ഖത്തറിൽ ചികിത്സക്കെത്തിച്ച ഫലസ്തീനി കുട്ടികൾ

ത്യാഗത്തിന്റെ ഉത്സവവും റഷ അൽവാനും

ത്യാഗത്തിന്റെ ഉത്സവമാണല്ലോ ബലി പെരുന്നാൾ. അങ്ങനെയെങ്കിൽ ഫലസ്തീനികൾക്ക് എന്നും പെരുന്നാൾ ആണെന്ന് നമുക്ക് ആലങ്കാരികമായി പറയാം. എന്നാൽ, അവരുടെ ത്യാഗത്തിന് സമാനതകളില്ല. അവർക്ക് ആഘോഷങ്ങളുമില്ല.

‘ഉമ്മയെ അവർ വയറ്റിലേക്ക് വെടിവെച്ചു. ഉപ്പയെയും കൊന്നു. ഉമ്മയുടെ വയറ്റിൽ ഏഴ് മാസം പ്രായമായ ഒരു കുഞ്ഞ് വളരുന്നുണ്ടായിരുന്നു. ഞങ്ങളുടെ മുന്നിലിട്ടാണ് ഇസ്രായേൽ സൈന്യം അവരെ കൊന്നത്....’ ഇതും പറഞ്ഞ് അവൻ കരയുകയായിരുന്നു.

ഓർക്കുന്നില്ലേ ഫൈസൽ അൽ ഖാലിദിയെ. ഗർഭിണിയായ ഉമ്മയെയും ഉപ്പയെയും താമസസ്ഥലത്തേക്ക് ഇരച്ചെത്തിയ ഇസ്രായേൽ സേന വെടിവെച്ച് കൊല്ലുന്നതിന് സാക്ഷ്യം വഹിച്ചതിന്റെ നടുക്കുന്ന ഓർമകളുമായി സമൂഹ മാധ്യമങ്ങളിലൂടെ നമുക്ക് മുന്നിലെത്തിയതാണവൻ. ഫൈസൽ ഇപ്പോൾ ഖത്തറിലെത്തിയിട്ടുണ്ട്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ കരുതലിൽ, ഖത്തറിലെത്തിയ ആയിരക്കണക്കിന് ഫലസ്തീനികളിൽ ഒരാൾ മാത്രമാണ് ഫൈസൽ അൽ ഖാലിദി. തീർത്തും അനാഥനായ അവന്റെ കൂടെ സഹോദരൻ ആദമും ഖത്തറിലെത്തിയിട്ടുണ്ട്.

സനദ് അൽ അറബിയെ അറിയുമോ, 200ലധികം മുറിവുകളാണ് ഒരു വയസ്സ് മാത്രമുള്ള സനദിന്റെ ശരീരത്തിലുള്ളത്. നാവിന്റെ പകുതിയും അവൾക്ക് നഷ്ടപ്പെട്ടു. കുടുംബത്തിലെ ബാക്കിയെല്ലാവരും രക്തസാക്ഷികളായപ്പോൾ ആയുസ്സിന്റെ ബലം കൊണ്ട് മാത്രം അതിജീവിച്ചവളാണ് സനദ്. വലതുകവിളിൽ ബാധിച്ച ട്യൂമർ തലയേക്കാൾ വലുപ്പത്തിൽ വളർന്ന് വേദന തിന്നുന്ന രണ്ട് വയസ്സിൽ താഴെ മാത്രമുള്ള അയ അദ്ഹമിനെ സമൂഹ മാധ്യമങ്ങളിലൂടെ നമുക്ക് പരിചയമുണ്ടായിരിക്കും. പോഷകാഹാരക്കുറവ് മൂലം ശരീരമൊട്ടി, കണ്ണുകൾ വലിഞ്ഞ് അസ്തികൂടത്തിന്റെ രൂപമുള്ള റഷ അൽവാനാണ് ഗസ്സയിലെ കുഞ്ഞുങ്ങളുടെ മറ്റൊരു പ്രതീകം. ഈ മൂന്ന് കുഞ്ഞു പൈതങ്ങളും ഇപ്പോൾ ഖത്തറിലുണ്ട്.

