ദോഹ: ഖത്തർ ടൂറിസം ആരംഭിച്ച ‘ഫീൽ വിന്റർ ഇൻ ഖത്തർ’ കാമ്പയിന്റെ ഭാഗമായി, ഈ തണുപ്പുകാലത്ത് ഖത്തറിൽ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ വേറിട്ടതും വ്യത്യസ്തമായതുമായ നിരവധി ആഘോഷങ്ങളാണ് അരങ്ങേറുന്നത്.
ബലൂൺ ഫെസ്റ്റിവലോടെ ആരംഭിച്ച ആഘോഷങ്ങൾക്ക് റമദാൻ ബസാറോടെ സമാപനമാകും. മൂന്നു മാസത്തിനിടെ, ഡസനോളം വൈവിധ്യമാർന്ന പരിപാടികളാണ് ഖത്തർ ടൂറിസം അണിയിച്ചൊരുക്കുന്നത്.
കുടുംബവുമൊത്ത് ആസ്വദിക്കാൻ അനുയോജ്യമായ പരിപാടികളാണേറെയും. വരും മാസങ്ങളിൽ നടക്കുന്ന ആവേശകരമായ ആഘോഷങ്ങൾ ഇവയൊക്കെയാണ്...
ലോകപ്രശസ്തമായ ഡിസ്നി പ്രിൻസസ് - ദി കൺസേർട്ട് ടു ദോഹ ജനുവരി 26 മുതൽ 28 വരെ മൂന്ന് രാത്രികളിലായി കതാറ ആംഫി തിയറ്ററിൽ നടക്കും. ഡിസ്നി കൺസേർട്ട്സ്, ബ്രോഡ്വേ എന്റർടെയിൻമെന്റ് ഗ്രൂപ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി. ബ്രോഡ്വേയുടെയും വെസ്റ്റ് എൻഡിന്റെയും പ്രശസ്ത കലാകാരന്മാർ അരങ്ങിലെത്തുന്നതോടൊപ്പം, ഖത്തർ ഫിലാർമോണിക് ഓർക്കസ്ട്രയുടെ തത്സമയ പ്രകടനവുമുണ്ടാകും.
ഖത്തർ ടൂറിസം ആവേശകരമായ വാട്ടർ സ്പോർട്ട് ലോകകപ്പ് ദോഹയിലെത്തിക്കുകയാണ്. ഫുവൈരിത് കൈറ്റ് ബീച്ചിൽ ജനുവരി 31 മുതൽ ഫെബ്രുവരി നാലുവരെ ഖത്തർ ജി.കെ.എ ഫ്രീസ്റ്റൈൽ കൈറ്റ് ലോകകപ്പ് നടക്കും.
നോമ്പ് തുറന്നതിനുശേഷമുള്ള നിങ്ങളുടെ സായാഹ്നങ്ങൾ, കുടുംബവുമൊത്ത് ഖത്തറിന് ചുറ്റിലുമുള്ള ഹൃദ്യമായ ആക്ടിവിറ്റികൾക്കൊപ്പം ചെലവഴിക്കാം. റമദാനിൽ ഖത്തർ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് രാജ്യത്തിന്റെ അതിശയകരമായ പാരമ്പര്യവും ആഘോഷങ്ങളും അറിയാനും റമദാൻ ബസാർ വഴിതുറക്കും. ഖത്തർ ടൂറിസമാണ് റമദാൻ ബസാറിനെ പ്രയോഗവത്കരിക്കുന്നത്.
10 ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ കണ്ണഞ്ചിപ്പിക്കും കാഴ്ചകളാണൊരുക്കുന്നത്. മനംമയക്കുന്ന സൂര്യോദയ ബലൂൺ ലോഞ്ചുകൾ, രാത്രിയിലെ ആകാശത്ത് വർണബലൂണുകൾ മിന്നിത്തിളങ്ങുന്ന ‘നൈറ്റ് ഗ്ലോ ഷോ’, ടെതർഡ് ലൈറ്റുകൾ, തത്സമയ വിനോദപരിപാടികൾ, രുചികരമായ ഭക്ഷ്യവിഭവങ്ങളുമായി ഫുഡ് കിയോസ്കുകൾ എന്നിവ ഫെസ്റ്റിവലിന്റെ സവിശേഷതകളാണ്.
