ദോഹ: പുതുവർഷപ്പിറവിയുടെ തണുപ്പിനൊപ്പം ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് തെരഞ്ഞെടുപ്പ് ചൂടിന്റെ ഒരു മാസക്കാലം. ഇന്ത്യൻ എംബസി അനുബന്ധ സംഘടനകളായ ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്യുണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) സംഘടനകളിലേക്കുള്ള തെരഞ്ഞെടുപ്പ് 2025 ജനുവരി 31ന് നടക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ടാലെയാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചുകൊണ്ട് നോട്ടീസ് പുറത്തിറക്കിയത്.
ഓൺലൈൻ വഴിയാണ് തെരഞ്ഞെടുപ്പ്. രാവിലെ ഒമ്പതിന് തുടങ്ങി ആറു മണിവരെ നീളുന്ന വോട്ടെടുപ്പ് പൂർത്തിയാവുന്നതോടെ ഫലപ്രഖ്യാപനവും നടക്കും. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 17 വൈകുന്നേരം അഞ്ചു മണിയാണ്. തുടർന്ന് ജനുവരി 18ന് അഞ്ചു മണിക്ക് മത്സരിക്കാൻ യോഗ്യരായ സ്ഥാനാർഥികളുടെ പേര് എംബസി പ്രസിദ്ധീകരിക്കും. ജനുവരി 23ന് അഞ്ചുമണിവരെ പത്രിക പിൻവലിക്കാം. അടുത്ത ദിവസം തന്നെ അന്തിമ സ്ഥാനാർഥി പട്ടികയും പ്രസിദ്ധീകരിക്കും.
മൂന്ന് സംഘടനകളുടെയും പ്രസിഡന്റ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിൽ ഏറെ സ്വാധീനമുള്ള എംബസി അനുബന്ധ സംഘടനകൾ എന്ന നിലയിൽ ഭാരവാഹി സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ഏറെ ആവേശം നിറഞ്ഞതാണ്. 2023 ഡിസംബർ 31ന് മുമ്പ് അംഗത്വമുള്ളവർക്കായിരിക്കും വോട്ടവകാശമുണ്ടാവുക.
വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ ആഗ്രഹിക്കുന്നവർ എംബസിയിൽനിന്നും നാമനിർദേശ പത്രികയുടെ ഫോം സ്വീകരിച്ച്, ആവശ്യമായ രേഖകൾ സഹിതം പൂരിപ്പിച്ച് ജനുവരി 17ന് അഞ്ചു മണിക്ക് മുമ്പ് സമർപ്പിക്കണമെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനുള്ളിൽ വിവിധ സാസ്കാരിക പരിപാടികളുമായി സജീവമായ ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി) 1992ലാണ് രൂപവത്കരിക്കുന്നത്. എ.പി. മണികണ്ഠനാണ് നിലവിലെ പ്രസിഡന്റ്.
ജീവകാരുണ്യ-സാമൂഹ്യക്ഷേമ മേഖലയിൽ 40 വർഷത്തെ സേവനം പൂർത്തിയാക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) പ്രസിഡന്റ് ഷാനവാസ് ബാവയും, കായിക വിഭാഗമായ ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാനുമാണ്. 2023ലെ തെരഞ്ഞെടുപ്പിലാണ് നിലവിലെ സമിതി അധികാരത്തിൽ വന്നത്. രണ്ടു വർഷമാണ് ഒരു ഭരണസമിതിയുടെ കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.