ദോഹ: പുതുവർഷപ്പിറവിയോടനുബന്ധിച്ച് ലുസൈൽ ബൊളെവാഡിൽ തീർത്ത വെടിക്കെട്ടിന് ഗിന്നസ് വേൾഡ് റെക്കോഡിന്റെ തിളക്കം.
ഏറ്റവും കൂടുതൽ ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്ത് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചതിനുള്ള റെക്കോഡാണ് ലുസൈലിലെ പുതുവർഷാഘോഷത്തിന്റെ സംഘാടകരായ പൈറോ ഇമോഷൻസ് ലിമിറ്റഡ്, ഖത്തരി ദിയാർ, സൂം ഡിസൈൻ എന്നിവരെ തേടിയെത്തിയത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഗിന്നസ് അധികൃതരിൽനിന്നും റെക്കോഡിനുള്ള സാക്ഷ്യപത്രവും പുരസ്കാരവും അധികൃതർ ഏറ്റുവാങ്ങി.
3865 ഡ്രോണുകൾ ഉപയോഗിച്ചാണ് പുതുവർഷാഘോഷത്തിൽ ലുസൈലിൽ ആകാശ വെടിക്കെട്ട് ഒരുക്കിയത്. 3204 ഡ്രോണുകൾ എന്ന റെക്കോഡാണ് ഖത്തരി ദിയാറും പൈറോ ഇമോഷൻസും ചേർന്ന് മറികടന്നത്. ആകാശത്തേക്ക് പറന്നുയരുന്ന ഡ്രോണുകള്‍ മിന്നിത്തിളങ്ങുന്ന കാഴ്ചക്കൊപ്പം വെടിക്കെട്ടും സമ്മാനിച്ചതായിരുന്നു ഇത്തവണത്തെ സവിശേഷത.
ഒന്നര കിലോമീറ്ററോളം വരുന്ന ലുസൈല്‍ ബൊളെവാഡിൽ മുഴുവന്‍ ആകാശക്കാഴ്ചകള്‍ നിറച്ചാണ് വെടിക്കെട്ട് സജ്ജീകരിച്ചിരുന്നത്. മൂന്ന് ലക്ഷം പേര് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലുസൈല്‍ നഗരത്തിലെത്തിയെന്നാണ് കണക്ക്. വെടിക്കെട്ടിനൊപ്പം ഡ്രോണ്‍ ഷോ, ലേസര്‍ ഷോ, ഡിജെ, സ്റ്റേജ് ഷോകള്‍ എന്നിവയും ആഘോഷങ്ങള്‍ക്ക് നിറം പകര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.