യുദ്ധം എട്ട് മാസം പിന്നിടുമ്പോൾ ദുരിതഭൂമിയിൽ നിന്നും ആയിരങ്ങളാണ് ഖത്തറിൽ ചികിത്സക്കായി എത്തിയിരിക്കുന്നത്. അവരിലധികവും കുട്ടികളാണ്. ഉമ്മയെ, ഉപ്പയെ അല്ലെങ്കിൽ ഉമ്മയെയും ഉപ്പയെയും അതുമല്ലെങ്കിൽ കുടുംബത്തിലെ മുഴുവൻ പേരെയും നഷ്ടമായവർ അവരിലുണ്ട്. ഫൈസലും സനദും അയയും റഷയും അവരിൽ ഏതാനും പേർ മാത്രമാണ്. അവരെപ്പോലെ അതല്ലെങ്കിൽ അവരേക്കാൾ ദുരിതം പേറുന്നവരാണ് ഫലസ്തീനിൽ നിന്നുള്ള പ്രത്യേകിച്ചും ഗസ്സയിൽ നിന്നുള്ള കുരുന്നുകൾ. ത്യാഗത്തിന്റെയും സഹനത്തിന്റെയും ആഘോഷമായ ബലിപെരുന്നാൾ ആഗതമാകുമ്പോൾ പ്രയാസങ്ങളും പ്രതിസന്ധികളും ശാരീരിക, മാനസിക ബുദ്ധിമുട്ടുകളും ഏറെയുണ്ടെങ്കിലും അവരുടെ ത്യാഗസന്നദ്ധതയും സഹനശക്തിയുമാണ് ലോകത്തെ അതിശയിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഏത് കടുത്ത വെല്ലുവിളികളെയും അതിജീവിക്കാൻ പോന്നവരാണ് ഫലസ്തീനികൾ, പ്രത്യേകിച്ച് അവരുടെ കുഞ്ഞുങ്ങൾ. മുഴുവൻ മക്കളും നഷ്ടപ്പെടുന്ന മാതാപിതാക്കളും ഭർത്താവും മക്കളും നഷ്ടപ്പെട്ട് ഒറ്റപ്പെടുന്ന ഭാര്യമാരും കുടുംബാംഗങ്ങളെല്ലാം നഷ്ടപ്പെട്ട് തീർത്തും ഒറ്റപ്പെട്ട് തമ്പുകളിൽ കഴിയുന്ന പിതാക്കളും നമുക്ക് മുന്നിലുണ്ട്.

ദൈവവിധിയിലെ സംതൃപ്തി

ചെറിയ പെരുന്നാൾ സമയത്ത് തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്ക് മുകളിൽ കയറി പെരുന്നാൾ ആഘോഷിക്കുന്ന, മുകളിലൂടെ ബോംബർ വിമാനങ്ങൾ ബോംബ് വർഷിച്ച് ചീറിപ്പറക്കുമ്പോൾ താഴെ കമ്പിത്തിരികളും മത്താപ്പും റാന്തലുകളുമായി നോമ്പും പെരുന്നാളും ആഘോഷിക്കുന്ന ഫലസ്തീൻ ബാല്യങ്ങൾ അത്ഭുതമാണ്. സ്വന്തക്കാരും ബന്ധുക്കളും വീടും സമ്പത്തും അടിസ്ഥാന സൗകര്യങ്ങളും എല്ലാം നഷ്ടപ്പെട്ടിട്ടും അവരിലെ ക്ഷമ, സംതൃപ്തി, ഉറപ്പ്, സുരക്ഷിതത്വ ബോധം, സമാധാനം എന്നിവക്ക് പിന്നിലെ രഹസ്യത്തെക്കുറിച്ചാണ് ഇന്ന് ലോകം ചർച്ചയാക്കുന്നത്. ദൈവവിധിയിലെ സംതൃപ്തിയാണ് അവരെ മുന്നോട്ട് നയിക്കുന്നത്. തങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വന്ന വെല്ലുവിളികളെ ഒരിക്കൽ പോലും പഴിക്കാതെ അതെല്ലാം ജീവിതവഴികളിൽ നേരിടേണ്ടതാണ് എന്ന പാഠം ഫലസ്തീനിലെ കൊച്ചുകുഞ്ഞുങ്ങൾക്ക് വരെ അറിയും.

ഉള്ള വിഭവങ്ങൾ കൊണ്ട് അവർക്കിടയിലെ വീതംവെപ്പുകൾ ലോകത്തെ അതിശയിപ്പിക്കുന്നതാണ്. ദിവസങ്ങളോളം പട്ടിണി കിടന്ന് അവസാനം കിട്ടുന്ന ഒരു കഷണം റൊട്ടിയിൽ നിന്നും തന്റെ സഹോദരനിലേക്ക് അതിന്റെ ഒരുഭാഗം പകുത്ത് നൽകുന്ന ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും സംഭവം തന്നെ.

ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന തങ്ങളുടെ അരുമ സന്താനങ്ങളെയും പ്രിയപ്പെട്ട മാതാപിതാക്കളെയും ബന്ധുക്കളെയും സ്‌നേഹത്തോടെയും സന്തോഷത്തോടെയുമാണവർ യാത്രയാക്കുന്നത്. നാളെ സ്വർഗത്തിൽ വീണ്ടും കണ്ടുമുട്ടാം എന്നാണവർ അവസാനമായി രക്തസാക്ഷികളോട് പറയുന്നത്. ഫലസ്തീൻ ജനതയുടെ സമർപ്പണ ബോധവും ത്യാഗവും ക്ഷമയുമെല്ലാം ലോകം നേരിൽ കണ്ടുകൊണ്ടിരിക്കുകയാണ്.

യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ പ്രതിദിനമെന്നോണം കൂടുതൽ ആളുകളും രാജ്യങ്ങളും ഫലസ്തീനൊപ്പം നിൽക്കാൻ മുന്നോട്ടുവരുകയാണ്. ഓരോ രാജ്യവും ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന പ്രമേയങ്ങൾ പാസാക്കിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ വൻശക്തികൾ ഒന്നടങ്കം കരയിൽ നിന്നും കടലിൽ നിന്നും ആകാശത്തുനിന്നും ആക്രമണം അഴിച്ചുവിട്ടിട്ടും പതറാതെ പോരാടുന്ന, ആക്രമണങ്ങളെ വകവെക്കാതെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ഫലസ്തീൻ ജനതയുടെ സ്ഥൈര്യവും ധൈര്യവും ലോകരാജ്യങ്ങളെ അവർക്കൊപ്പം നിൽക്കാൻ പ്രേരിപ്പിക്കുകയാണ്. പ്രമുഖ സർവകലാശാലകളിലെല്ലാം അവർക്കുവേണ്ടി വിദ്യാർഥികൾ തെരുവിലോ തെരുവിലിറങ്ങിയതിന്റെ പേരിൽ ജയിലറകൾക്കുള്ളിലോ ആണ്.

ത്യാഗസ്മരണകളുണർത്തുന്ന ബലിപെരുന്നാൾ വീണ്ടും...

ലോകം വീണ്ടുമൊരു ബലിപെരുന്നാൾ ആഘോഷത്തിന്റെ തിരക്കിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന വേളയിൽ ഫലസ്തീൻ ജനതയയെയും ബാല്യത്തെയും മറക്കാൻ കഴിയില്ല. ഏറെ കാത്തിരുന്ന് അവസാനകാലത്ത് തനിക്ക് ലഭിച്ച അരുമസന്താനം ഇസ്മാഈലിനെ ഭാര്യ ഹാജറിന്റെ കൈകളിൽ ഏൽപിച്ച് വിജനമായ മക്കയിൽ നിന്നും ദൈവകൽപനയാൽ മടങ്ങേണ്ടി വരുന്ന ഇബ്‌റാഹീം പ്രവാചകന്റെ ത്യാഗത്തെയും, മകനെ പൊരിവെയിലത്ത് കിടത്തി സഫ-മർവ കുന്നുകൾക്കിടയിൽ തുള്ളിവെള്ളത്തിനായി പരതുന്ന ഹാജറിന്റെ സഹനത്തെയും, പൊരിവെയിലിൽ ആരോരുമില്ലാതെ കിടക്കേണ്ടിവരുന്ന, ബാല്യകാലത്ത് ദൈവകൽപനയിൽ പിതാവിന് മുന്നിൽ ബലിയർപ്പിക്കപ്പെടാൻ കഴുത്ത് നീട്ടേണ്ടിവരുന്ന ഇസ്മാഈലിന്റെ സമർപ്പണത്തെയും സ്മരിക്കുന്ന വേളയിൽ ഫലസ്തീൻ മക്കളും പിതാക്കളും മാതാക്കളും സഹനത്തിന്റെയും ത്യാഗത്തിന്റെയും നേർസാക്ഷ്യമായി നമുക്ക് മുന്നിലുണ്ട്. മർദന, പീഡനങ്ങൾ വകവെക്കാതെ ത്യജിച്ചും സഹിച്ചും ക്ഷമിച്ചും അവർ പിറന്നുവീണ ഭൂമിക്കുവേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണ്.

Tags:    
News Summary - Festival of Sacrifice and Rasha Alwan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.