പെരുന്നാൾ ആഘോഷ ഭാഗമായ ഖത്തർ ടൂറിസം പോസ്റ്റർ

ഈദ് ആഘോഷം കോർണിഷിൽ; പെരുന്നാൾ ആഘോഷമാക്കാൻ ഖത്തർ ടൂറിസം വകുപ്പ്

ദോഹ: കോവിഡിന്‍റെ എല്ലാ ദുരിതകാലങ്ങളിൽനിന്നുമുള്ള മോചനമായി പെരുന്നാളിനെ ആഘോഷമാക്കാൻ ഖത്തർ ടൂറിസമൊരുങ്ങുന്നു. മേയ് മൂന്ന് മുതൽ അഞ്ചുവരെ മൂന്ന് ദിവസം ദോഹ കോർണിഷിലെ സായാഹ്നങ്ങൾ സമീപകാലത്തെ ഏറ്റവും വലിയ ആഘോഷങ്ങളുടെ വേദിയായിമാറും. ദിവസവും വൈകീട്ട് നാല് മുതൽ രാത്രി 11വരെയാവും വിവിധ പരിപാടികൾ. മാർച്ചിങ് ബാൻഡോടുകൂടിയ ഭീമാകാരമായ ബലൂൺ പരേഡാവും ആഘോഷങ്ങളുടെ മുഖ്യ ആകർഷണം.

പശ്ചിമേഷ്യയിലെതന്നെ ഏറ്റവും വലിയ ബലൂൺ പരേഡിനാവും ഈദ് ആഘോഷവേദി സാക്ഷിയാവുകയെന്ന് ഖത്തർ ടൂറിസം അറിയിച്ചു. സ്റ്റേജ് പരിപാടികൾ, കാർണിവൽ ഗെയിംസ്, ഫുഡ് ട്രക്സ്, വെടിക്കെട്ട് തുടങ്ങിയ പരിപാടികളും ആഘോഷങ്ങളെ ആകർഷകമാക്കും. ദിവസവും രാത്രി ഒമ്പതോടെയാണ് ദോഹയുടെ ആകാശത്ത് വർണപ്പൂരമൊരുക്കി വെടിക്കെട്ട് നടക്കുക. ആഭ്യന്തര മന്ത്രാലയം, അശ്ഗാൽ എന്നിവരുമായി സഹകരിച്ചാണ് ഖത്തർ ടൂറിസം ഈദ് ആഘോഷം നടത്തുന്നത്. മൂന്ന് ദിവസങ്ങളിലും രാത്രി 7.30ന് സ്വദേശികളും വിദേശികളും ഉൾപ്പെടെ ഗായകസംഘത്തിന്‍റെ സംഗീത പരിപാടികൾക്കും വേദിയാവും.

മൂന്നുദിനം ഗതാഗതവിലക്ക്

ആഘോഷസമയത്ത് കോർണിഷ് പൂർണമായും കാൽനടയാത്രക്കാർക്ക് മാത്രമായിമാറും. മേയ് മൂന്നിന് രാവിലെ മുതൽ വ്യാഴാഴ്ച രാത്രിവരെ കോർണിഷിലൂടെ ഗതാഗതത്തിന് വിലക്കേർപ്പെടുത്തും. ആറാം തീയതി രാവിലെ മാത്രമേ മേഖലയിലെ ഗതാഗതം പുനഃസ്ഥാപിക്കൂവെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഷർഖ് ഇന്‍റർസെക്ഷൻ മുതൽ ഷെറാട്ടൺ ഇന്‍റർസെക്ഷൻ വരെയും ഷെറാട്ടൺ ഇൻറസെക്ഷൻ മുതൽ പോർട്ട് ഇന്‍റർസെക്ഷൻ വരെയും റോഡുകൾ അടച്ചിടും. അൽഫർദാൻ, അൽ ജസറ, അൽ മർമാർ, അൽ ദിവാൻ, അൽ മഹ, സിവിൽ ഡിഫൻസ്, ബർസാൻ ഉൾപ്പെടെ ദോഹ കോർണിഷിലേക്കുള്ള മറ്റ് ഇന്‍റർസെക്ഷനുകളും അടച്ചിടും.

അതേസമയം, പൊതുജനങ്ങൾക്ക് കോർണിഷിലെത്താൻ ബദൽ യാത്രാമാർഗങ്ങൾ ഒരുക്കും. ഏഴു മെട്രോ സ്റ്റേഷനുകൾ വഴിയും യാത്രക്കാർക്ക് എത്താം. അൽ ബിദ്ദ, ദോഹ കോർണിഷ്, വെസ്റ്റ് ബേ മെട്രോകളിൽ ഇറങ്ങി നേരിട്ട് ഇവിടെയെത്താൻ കഴിയും. എജുക്കേഷൻ സിറ്റി, അൽ-ഖസ്സർ, അൽ-വക്ര തുടങ്ങിയ മെട്രോ സ്റ്റേഷനുകൾക്ക് സമീപം പാർക്ക് ആൻഡ് റൈഡ് സൗകര്യങ്ങളും ഉണ്ടായിരിക്കും. ഗതാഗതനിയന്ത്രണം പ്രഖ്യാപിക്കുന്ന ദിനങ്ങളിൽ പൊതുജനങ്ങൾ ട്രാഫിക് സംവിധാനങ്ങളുമായി സഹകരിക്കണമെന്നും ബദൽ യാത്രാമാർഗങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അധികൃതർ അഭ്യർഥിച്ചു. എ റിങ് റോഡുകൾ, ഇസ്തിഖ്ലാൽ റോഡ് എന്നിവ ഉപയോഗപ്പെടുത്താം. പൊതുജനങ്ങൾക്ക് എത്തിച്ചേരുന്നതിനായി അശ്ഗാൽ 17 പുതിയ ബസ് സ്റ്റോപ്പുകളും അനുവദിക്കും. കോർണിഷ് ഷട്ട്ല ബസ് റൂട്ടിൽ 25 ബസ് സ്റ്റോപ്പുകളുമുണ്ടാവും. ഏറ്റവും സുരക്ഷിതവും ലളിതവുമായ യാത്രാസംവിധാനങ്ങൾകൂടി ഒരുക്കിയാണ് കോവിഡാനന്തരമുള്ള വലിയ ആഘോഷത്തിന് ഒരുങ്ങുന്നത്.

ഈദ് അവധി മേയ് ഒന്നു മുതൽ ഒമ്പതുവരെ

ദോഹ: ഈദുൽ ഫിത്ർ പ്രമാണിച്ച് രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കും മേയ് ഒന്ന് മുതൽ ഒമ്പതുവരെ അവധിയായിരിക്കുമെന്ന് അമിരി ദിവാൻ അറിയിച്ചു. പെരുന്നാൾ അവധിയും കഴിഞ്ഞ് മേയ് 10നായിരിക്കും പ്രവൃത്തിദിനം. രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും ഈദ് അവധി സംബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിക്കും.

Tags:    
News Summary - Eid celebration at Corniche; Qatar Tourism Department to celebrate Eid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.