ദോഹ: പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളുടെ ഭാഗമായി നിരത്തിലിറക്കുന്ന ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജറുകൾ രാജ്യത്തു തന്നെ നിർമിക്കും. ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് (അശ്ഗാൽ) അധികൃതരും ഇലക്ട്രിക്കൽ ഉൽപന്ന നിർമാതാക്കളായ 'എ.ബി.ബി' ഖത്തറും കരാറിൽ ഒപ്പുവെച്ചു. വൈദ്യുതി കാർ, ബസുകൾക്കുള്ള ചാർജറുകൾ ഇവർ ഖത്തറിലെ ഫാക്ടറിയിൽ വെച്ചു തന്നെ നിർമിച്ചു നൽകും. മധ്യേഷ്യയിൽ തന്നെ ആദ്യ ഇലക്ട്രിക് വെഹിക്കിൾ ചാർജർ നിർമാണ കേന്ദ്രമാണിത്.
രാജ്യത്തെ പൊതുഗതാഗത സംവിധാനം വൈദ്യുതീകരിച്ച്, പരിസ്ഥിതി സൗഹൃദമാക്കാനുള്ള ബൃഹത്പദ്ധതിക്കാണ് ഗതാഗത മന്ത്രാലയം പദ്ധതിയിടുന്നത്.
2022 ലോകകപ്പോടെ രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങളിൽ 25 ശതമാനവും വൈദ്യുതീകരിക്കാനാണ് അധികൃതരുടെ നീക്കം. കാറും, ബസും ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങളുടെ യാത്രക്ക് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി ചാർജിങ് പോയൻറുകൾ തയാറാക്കുന്നുണ്ട്. അശ്ഗാലിനു കീഴിൽ 653 ഇലക്ട്രിക് ചാർജിങ് പോയൻറുകളും 41 ചാർജിങ് കേന്ദ്രങ്ങളിലെ 713 ഇൻവർട്ടർ യൂനിറ്റുകളും സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ദോഹയിലും മറ്റു കേന്ദ്രങ്ങളിലുമായാണ് ചാർജിങ് പോയൻറുകൾ സ്ഥാപിക്കുന്നത്.
ബസ് സ്റ്റേഷനുകളുടെയും ബസ് ഡിപ്പോകളുടെയും നിർമാണത്തിനായി 240 കോടി റിയാലിെൻറ 14 പുതിയ കരാറുകളാണ് അശ്ഗാൽ ഒപ്പുവെച്ചത്. എട്ടു കേന്ദ്രങ്ങളിലായി അശ്ഗാൽ ബിൽഡിങ് േപ്രാജക്ടിനു കീഴിൽ പുതിയ ബസ് സ്റ്റേഷനുകൾ നിർമിക്കും. വെസ്റ്റ് ബേ, മുശൈരിബ്, ഇൻഡസ്ട്രിയൽ ഏരിയ, അൽ സൗദാൻ, അൽ ഖറാഫ, എജുക്കേഷൻ സിറ്റി, അൽ വക്റ, ലുസൈൽ എന്നിവിടങ്ങളിൽ ഒരേ സമയം 25 ബസുകൾക്ക് പാർക്ക് ചെയ്യാനാവുന്ന വിധത്തിലാണ് പുതിയ സ്റ്റേഷനുകൾ പണിയുന്നത്.
ലുസൈൽ, അൽ റയ്യാൻ, ഇൻഡസ്ട്രിയൽ ഏരിയ, അൽ വക്റ എന്നിവിടങ്ങളിൽ 1.29 ലക്ഷം മുതൽ 1.90 ലക്ഷം ചതുരശ്ര മീറ്റർ വിശാലതയിൽ ബസ് ഡിപ്പോകളും നിർമിക്കും. പ്രധാന പാതകളിലായി 2700 ബസ് സ്റ്റോപ്പുകളാണ് അശ്ഗാൽ ഒരുക്കുന്നത്. ശീതീകരിച്ച കാത്തിരിപ്പ് കാബിൻ ഉൾപ്പെടെയുള്ള സംവിധാനത്തോടെയാവും ഇവയുടെ നിർമാണമെന്ന് അധികൃതർ അറിയിച്ചു. ചൂടിലും ഹുമിഡിറ്റിയിലും പ്രയാസങ്ങളില്ലാതെ തന്നെ ആയിരങ്ങൾക്ക് യാത്ര ചെയ്യാനുള്ള സംവിധാനം ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.