ദോഹ: ഒന്നിച്ച് ജോലിചെയ്യുന്നവരും കൂടെ കളിക്കുന്നവരും സുഹൃത്തുക്കളുമായ ഫിലിപ്പിനോകൾക്ക് പ്രവാസമണ്ണിൽ വോട്ടെടുപ്പിന്‍റെ തിരക്കിലായപ്പോൾ, അൽപം അസൂയയും സങ്കടവും അടക്കിപ്പിടിച്ച് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികൾ ചോദിക്കുന്നു, ഇതുപോലെ ഞങ്ങളും എന്ന് വോട്ടുചെയ്യുമെന്ന്. നമ്മൾ ഇന്ത്യക്കാർക്ക് കാലങ്ങളായുള്ള മുറവിളിയാണ് പ്രവാസി വോട്ടവകാശം. എന്നാൽ, 2004 മുതൽ ഫിലിപ്പീൻസ് പ്രവാസികൾ തങ്ങളുടെ രാജ്യത്തെ ജനാധിപത്യ വോട്ടെടുപ്പിൽ അഭിമാനത്തോടെ പങ്കാളികളാവുന്നുണ്ട്. ഇന്ത്യക്കാർ കഴിഞ്ഞാൽ, ഖത്തറിലെ പ്രധാന പ്രവാസ വിഭാഗങ്ങളിൽ ഒന്നുകൂടിയാണ് ഫിലിപ്പിനോകൾ. അടുത്ത ആറു വർഷം ഭരിക്കേണ്ട ഫിലിപ്പീൻസ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെനറ്റർമാർ തുടങ്ങിയവരെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന്‍റെ തിരിക്കിലാണ് ഖത്തറിലെയും ഫിലിപ്പീൻസ് സമൂഹം. ഒരുമാസം നീണ്ടു നിൽക്കുന്ന വോട്ടെടുപ്പിന് കഴിഞ്ഞ ദിവസം തുടക്കമായി. എല്ലാ ദിവസവും രാവിലെ ഏഴു മുതൽ വൈകുന്നേരം നാല് മണിവരെയാണ് ഖത്തറിലെ ഫിലിപ്പീൻസ് എംബസിയിലെത്തി പൗരന്മാർക്ക് വോട്ടുചെയ്യാനുള്ള അവസരം.
രജിസ്റ്റർ ചെയ്ത വോട്ടർമാർ തങ്ങളുടെ ഫിലിപ്പീൻസ് പാസ്പോർട്ടോ അല്ലെങ്കിൽ ഖത്തർ ഐഡിയോ ആയി എത്തിയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. ഫെബ്രുവരിയിൽ പുറത്തുവിട്ട പ്രവാസി വോട്ടർപ്പട്ടിക പ്രകാരം ഖത്തറിൽ 40,441 വോട്ടർമാരാണുള്ളത്. വോട്ടുയന്ത്രവും ബാലറ്റും ഉപയോഗിച്ചാണ് വോട്ട് ചെയ്യുന്നത്. രാഷ്ട്രീയ കക്ഷികളുടെ പ്രത്യേക ഏജന്‍റുമാരും തെരഞ്ഞെടുപ്പ് നിരീക്ഷകരായുണ്ട്. ഇവരുടെ സാന്നിധ്യത്തിലാവും വോട്ടുയന്ത്രം തുറക്കുന്നതും ബാലറ്റുകൾ ക്രമീകരിക്കുന്നതുമെല്ലാം. ആദ്യ ദിനത്തിൽ 566 പേർ വോട്ടു ചെയ്തതായി ഖത്തറിലെ ഫിലിപ്പീൻസ് എംബസി അറിയിച്ചു.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലിരുന്ന് 17 ലക്ഷം പേരാണ് വോട്ട് രേഖപ്പെടുത്തുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വോട്ടർമാരുടെ എണ്ണം കുറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് കാരണം പതിനായിരങ്ങൾ തൊഴിൽ നഷ്ടത്തെ തുടർന്നും മറ്റും നാട്ടിലേക്ക് മടങ്ങിയതു കാരണം പ്രവാസി വോട്ടർമാരുടെ എണ്ണം കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. പ്രവാസികൾക്ക് വോട്ടുള്ളതിനാൽ കോവിഡ് കാലത്ത് ഫിലിപ്പീൻസ് സർക്കാർ അവർക്കായി പ്രത്യേക പാക്കേജ് നൽകിയിരുന്നു. അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയും സൗജന്യമായി നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.