സൂര്യൻ ഉദിച്ചുതുടങ്ങുമ്പോൾ ഹോട്ട് എയർ ബലൂണുകൾ വാനിൽ പറക്കാൻ തുടങ്ങും. ബലൂണിൽ പറക്കണമെന്നാഗ്രഹിക്കുന്നവർക്ക് അതിനും സൗകര്യമുണ്ട്. വൈകുന്നേരങ്ങളിലെ ‘നൈറ്റ് ഗ്ലോ ഷോ’ വേറിട്ട അനുഭവങ്ങളൊരുക്കും. വൈവിധ്യമാർന്ന രൂപവും വർണവുമുള്ള 50 ബലൂണുകൾ അവരുടെ രാത്രിയെ പ്രഭാപൂരിതമാക്കും. ഡി.ജെ ഗായകരും മ്യൂസിക് ബാൻഡുകളും നർത്തകർ, മാജിക് ഷോകൾ, വയലിനിസ്റ്റുകൾ തുടങ്ങി ആസ്വാദനങ്ങളുടെ അതിരുകളില്ലാ കാഴ്ചകളൊരുക്കുകയാണ് ബലൂൺ ഫെസ്റ്റിവൽ.
ജനുവരി 26ന് ആരംഭിക്കുന്ന ഖത്തർ ലൈവ് സീസൺ മുഴുവൻ നീണ്ടുനിൽക്കും. 2022 ഫിഫ ലോകകപ്പിന്റെ വിജയകരമായ സംഘാടനത്തിനുശേഷം, ഖത്തർ ടൂറിസത്തിന്റെ ‘ഫീൽ വിന്റർ ഇൻ ഖത്തർ’ കാമ്പയിനിൽ പ്രമുഖ കലാകാരന്മാരുടെ അതിശയിപ്പിക്കുന്ന തത്സമയ പ്രകടനങ്ങളാണ്. പ്രമുഖ പ്രാദേശികതലത്തിലും മേഖലതലത്തിലും രാജ്യാന്തര തലത്തിലുമുള്ള നിരവധി കലാകാരന്മാരാണ് ലൈവ് പെർഫോർമൻസുകളൊരുക്കുന്നത്.
ലോക റാങ്കിങ്ങിലെ ആദ്യ പത്തു സ്ഥാനക്കാരിൽ ഒമ്പതുപേരും അണിനിരക്കുന്ന ഖത്തർ ടോട്ടൽ എനർജീസ് ഓപൺ ടെന്നിസ് ഇക്കുറി വീറുറ്റ കായികാനുഭവമാകും. ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ പോളണ്ടിന്റെ ഇഗ സ്വിയാതെക്കും രണ്ടാം നമ്പറുകാരിയായ തുനീഷ്യയുടെ ഒൻസ് ജാബീറും ഉൾപ്പെടെ റാക്കറ്റേന്തും. ഫെബ്രുവരി 13 മുതൽ 18 വരെ ഖലീഫ ഇന്റർനാഷനൽ ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിന്റെ ഔട്ട്ഡോർ ഹാർഡ് കോർട്ടാണ് ചാമ്പ്യൻഷിപ്പിന് വേദിയൊരുക്കുന്നത്.
ഫെബ്രുവരി 20 മുതൽ 25 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ. ആഡംബര വാച്ചുകൾ, നെക്ലേസുകൾ, മോതിരങ്ങൾ, കമ്മലുകൾ, വജ്രങ്ങൾ, സ്വർണം, വെള്ളി ആഭരണങ്ങൾ എന്നിവയുടെ കമനീയ ശേഖരം പ്രദർശനത്തിലുണ്ടാകും. 175 രാജ്യങ്ങളിൽ നിന്നുള്ള 500 പ്രമുഖ ബ്രാൻഡുകൾ പ്രദർശനത്തിൽ പങ്കെടുക്കും. 30,000 സന്ദർശകരെത്തുമെന്നാണ് കണക്ക്. ആഡംബരവും മനോഹാരിതയും സമന്വയിക്കുന്ന ആഭരണങ്ങളുടെയും അതിമനോഹരമായ കരകൗശല വൈഭവത്തിന്റെയും അതുല്യ പ്രദർശനമാണ് പ്രശസ്തമായ ഡി.ജെ.ഡബ്ല്യു.ഇ.
