ദോഹ: നിരത്തിൽ ഒഴുകുന്ന കൊട്ടാരസമാനമായ വാഹനങ്ങൾ കാണണോ? അവയെല്ലാം നിങ്ങളെ തേടി ദോഹയിലേക്ക് എത്തുകയാണ്. ഓട്ടോമൊബൈൽ രംഗത്തെ അന്താരാഷ്ട്ര പ്രശസ്തമായ ജനീവ ഇന്റർനാഷനൽ മോട്ടോർ ഷോക്ക് വേദിയാകാനുള്ള ഖത്തറിന്റെ തയാറെടുപ്പ് അന്തിമഘട്ടത്തിൽ.
ലോകത്തെ ഏറ്റവും പ്രമുഖരായ വാഹന നിർമാതാക്കളും ഡിസൈനർമാരും സംഗമിക്കുന്ന ജനീവ ഇന്റർനാഷനൽ മോട്ടോർ ഷോ ഖത്തർ പതിപ്പിലേക്ക് ദിവസങ്ങളുടെ തയാറെടുപ്പു മാത്രം.
ഒക്ടോബർ അഞ്ചു മുതൽ 14 വരെയാണ് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ജിംസ് ഖത്തർ പതിപ്പിന് വേദിയാകുന്നത്. 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഏരിയയിൽ നടക്കുന്ന പ്രദർശനത്തിൽ അണിനിരക്കുന്നതാവട്ടെ, ആഡംബര വാഹനങ്ങളുടെ നിർമാതാക്കളുടെ നീണ്ട നിരയും.
ടൊയോട്ട, ലക്സസ്, പോർഷെ, ഫോക്സ് വാഗൺ, കിയ, ഓഡി, ലംബോർഗിനി, ബി.എം.ഡബ്ല്യു, മക്ലരൻ, മേഴ്സിഡസ് ബെൻസ്, വിൻഫാസ്റ്റ്, ചെറി തുടങ്ങി വാഹന ലോകത്തെ 31 ലോകോത്തര ബ്രാൻഡുകളാണ് പങ്കെടുക്കുന്നത്. പത്തു ദിവസം നീളുന്ന അന്താരാഷ്ട്ര പ്രദർശനത്തിൽ ഒരുപിടി പുതു മോഡൽ വാഹനങ്ങളും വിപണിയിലേക്കിറങ്ങും. പത്തിലധികം ലോക പ്രീമിയർ മോഡലുകളും 20ൽ അധികം റീജനൽ മോഡലുകളുമാണ് അവതരിപ്പിക്കുന്നത്. പ്രധാന പ്രദർശനത്തിന് പുറമേ ഓട്ടോമൊബൈൽ ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്. വാഹനപ്രേമികൾക്ക് ഏറ്റവും മികച്ച അനുഭവം പകരുന്നതാവും ഒക്ടോബർ ആദ്യവാരം തുടങ്ങുന്ന ജിംസും അനുബന്ധ ഫെസ്റ്റിവലും.
ഖത്തർ ദേശീയ മ്യൂസിയത്തിൽ ഫ്യൂച്ചർ ഡിസൈൻ ഫോറം, സീലൈനിലേക്ക് ഓഫ്റോഡ് സവാരി, ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിൽ റൈഡ് ആൻഡ് ഡ്രൈവ്, ക്ലാസിക് ഓട്ടോമൊബൈലുകളുടെ ഗാലറി, ലുസൈൽ ബൊളെവാർഡിൽ ആഡംബര കാറുകളുടെ പരേഡ് എന്നിവയാണ് ഫെസ്റ്റിവലിൽ ഉൾപ്പെടുന്നത്.
ഒക്ടോബർ 12ന് രാത്രി ഏഴിന് ബൗളെവാർഡിൽ നടക്കുന്ന പരേഡിൽ 100 ഡ്രീം കാറുകളും അപൂർവ മോഡൽ കാറുകളും പങ്കെടുക്കും. ഉച്ചക്ക് രണ്ടു മുതൽ രാത്രി 10 വരെയും ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയുമാണ് പ്രദർശനത്തിലേക്ക് പ്രവേശനം.
പ്രവൃത്തി ദിനങ്ങളിൽ പ്രവേശനം സൗജന്യം. എന്നാൽ, വാരാന്ത്യങ്ങളിൽ 50 റിയാലാണ് നിരക്ക്. വെർജിൻ മെഗാ സ്റ്റോർ മുഖേന ടിക്കറ്റെടുക്കണം.
ജനീവ വേദിയാവുന്ന പ്രദർശനം ആദ്യമായാണ് പുതിയ നഗരത്തിൽ അരങ്ങേറുന്നതെന്ന പ്രത്യേകതകൂടി ജിംസ് ഖത്തറിനുണ്ട്. വാഹനപ്രേമികൾക്ക് മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ ഓട്ടോമൊബൈൽ പ്രദർശനത്തിനാണ് ജിംസ് ഖത്തർ വേദിയൊരുക്കുന്നതെന്ന് ഖത്തർ ടൂറിസം ഡെപ്യൂട്ടി ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.