പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനി ‘സ്​ഹൈൽ’

മേള സന്ദർശിച്ചപ്പോൾ  

ഫാൽക്കൺ പക്ഷികളെ അടുത്തറിയാം; 'സ്​ഹൈൽ' നാളെ അവസാനിക്കും

ദോഹ: കതാറയിൽ നടക്കുന്ന 'സ്​ഹൈൽ' അന്താരാഷ്​ട്ര വേട്ട ഫാൽക്കൺ മേള ശ്രദ്ധയാകർഷിക്കുന്നു. കോവിഡ്​ പശ്ചാത്തലത്തിൽ എല്ലാവിധ പ്രതിരോധ നടപടികളും സ്വീകരിച്ചാണ്​ മേള നടക്കുന്നത്​. കതാറ കൾച്ചറൽ വില്ലേജ്​ ഫൗണ്ടേഷൻ വിസ്​ഡം സ്​ക്വയറിൽ നടക്കുന്ന മേള നാളെ വൈകീട്ട്​ അവസാനിക്കും. കഴിഞ്ഞ ദിവസം അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽ ഥാനി മേള സന്ദർശിച്ചു. വിവിധ ഫാൽക്കൺ പക്ഷികൾ, വേട്ടക്കുള്ള ഉപകരണങ്ങൾ, ആയുധങ്ങൾ, വിവിധ വേട്ടരീതികളുടെ പ്രദർശനം തുടങ്ങിയവ അമീർ വീക്ഷിച്ചു. മേളയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ അധികൃതർ അമീറിന്​ വിശദീകരിച്ചുനൽകി.

ഇത്തവണ ഫാൽക്കണുകളുടെ ഇ-ലേലമാണ്​ നടക്കുന്നത്​. ലോകത്തിലെ ഏറ്റവും മികച്ച ഫാൽക്കണുകളാണ് ലേലത്തിലുള്ളത്​. ഇ-ലേലത്തിൽ പ​ങ്കെടുക്കുന്നവർക്ക്​ ഇത്തവണ ഗോൾഡ്​കാർഡ്​ നൽകുന്നുണ്ട്​. ഇതുപയോഗിച്ച്​ കാർഡ്​ ഉടമക്ക്​ മേളയിൽ എപ്പോൾ വേണമെങ്കിലും സന്ദർശനം നടത്താനാകും.

ലേലത്തിലുള്ള ഫാൽക്കണുകളുടെ ചിത്രവും അവയുമായി ബന്ധപ്പെട്ട സകല വിവരങ്ങളും കാണാനാകും. അപൂർവയിനം 'ഹുർ' ഫാൽക്കണുകളടക്കം ഇ-ലേലത്തിൽ ഉണ്ട്​. ആദ്യദിനത്തിൽ ഹസൻ ഖാലിദ്​ ഗാനിം അൽ ഗാനിം ആണ്​ 'ഫർഖ്​ഹുർ' അഥവാ 'ഇറാൻ തർ' എന്ന ഫാൽക്കണെ റെക്കോഡ്​ തുകയായ 1,45,000 റിയാലിന്​ സ്വന്തമാക്കിയത്​. ഈ വർഷത്തെ മേളയിൽ പ്രധാനമായും രണ്ട് മത്സരങ്ങളുമുണ്ട്. ഏറ്റവും മികച്ച പവലിയൻ, ഏറ്റവും മികച്ച ഫാൽക്കൺ ഹുഡ് (ബുർഖ) എന്നിവയാണ് മത്സരങ്ങൾ. ഏറ്റവും മികച്ച പവലിയന് 20,000 റിയാലാണ് സമ്മാനം. ഏറ്റവും മികച്ച ഫാൽക്കൺ ഹുഡുകൾക്ക് യഥാക്രമം 3000, 2000, 1000 ഡോളർ വീതം ൈപ്രസ്മണിയും നൽകും.

മിഡിൽ ഈസ്​റ്റിലും നോർത്ത്​ ആഫ്രിക്ക മേഖലയിലുമായി നടക്കുന്ന ഇത്തരത്തിലുള്ള ഏറ്റവും വലിയ മേളയാണ് 'സ്​ഹൈൽ'. ഫാൽക്കൺ പരിപാലനം, വേട്ട മേഖലയിൽ പ്രവർത്തിക്കുന്ന 112 മുൻനിര കമ്പനികളാണ്​ മേളയിലുള്ളത്​. ഖത്തർ, കുവൈത്ത്​, സ്​പെയിൻ, ലബനാൻ, യു.എസ്​, ബ്രിട്ടൻ, തുർക്കി, പാകിസ്​താൻ, റുമേനിയ, ബെൽജിയം, പോർച്ചുഗൽ, ഫ്രാൻസ്​, ഹംഗറി രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളും സ്​ഥാപനങ്ങളുമാണ്​ വിവിധ സ്​റ്റാളുകൾ ഒരുക്കിയിരിക്കുന്നത്​. വിവിധയിനം ഫാൽക്കൻ പക്ഷികൾ, ഉപകരണങ്ങൾ, ഫാൽക്കൺ ലേലം, ഫാൽക്കണുമായി ബന്ധപ്പെട്ട വസ്തുക്കൾ, സഫാരിക്കുള്ള വാഹനങ്ങളും അത്യാധുനിക ഉപകരണങ്ങളും, കരകൗശല വസ്തുക്കൾ എന്നിവയാണ്​ പ്രദർശനത്തിനും വിൽപനക്കുമായി ഉള്ളത്​.

വിവിധയിനം പക്ഷികൾ, മാനുകൾ, മുയലുകൾ എന്നിവയുടെ ഇറച്ചികൊണ്ടുള്ള വ്യത്യസ്​തയിനം ഭക്ഷണസാധനങ്ങൾ ഉള്ള കഫേകളും റസ്​റ്റാറൻറുകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്​. സന്ദർശകർക്ക്​ ഖത്തർ എയർവേ​സ്​ വിമാനങ്ങളിൽ ഇളവ്​ നേടാനുള്ള സൗകര്യവുമുണ്ട്​. ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്മെൻറുകൾ, ലിമോസിനുകൾ, സാഹസികയാത്രകൾ എന്നിവക്ക്​ ഇളവുകൾ ലഭിക്കാനുള്ള അവസരവുമുണ്ട്​.

2017ലാണ്​ 'സ്​ഹൈൽ' മേള ആദ്യമായി തുടങ്ങുന്നത്​. വേട്ടക്കാലം ആഗതമായി എന്നറിയിക്കുന്നതിനായുള്ള സ്ഹൈൽ എന്ന നക്ഷത്രത്തിൽനിന്നാണ് മേളക്ക് ആ പേര് ലഭിക്കുന്നത്. ആകാശത്ത് സ്ഹൈൽ നക്ഷത്രമുദിക്കുന്നതോടെ ആ വർഷത്തേ വേട്ടക്കാലം തുടങ്ങുകയായി. കഴിഞ്ഞ വർഷം അഞ്ച് ദിവസം നീണ്ടുനിന്ന മേള 1,28,000 പേരാണ് സന്ദർശിച്ചത്. 42 മില്യൺ റിയാലി​െൻറ കച്ചവടമാണ് കഴിഞ്ഞ വർഷം നടന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.