അൽ സമാൻ എക്സ്ചേഞ്ചിന്റെ ബിർകാത് അൽ അവാമിർ ബ്രാഞ്ചിൽ ചൊവ്വാഴ്ച വൈകുന്നേരം പണമയക്കാനെത്തിയവരുടെ തിരക്ക്

മൂല്യമിടിഞ്ഞ് രൂപ; പണമയക്കാൻ തിടുക്കം

ദോഹ: ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിന്‍റെ 'നല്ലകാലം' മുതലാക്കി പ്രവാസികൾ. യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 77നും മുകളിലായി ഉയർന്നതോടെ രാജ്യാന്തര വിപണിയിൽ ഗൾഫ് കറൻസികൾക്കും നേട്ടമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഖത്തർ റിയാലിന് 21.10 രൂപയാണ് നിരക്ക്. രൂപക്കെതിരെ സമീപകാലത്തെ ഏറ്റവും മികച്ച നിലയിലേക്ക് റിയാൽ ഉൾപ്പെടെ ഗൾഫ് കറൻസികൾ മേധാവിത്വം സ്ഥാപിച്ചതോടെ, ഇന്ത്യക്കാരായ പ്രവാസികൾക്ക് പണമയക്കാൻ തിടുക്കമായി. പണവിനിമയ സ്ഥാപനങ്ങളിൽ നേരിട്ടെത്തിയും ഓൺലൈൻ ആപ്ലിക്കേഷൻ ഉപയോഗിച്ചും പ്രവാസികൾ നാട്ടിലേക്ക് പണമയച്ചാണ് അവസരം ഉപയോഗപ്പെടുത്തുന്നത്.

മാസം ആദ്യം എന്ന നിലയിൽ ശമ്പളം കിട്ടിയ സമയമായതിനാൽ നാട്ടിലേക്ക് പണം അയക്കാൻ എക്സ്ചേഞ്ചുകളിലും തിരക്കേറി. കുറഞ്ഞ ഗള്‍ഫ് കറന്‍സിയില്‍ കൂടുതല്‍ രൂപ നാട്ടിലെത്തിക്കാന്‍ കഴിയും. നാട്ടില്‍ ബാങ്ക് വായ്പയും മറ്റും അടച്ചുതീര്‍ക്കാനുള്ളവര്‍ക്കാണ് വിനിമയ മൂല്യത്തിലെ മാറ്റം കൂടുതൽ ആശ്വാസകരമാവുക. എന്നാൽ, അത്യാവശ്യക്കാർ ശമ്പളം ലഭിച്ച ഉടൻ ഈ മാസം ആദ്യം തന്നെ പണം നാട്ടിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ റിയാലിന് 20.70 രൂപയിൽ തുടങ്ങിയ മാറ്റങ്ങൾ കഴിഞ്ഞ ഏതാനും മാസങ്ങളായി കൂടിയും കുറഞ്ഞുമിരിക്കുകയാണ്. മാർച്ചിൽ 21 രൂപ കടന്ന ശേഷം, ഏറ്റവും ഉയർന്ന മൂല്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്.

മുഴുവൻ ഗൾഫ് കറൻസികളുടെയും മൂല്യം കുത്തനെ ഉയർന്നിട്ടുണ്ട്. രാജ്യാന്തര തലത്തിൽ സെൻട്രൽ ബാങ്കുകൾ പലിശനിരക്ക് ഉയർത്തിയതും, വിദേശ നിക്ഷേപങ്ങളുടെ പിൻവലിയലും കറൻസി നിരക്കിലെ മാറ്റത്തിന് വഴിയായി. 17.7 ബില്യൺ ഡോളർ നിക്ഷേപമാണ് ഈ വർഷം ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിക്കപ്പെട്ടത്. വർധിച്ചു വരുന്ന കറന്റ് അക്കൗണ്ട് കമ്മി, ആഗോള ക്രൂഡ് വിലയിലെ കുതിച്ചുചാട്ടം എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രശ്നങ്ങളും കറൻസിയെ ബാധിച്ചു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞയാഴ്ച നിരക്കുകൾ വർധിപ്പിച്ചിട്ടുപോലും രൂപയുടെ മൂല്യത്തകർച്ച തടയാനായില്ല. റഷ്യ - യുക്രെയ്ൻ സംഘർഷം, എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവയെല്ലാം രാജ്യത്തെ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്. വിദേശ നിക്ഷേപങ്ങളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് രൂപയുടെ മൂല്യത്തെ റെക്കോഡ് ഇടിവിലേക്ക് എത്തിക്കുകയായിരുന്നു. ഡോളറിനെതിരെ ജപ്പാൻ യെൻ ഉൾപ്പെടെയുള്ള കറൻസികളും വൻ തിരിച്ചടിയാണ് നേരിടുന്നത്. 

Tags:    
News Summary - Expatriates take advantage of Indian rupee depreciation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.