ദോഹ: ലുലു ഹൈപ്പമാർക്കറ്റിന്റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) ഭാഗമായ ‘ഷോപ് ആൻഡ് ഡൊണേറ്റ് കാമ്പയിൻ’ തുടർച്ചയായ അഞ്ചാം വർഷത്തിലും വിജയകരമായി പൂർത്തിയാക്കി. സ്തനാർബുദ ബോധവത്കരണം ലക്ഷ്യമിട്ട് നടത്തിയ ‘ഷോപ് ആൻഡ് ഡൊണേറ്റ്’ കാമ്പയിനിലൂടെ സമാഹരിച്ച 1.25 ലക്ഷം റിയാൽ ഖത്തർ കാൻസർ സൊസൈറ്റിക്ക് (ക്യു.സി.എസ്) കൈമാറി. കാമ്പയിൻ കാലയളവിൽ തിരഞ്ഞെടുത്ത ഉൽപന്നങ്ങളുടെ വിൽപനയിലൂടെ സമാഹരിച്ച തുകയാണ് ഖത്തറിലെ അർബുദ പ്രതിരോധ-ചികിത്സാ പോരാട്ടത്തിലെ ശ്രദ്ധേയ സംഘമായ കാൻസർ സൊസൈറ്റിക്ക് കൈമാറിയത്.
ദോഹയിൽ നടന്ന ചടങ്ങിൽ ലുലു ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ എം.ഒ. ഷൈജാൻ ഖത്തർ കാൻസർ സൊസൈറ്റി ജനറൽ മാനേജർ മുന അഷ്കനാനിക്ക് ചെക്ക് നൽകി. സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് സാമൂഹിക പ്രതിബദ്ധത ഉയർത്തിക്കാട്ടി ലുലു നൽകുന്ന പിന്തുണക്ക് മുന അഷ്കനാനി നന്ദി അറിയിച്ചു.
അർബുദത്തിനെതിരെ ബോധവത്കരണം നൽകുക, നേരത്തേതന്നെ രോഗം തിരിച്ചറിയുന്നതിന്റെയും ചികിത്സ ഉറപ്പാക്കുന്നതിന്റെയും ആവശ്യകത പൊതുസമൂഹത്തിലെത്തിക്കുക എന്നീ സന്ദേശങ്ങളുമായാണ് ലുലു ഗ്രൂപ് ഖത്തർ കാൻസർ സൊസൈറ്റിയുമായി പങ്കുചേർന്നത്.
സാമ്പത്തിക പിന്തുണക്ക് പുറമെ, ആരോഗ്യകരമായ ഭക്ഷണരീതികളും രോഗപ്രതിരോധവും സംബന്ധിച്ച് പൊതുസമൂഹത്തിൽ ബോധവത്കരണവുമായും ലുലു ഗ്രൂപ് രംഗത്തുണ്ട്. അർബുദത്തെ ചെറുക്കുന്നതിന് സഹായിക്കുന്ന ഭക്ഷണ പാചകരീതികൾ ഉപഭോക്താക്കളിലേക്ക് പകരുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പാചക പരിപാടി ഈ മേഖലയിൽ ശ്രദ്ധേയമായിരുന്നു. ചെറുകിട വിൽപന മേഖലയിൽ തന്നെ ആദ്യ സംരംഭവുമായിരുന്നു ഇത്.
അർബുദ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ലുലുവിന്റെ സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രോഗ്രാമിൽ പ്രഥമ പരിഗണനയുള്ള പദ്ധതികളാണെന്ന് എം.ഒ. ഷൈജാൻ പറഞ്ഞു. ആരോഗ്യമുള്ള സമൂഹത്തെ കെട്ടിപ്പടുക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി ലുലു ഗ്രൂപ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ക്യു.സി.എസുമായുള്ള ലുലു ഗ്രൂപ്പിന്റെ പങ്കാളിത്തത്തിനും ഷോപ്പ് ആൻഡ് ഡൊണേറ്റ് വഴിയുള്ള സാമ്പത്തിക പിന്തുണക്കും മുന അഷ്കനാനി നന്ദി പറഞ്ഞു. ബോധവത്കരണം, രോഗികൾക്കുള്ള ചികിത്സ തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ചൂണ്ടിക്കാണിച്ച അവർ, ഖത്തരി സമൂഹവുമായുള്ള ലുലു ഗ്രൂപ്പിന്റെ ഉത്തരവാദിത്തത്തിന്റെ പ്രതിഫലനമാണെന്നും വ്യക്തമാക്കി.
അർബുദത്തിനെതിരായ ബോധവത്കരണ പ്രവർത്തനങ്ങളിലും രോഗികൾക്ക് ആവശ്യമായ ചികിത്സ നൽകുന്നതിലും സമൂഹത്തിലെ മുഴുവൻ സ്ഥാപനങ്ങളും പങ്കുചേരണമെന്നും അവർ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.