ദോഹ: പുതിയ കാലത്തെ ഡിജിറ്റൽ സാധ്യതയും വെല്ലുവിളികളും കുട്ടികളെ ബാധിക്കുന്നതു സംബന്ധിച്ച് അന്താരാഷ്ട്ര വേദിയിൽ ബോധ്യപ്പെടുത്തി ഖത്തർ. കുട്ടികളുടെ വളർച്ചക്കും ക്ഷേമത്തിനുമുള്ള സ്വാഭാവിക അന്തരീക്ഷം എന്ന നിലയിൽ സമൂഹത്തിലെ പ്രധാന കേന്ദ്രമായ കുടുംബം വഹിക്കുന്ന പങ്ക് വലുതാണെന്ന് ഖത്തർ സ്ഥിരം പ്രതിനിധി ഹിന്ദ് ബിൻത് അബ്ദുറഹ്മാൻ അൽമുഫ്ത പറഞ്ഞു.
ജനീവയിലെ യു.എൻ ആസ്ഥാനത്ത് ജി.സി.സി മിഷൻ സംഘടിപ്പിച്ച ഡിജിറ്റൽ അന്തരീക്ഷത്തിൽ കുട്ടികളുടെ അവകാശങ്ങളും കുടുംബങ്ങളും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ കുട്ടികളുടെ ആസ്വാദനങ്ങൾ വഴിതെറ്റാതിരിക്കാനും പോസിറ്റിവായ മാർഗം ഉറപ്പാക്കാനും കുടുംബത്തിന്റെ പങ്ക് നിർണായകമാണെന്നും ഡിജിറ്റൽ ലോകം യഥാർഥ ലോകത്തെപ്പോലെ പ്രധാനമാണെന്നും അൽ മുഫ്ത ചൂണ്ടിക്കാട്ടി. ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ മൂന്നിലൊരാൾ 18ന് താഴെ പ്രായമുള്ളവരാണ്.
ശരിയായി സംസാരിക്കാനോ നടക്കാനോ പോലും കഴിയും മുമ്പ് ഡിജിറ്റൽ ലോകത്ത് എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഒരു പുതുതലമുറ ഇന്നുണ്ട്. പഠനത്തിനും വിനോദത്തിനും ചുറ്റുമുള്ള ലോകവുമായുള്ള ആശയവിനിമയത്തിനുമടക്കം ഡിജിറ്റൽ മേഖലയെ കുട്ടികൾ ഏറെ ആശ്രയിക്കുന്നുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.
അതേസമയം, ഇന്റർനെറ്റ് കുട്ടികളെ അപകടസാധ്യതകളിലേക്കും നാശനഷ്ടങ്ങളിലേക്കുമുള്ള വഴിയൊരുക്കുകയും ചെയ്യുന്നുണ്ടെന്നും ഇതവരുടെ ജീവിതത്തെ ഹ്രസ്വ-ദീർഘകാലത്തേക്ക് ബാധിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടി.
ഇന്റർനെറ്റിന്റെ ഗുണങ്ങളും ദോഷങ്ങളും തമ്മിൽ ആവശ്യമായ സന്തുലിതാവസ്ഥ കണ്ടെത്തുന്നതിന് ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട നയങ്ങളുടെയും തന്ത്രങ്ങളുടെയും കാര്യത്തിൽ ഒരു ബഹുമുഖ സമീപനം സ്വീകരിക്കേണ്ടതുണ്ടെന്നും അൽ മുഫ്ത കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.