ദോഹ: വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഖത്തരി ടീച്ചേഴ്സ് ഫെലോഷിപ് പ്രോഗ്രാമിന്റെ (ഖിബ്റാത്ത്) ആദ്യഘട്ടത്തിന് തുടക്കമായി. ഡിസംബർ അവസാനം വരെ തുടരും.ആദ്യഘട്ടത്തിൽ പൊതു വിദ്യാലയങ്ങളിലെ ഗണിത, ശാസ്ത്ര, ഇംഗ്ലീഷ് വിഷയങ്ങളിലെ 15 അധ്യാപകരെയും കോഓഡിനേറ്റർമാരെയും തുടർ പരിശീലന പദ്ധതികളുടെ ഭാഗമായി ഫിൻലൻഡിലേക്ക് അയച്ചു. അധ്യാപന കഴിവുകൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന മികച്ച അധ്യാപന അന്തരീക്ഷം അവതരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഫെലോഷിപ് പ്രോഗ്രാമിൽ ഫിൻലൻഡിലെ സ്കൂൾ അധികൃതരുമായും അധ്യാപകരുമായുമുള്ള കൂടിക്കാഴ്ചകൾക്കും മന്ത്രാലയം അവസരമൊരുക്കി.ഉപദേഷ്ടാക്കളുമായി ചേർന്ന് അധ്യാപകർക്ക് ഗൈഡ് സെഷനുകൾ നടത്തുകയും സ്പെഷലൈസേഷനുകളിൽ നിരവധി വിഷയ-നിർദിഷ്ട ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്തു. ഫിൻലൻഡിലെ പഠന പ്രവർത്തനങ്ങൾ, അധ്യാപന തന്ത്രങ്ങൾ, മൂല്യനിർണയ രീതികൾ എന്നിവയെക്കുറിച്ച് അധ്യാപകർക്കുള്ള ആമുഖ സെഷനുകളും പ്രോഗ്രാമിലുൾപ്പെടുത്തിയിട്ടുണ്ട്. 2023-2024 അധ്യയന വർഷത്തിന്റെ തുടക്കത്തിലാണ് ഖിബ്റാത്ത് പ്രോഗ്രാം മന്ത്രാലയം ആരംഭിച്ചത്.
ഖത്തർ സർവകലാശാലയിലെ എജുക്കേഷൻ വിഭാഗവുമായി സഹകരിച്ച് സ്വദേശികളെ അധ്യാപന രംഗത്തേക്ക് ആകർഷിക്കുന്ന തുമൂഹ് പ്രോഗ്രാമും വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സർവകലാശാല ബിരുദധാരികളെ ആകർഷിക്കുന്ന തംഹീൻ പ്രോഗ്രാമും ഈ സംരംഭങ്ങളിലുൾപ്പെടുന്നു. ഉദ്യോഗാർഥികളെ പരിശീലിപ്പിക്കുകയും ആവശ്യമായ പ്രഫഷനൽ യോഗ്യത നൽകുകയും ചെയ്തതിനുശേഷം അധ്യാപനത്തിനായി സജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.