ദോഹ: പകൽസമയങ്ങളിലെ പൊള്ളുന്ന ചൂടിനിടയിൽ സ്വദേശികളുടെയും വിദേശികളുടെയും പെരുന്നാളാഘോഷങ്ങൾക്ക് വേദിയായി കതാറ കൾചറൽ വില്ലേജ്. പെരുന്നാൾ അവധിയുടെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് കതാറ കൾചറൽ വില്ലേജിൽ ഒരുക്കിയത്. കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വാദ്യകരമാകുന്ന വിധത്തിലായിരുന്നു വിവിധ പരിപാടികൾ. വില്ലേജിലേക്ക് പ്രവേശിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകിയായിരുന്നു സ്വീകരണം. സ്വദേശികളും വിവിധ രാജ്യക്കാരായ പ്രവാസികളുമെല്ലാം കഴിഞ്ഞ രണ്ടു ദിനങ്ങളിലും കുടുംബസമേതം കതാറയിലെത്തി. കളറിങ് ശിൽപശാല, ഫെയ്സ് പെയിന്റിങ്, കാൻവാസ് പെയിന്റിങ്, ബലൂൺ ചമയങ്ങൾ, സെറാമിക് പെയിന്റിങ്, കാർട്ടൂൺ കഥാപാത്രങ്ങളുടെ പ്രദർശനം എന്നിവയായിരുന്നു കുട്ടികൾക്ക് ഏറെ ആകർഷകമായത്.
അൽ തുറായ പ്ലാനറ്റേറിയത്തിൽ വിനോദ-പഠന ഫിലിം പ്രദർശനം ഒരുക്കി. ത്രീഡി ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങളോടെയാണ് വിവിധ പ്രദർശനങ്ങൾ ഇവിടെ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വൻ തിരക്കും അനുഭവപ്പെട്ടു.
ബീച്ചിലും രണ്ടു ദിനങ്ങളിൽ സന്ദർശകർ സജീവമായി. കുട്ടികൾക്കും കുടുംബങ്ങൾക്കും വിവിധ വിനോദപരിപാടികൾ ഒരുക്കിയാണ് കതാറ ബീച്ച് പെരുന്നാൾ സന്ദർശകരെ സ്വാഗതം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.