ദോഹ: ഖത്തറിൽ വിവിധ സ്ഥാപനങ്ങളും പ്രവേശനത്തിന് ഇഹ്തിറാസ് ആപ്പ് നിർബന്ധമാക്കുന്നു. ആപ്പ് ഫോണിൽ ഇല്ലാത്തവർക്ക് പ്രവേശനം അനുവദിക്കാത്ത നടപടികളിലേക്ക് നീങ്ങുകയാണ് വിവിധ സ്ഥാപനങ്ങൾ. സിദ്റ മെഡിസിൻ സന്ദർശിക്കുന്നവർക്ക് ഇഹ്തിറാസ് ആപ്പ് ഇതിനകം നിർബന്ധമാക്കി. കോവിഡ്–19 പശ്ചാത്തലത്തിൽ രോഗികളുടെയും കുടുംബങ്ങളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് ആപ്പ് നിർബന്ധമാക്കിയത്. ഇതിെൻറ ഭാഗമായി സിദ്റ മെഡിസിനിലെത്തുന്ന രോഗികളുടെ കൂടെയുള്ളവർക്കും രക്ഷാധികാരികൾക്കും സന്ദർശകർക്കും പ്രാരംഭ സ്ക്രീനിംഗ് നിർബന്ധമാക്കിയിട്ടുണ്ട്. ശരീരോഷ്മാവ് പരിശോധന, കോവിഡുമായി ബന്ധപ്പെട്ട ചോദ്യാവലിക്ക് ഉത്തരം നൽകുക, ഇഹ്തിറാസ് ആപ്പിലെ ആരോഗ്യ നില കാണിക്കുക എന്നീ നടപടികൾക്ക് ശേഷമേ അകത്തേക്ക് പ്രവേശിപ്പിക്കൂ.
രോഗികളുടെ കൂടെ താമസിക്കുന്ന ആളുകളെ കോവിഡ്–19 പരിശോധനക്ക് വിധേയമാക്കും. സ്ത്രീകളായ രോഗികളുടെ കൂടെ ഒരാൾക്കും കുട്ടികളുടെ കൂടെ രണ്ട് പേർക്കും മാത്രമാണ് പ്രവേശനം. രോഗികളുടെയും കുടുംബങ്ങളുടെയും ആശുപത്രി ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും സിദ്റ മെഡിസിൻ അറിയിച്ചു. ഫോൺ ഉപയോക്താവിന് കോവിഡ് രോഗം സംബന്ധിച്ച് ജാഗ്രതാ മുന്നറിയിപ്പ് ലഭിക്കുമെന്നതാണ് കോവിഡിൻെറ മേൻമ. ബ്ലൂടൂത്ത് സാങ്കേതിക വിദ്യയാണ് ഇഹ്തിറാസിൽ ഉപയോഗിക്കുന്നത്. നമ്മുടെ ഒന്നര മീറ്റർ അടുത്തുകൂടി കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഒരു കോവിഡ് രോഗി കടന്നുപോയിട്ടുണ്ടെങ്കിൽ ഇത് സംബന്ധിച്ച ജാഗ്രതനിർദേശം ആപ്പിലൂടെ ലഭിക്കും. കോവിഡ് പോസിറ്റീവായ രോഗി ഏതെങ്കിലും ആശുപത്രിയിൽ ചികിൽസക്കായി എത്തുന്നതോടെയാണിത്. ഉടൻ തന്നെ അയാളുടെ അടുത്തുകൂടി ഈ ദിനങ്ങളിൽ കടന്നുപോയ എല്ലാവർക്കും ജാഗ്രതാനിർദേശം ലഭിക്കും.
അയാളുടെ ആപ്പിലെ ബാർകോഡിൻെറ നിറം ചുവപ്പാവുകയും ചെയ്യും. മറ്റുള്ളവരുടെ ആപ്പിലും നിറ വ്യത്യാസം വന്നിരിക്കും. ഗ്രേ ആണ് ഒരാൾക്ക് കിട്ടുന്നതെങ്കിൽ നമ്മുടെ അടുത്തുകൂടി പോയ ഏതോ ഒരാൾ കോവിഡ് പോസിറ്റീവ് ആണ് എന്നാണർഥം. ഇതോടെ നമുക്ക് ജാഗ്രത പാലിച്ച് പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയാം. വീട്ടിലുള്ളവർക്കടക്കം രോഗം നമ്മളാൽ പകരില്ലെന്ന് ഇതിലൂടെ ഉറപ്പിക്കാം. അതേസമയം ചുവപ്പ് ആണ് കളറെങ്കിൽ നമ്മളെ ആരോഗ്യപ്രവർത്തകർ ചികിൽസാകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും, നമ്മളും പോസിറ്റീവ് ആയി എന്നർഥം. ഓറഞ്ച് നിറം ആണെങ്കിൽ നമ്മൾ സമ്പർക്കവിലക്കിലേക്ക് മാറും. ആപ്പിലൂടെ ജനങ്ങളുെട സ്വകാര്യവിവരങ്ങൾ ശേഖരിക്കുന്നില്ലെന്നും സ്വകാര്യതയെ ഹനിക്കുന്നില്ലെന്നും അധികൃതർ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.