ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അതിർവരമ്പുകൾ മായ്ച്ചുകളയുകയും വിശപ്പിെൻറ കാഠിന്യം എല്ലാവരും അറിയുകയും ചെയ്യുകയെന്നതാണ് നോമ്പ് നൽകുന്ന പ്രധാന സന്ദേശം. നോമ്പുതുറന്ന് സുഭിക്ഷമായി ഭക്ഷണം കഴിക്കുമ്പോൾ, നമ്മെ പോലെ പകൽ നോമ്പുനോറ്റ്, വയറുനിറയെ ഭക്ഷണം കഴിച്ച് നോമ്പുതുറക്കാൻ ആഗ്രഹിക്കുന്നവരെ എങ്ങനെ കണ്ടില്ലെന്ന് നടിക്കാൻ കഴിയും.
അങ്ങനെയൊരു ഉൾവിളിയാണ് ഞങ്ങളെ സൗദി അതിർത്തിയിലെ മരുഭൂമിയിൽ ഒരുകൂട്ടം ഇടയന്മാരിലെത്തിക്കുന്നത്.
വിശപ്പും നോമ്പും എല്ലാവർക്കും ഒരുപോലെ തന്നെ അല്ലേ. സഹായിക്കുന്ന കൈകൾ പ്രാർഥിക്കുന്ന ചുണ്ടുകളേക്കാൾ നല്ലതു എന്നല്ലേ മഹദ്വചനം. ഖത്തറിലെ വിവിധ സാംസ്കാരിക, സാമൂഹിക സംഘടന മേഖലകളിൽ പ്രവർത്തിക്കുന്നത് കൊണ്ട് ഒരുപാടു നോമ്പുതുറക്കാനും തുറപ്പിക്കാനും അവസരം ലഭിച്ചിരുന്നു. പക്ഷേ, അവയിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഈ യാത്ര. മനസ്സിന് ഇന്നും കുളിര് പകരുന്ന ഓർമ.
ഖത്തറിൽ ആദ്യമെത്തിയ നാളിലെ ബാച്ച്ലർ റൂമിലെ സുഹൃത്തുക്കളുടെ ഇടയിൽ 'ഓക്സി ഫ്രെണ്ട്സ്' എന്ന പേരിൽ ഒരു കൂട്ടായ്മയുണ്ട്. അതിൽ ഒരാളായ പ്രിയ സുഹൃത്ത് ഷാഫി ചെറൂപ്പ ആണ് ഈ അവസരം ഞങ്ങളിലേക്ക് എത്തിച്ചത്. ഖത്തറിലെ പ്രമുഖ സാമൂഹിക സേവന കൂട്ടയ്മയുടെ വളന്റിയർമാർ ഞങ്ങൾക്ക് വഴി കാണിക്കനായി ഉണ്ടായി.
യാത്ര സൗദി റോഡിലെ കരാനാ- ഉമ്മു ക്രൈൻ എന്ന പ്രവശ്യകളിലേക്കായിരുന്നു. ഹസ്ബകളിലും മസറകളിലും ജോലിചെയുന്ന ഇടയന്മാരായ ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിലും നിന്നുള്ള തീർത്തും നിർധനരായ ഒരുകൂട്ടം മനുഷ്യരിലാണ് ആ യാത്ര അവസാനിച്ചത്. സഹായ ഹസ്തത്തിലും കരുതലിലും നമ്മൾ കാണുന്ന ഒരു ഖത്തർ മാതൃക തന്നെ ഉണ്ട്. പക്ഷേ, ഇവരിലേക്ക് എത്തിപ്പെടാൻ നമുക്കു ആരെങ്കിലും വഴി കാട്ടേണ്ടിയിരിക്കുന്നു. ദേശീയപാതയിൽനിന്നും ഉള്ളിലേക്ക് ഒരു ചെറിയ പാത വഴി ഞങ്ങൾ എത്തി ചേർന്നത് ഉൾഗ്രാമത്തിലാണ്.
അവിടെനിന്നും ഉള്ളിലോട്ട് മരുഭൂമിയിൽ ആട് ജീവിതങ്ങൾ മുന്നിൽകണ്ടു. അവരുടെ കൈയിലേക്ക് ഞങ്ങൾ ഭക്ഷണം കൈമാറിയപ്പോൾ കണ്ണിലെ തിളക്കം കണ്ടറിഞ്ഞു. അവരുടെ ജീവിത സാഹചര്യമാണ് അവരെ അവിടെ എത്തിക്കുന്നത്. അടിസ്ഥാന സൗകര്യം ഇല്ലാത്ത ചെറിയ ഷെഡ്ഡുകളിൽ രാപാർക്കുന്നു. ഒരു പക്ഷേ, ജീവിതത്തിൽ കണ്ട ഒരുനോമ്പ് തുറക്കും ഇത്രയധികം മാനസിക സംതൃപ്തി ഉണ്ടായിക്കാണില്ല.
അവരുടെ ജീവിതവും സന്തോഷവും മറ്റുള്ളവർകൂടി അറിഞ്ഞ് എല്ലാവരും അവരിലേക്ക് എത്തട്ടെ എന്ന ആഗ്രഹത്തിലാണ് ഈ കുറിപ്പ് ഇവിടെ പങ്കുവെക്കുന്നത്.
വിശപ്പും നോമ്പും നമുക്കും അവർക്കും എല്ലാം ഒരുപോലെ തന്നെ അല്ലേ.
നമ്മുടെ ഈ ചെറിയ ജീവിതത്തിലെ ഒരു ചെറിയ കരുതൽ മതി ഉറ്റവരെയും ഉടയവരെയും ഇട്ടെറിഞ്ഞു, ഈ മരുഭൂമിയിൽ സ്വർണം വിളയിക്കുന്ന അവരുടെ മുഖം പ്രസന്നമാകാൻ. അവർക്കൊപ്പം തന്നെ ഞങ്ങളും നോമ്പ് തുറന്ന്, ആത്മ നിർവൃതിയോട് കൂടി മടങ്ങി. വിലമതിക്കാനാവാത്ത ഈ അവസരം നൽകിയ സുഹൃത്ത് ഷാഫി ചെറൂപ്പ, ഓക്സി ഫ്രണ്ട്സ്, ഞങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകിയ ഹോട്ടൽ, ഞങ്ങൾക്ക് വഴികാട്ടിയ വളന്റിയർമാർ എന്നിവരോടുള്ള നന്ദിയും ഇവിടെ സ്മരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.