ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയിലെ കമ്പനികളിലും സ്ഥാപനങ്ങളിലും സ്വദേശി പൗരന്മാർക്ക് ജോലി ഉറപ്പാക്കാനുള്ള നിർദേശം നിയമംമൂലം പ്രാബല്യത്തിലാകുമ്പോൾ തിരിച്ചടിയേൽക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്കാവും. അമീർ അംഗീകാരം നൽകിയ 2024ലെ 12ാം നമ്പർ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസം തികയുമ്പോൾ പ്രാബല്യത്തിൽ വരും.
ഇതോടെ തൊഴിൽ മന്ത്രാലയം നിർദേശിക്കപ്പെടുന്ന സ്ഥാപനങ്ങളിലും കമ്പനികളിലും വിവിധ തസ്തികകളിലെ ജോലികൾ സ്വദേശികൾക്കായി പരിമിതപ്പെടുത്തും. ഇതുസംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്നാണ് അറിയിച്ചത്. ഖത്തറിൽ തൊഴിൽ തേടിയെത്തിയ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാർക്ക് തന്നെയാകും തൊഴിൽ ദേശസാത്കരണവും തിരിച്ചടിയാവുക.
ഏറ്റവും ഒടുവിലെ കണക്കുപ്രകാരം എട്ടരലക്ഷം ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. അതിൽ നാലര ലക്ഷത്തോളം പേർ മലയാളികളാണ്. ഏറെയും സ്വകാര്യ മേഖലകളിൽ തൊഴിലെടുക്കുന്നവർ. സ്വദേശിവത്കരണം സ്വാഭാവികമായും കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ഉന്നത തസ്തികകളിലായിരിക്കും ആദ്യം നടപ്പാകുന്നത്. ഈ തൊഴിലുകളിൽ തദ്ദേശീയർ തിരഞ്ഞെടുക്കപ്പെടുമ്പോൾ വിദേശികൾക്ക് തൊഴിൽ നഷ്ടമായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.