അൽ ഷഖാബ് ഖത്തറിലെ പരിപാടികൾ ആരംഭിക്കുന്നത് കുതിരയോട്ട ചാമ്പ്യൻഷിപ്പുകളോടെയാണ്. ഫെബ്രുവരി 23 - 25 തീയതികളിൽ നടക്കുന്ന ‘ഹയാകും അറ്റ് ഷഖാബ്’ ഇവന്റോടെ ആരംഭിക്കും.
ഫെബ്രുവരി 20 മുതൽ 25 വരെ ഖലീഫ ഇന്റർനാഷനൽ ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിലാണ് ചാമ്പ്യൻഷിപ്. 1993ലെ ആദ്യ പതിപ്പിനുശേഷം കായികരംഗത്തെ മുൻനിര കളിക്കാർ പതിവായി പങ്കെടുക്കുന്ന പേരുകേട്ട വാർഷിക പുരുഷ ടെന്നിസ് ടൂർണമെന്റായി ഖത്തർ എക്സോൺമൊബിൽ ഓപൺ മാറി. ലോകകപ്പ് ഫുട്ബാളിനുപിന്നാലെ, ഖത്തർ വേദിയൊരുക്കുന്ന പ്രമുഖ കായിക ഇവന്റ്, ഖത്തർ ടെന്നിസ് ഫെഡറേഷൻ ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ലോകമെമ്പാടുമുള്ള പ്രശസ്ത ടെന്നിസ് കളിക്കാർ ടൂർണമെന്റിൽ കളത്തിലിറങ്ങാൻ താൽപര്യം കാട്ടുന്നു.
ദോഹയിലെ പ്രമുഖ ഷോപ്പിങ് മാളുകളെ കേന്ദ്രീകരിച്ചാണ് ഷോപ് ഖത്തർ ഒരുങ്ങുന്നത്. ഖത്തറിന്റെ ഫാഷൻ, ലൈഫ്സ്റ്റൈൽ രംഗം ഉയർത്തിക്കാട്ടാനും ആതിഥ്യം പ്രദർശിപ്പിക്കാനും ലക്ഷ്യമിട്ടുള്ള വാർഷിക പരിപാടിയാണിത്. ഈ വർഷം മാർച്ച് ഒന്നുമുതൽ 18 വരെയാണ് ‘ഷോപ് ഖത്തർ’.
ഖത്തർ ടൂറിസത്തിന്റെ പ്രധാന സംരംഭങ്ങളിലൊന്നാണ് ഖത്തർ ഇന്റർനാഷനൽ ഫുഡ് ഫെസ്റ്റിവൽ (ക്യു.ഐ.എഫ്.എഫ്). മാർച്ച് ഒന്നുമുതൽ 11 വരെയാണ് ഇക്കുറി ഭക്ഷ്യമേള നടക്കുന്നത്. രാജ്യത്തിന്റെ വൈവിധ്യമാർന്ന ഭക്ഷണം, പാനീയങ്ങൾ തുടങ്ങിയവയുടെ മഹിമ ഉദ്ഘോഷിക്കുന്ന മേളയുടെ 12ാമത് പതിപ്പാണ് ഇക്കുറി അരങ്ങേറുന്നത്. പ്രകൃതിരമണീയമായ ഔട്ട്ഡോർ ലൊക്കേഷനുകളിലെ പാചക അനുഭവങ്ങൾ, ആഗോളതലത്തിൽ പ്രശസ്തരായ ഷെഫുകൾ, തത്സമയ പാചക ഷോകൾ, പാചക മത്സരങ്ങൾ തുടങ്ങിയവ ഭക്ഷ്യമേളയുടെ മുൻ പതിപ്പുകളിൽ ഏറെ ശ്രദ്ധ നേടിയവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.