ദോഹ: കാലാവസ്ഥ വ്യതിയാനം എന്ന ഭീഷണി നേരിടുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് വാഹനങ്ങളുടെ പ്രാധാന്യം വർധിച്ചുവരുന്നതായി ഖത്തർ വേദിയായ സാമ്പത്തിക ഫോറം. സുസ്ഥിര ഗതാഗതത്തിലേക്ക് ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോൾ ഇലക്ട്രോണിക് വാഹനങ്ങളുടെ പ്രസക്തി വർധിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചു.
‘ഹരിത ഭാവിയിലേക്കുള്ള വഴി’ എന്ന തലക്കെട്ടിൽ നടന്ന പാനൽ ചർച്ചയിൽ വിൻഗ്രൂപ് ജെ.എസ്.സി വൈസ് ചെയർപേഴ്സനും വിൻഫാസ്റ്റ് സി.ഇ.ഒയുമായ ലെ തി തു തുയ്, ഇലക്ട്രോണിക് വാഹനങ്ങളുടെ വിപണി സാധ്യത വളരെ കൂടുതലാണെന്നും ഇനി പിറകോട്ട് മടങ്ങാൻ സാധിക്കില്ലെന്നും വ്യക്തമാക്കി. ബ്ലൂംബെർഗ് ടെലിവിഷൻ അവതാരകയായ ഹസ്ലിൻഡ അമിൻ ചർച്ചയിൽ മോഡറേറ്ററായിരുന്നു.
ഇലക്ട്രോണിക് വാഹനങ്ങളുടെ ഭാവി ശോഭനമായിരിക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്നും താങ്ങാവുന്ന വിലയിൽ ഇലക്ട്രോണിക് വാഹനങ്ങളുള്ള കമ്പനികൾ കുറവാണെന്നും വിപണി മുന്നോട്ടുകൊണ്ടുപോകുന്നതിലെ ധനസഹായം നിർണായകമാണെന്നും ലെ തി തു തുയ് പറഞ്ഞു.
അന്താരാഷ്ട്ര ഓട്ടോമൊബൈൽ വിപണിയിൽ വൈവിധ്യവത്കരണം കൊണ്ട് ശ്രദ്ധേയമാകുകയും ഇലക്ട്രോണിക് ഓട്ടോമൊബൈൽസ്, ഇലക്ട്രോണിക് സ്കൂട്ടറുകൾ തുടങ്ങിയവയുടെ നിർമാണം ആരംഭിക്കുകയുംചെയ്ത ആദ്യ വിയറ്റ്നാമീസ് വാഹന നിർമാതാക്കളാണ് വിൻഫാസ്റ്റ്.
പരമ്പരാഗത കാറുകളെ അപേക്ഷിച്ച് ഇ.വി ഉൽപാദനത്തിൽ ആറിരട്ടി ധാതുക്കളുടെ ആവശ്യകതയുണ്ടെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹെസ്ലിൻഡ അമിൻ പറഞ്ഞു. മൂന്നു വർഷം മുമ്പാണ് ഇലക്ട്രോണിക് വാഹന നിർമാണ രംഗത്തേക്ക് വിൻഫാസ്റ്റ് യാത്ര ആരംഭിച്ചതെന്ന് തു തുയ് പറഞ്ഞു.
നിലവിലെ ഇലക്ട്രോണിക് വാഹനങ്ങൾ 300 മുതൽ 400 കിലോമീറ്റർ വരെ ദൂരപരിധി സുഖകരമായി വാഗ്ദാനം ചെയ്യുന്നുവെന്നും, അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇ.വികൾക്ക് 800 മുതൽ 1000 വരെ കിലോമീറ്റർ റേഞ്ച് നേടാനാകുമെന്നും, ബാറ്ററി സാങ്കേതികവിദ്യയിൽ കൂടുതൽ ആശ്രയിക്കണമെന്നും അവർ വ്യക്തമാക്കി. ബാറ്ററി സാങ്കേതികവിദ്യ പുരോഗമിക്കുമ്പോൾ ഊർജസാന്ദ്രത മെച്ചപ്പെടുത്തുകയും ബാറ്ററിയുടെ പ്രകടനം മെച്ചപ്പെടുകയും ചെയ്യുന്നു -അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.