ദേഹത്തിൻെറ ഒരുപിടി സുഹൃത്തുക്കളും ഈ സൗരയൂഥ സൗഹൃദത്തിന് സാക്ഷിയാവാനെത്തി.
സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങൾക്കും ഇങ്ങനെ ഒരു ദിവസമുണ്ടാവും. ഇനി രണ്ടാഴ്ചകൾക്കകം വ്യാഴമാണ് ഭൂമിക്കരികിലെത്തുന്നത് -അജിത് എവറസ്റ്റർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. 100 കോടി കിലോമീറ്ററാണ് ഇരുഗ്രഹങ്ങളും തമ്മിലെ അകലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.