ദോഹ: ഈ വർഷം അവസാനം നടക്കുന്ന ഫിഫ അറബ് കപ്പ് മേഖലയുടെ ഐക്യത്തിന് ഊർജം പകരുമെന്ന് രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻറ് (ഫിഫ) ജിയാനി ഇൻഫാൻറിനോ.
പ്രഥമ ഫിഫ അറബ് കപ്പിെൻറ നറുക്കെടുപ്പിനോടനുബന്ധിച്ച് കതാറയിൽ നടന്ന പ്രൗഢമായ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇൻഫാൻറിനോ.
ലോകകപ്പിന് മുമ്പായി നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ടൂർണമെൻറായിരിക്കും അറബ് കപ്പ്. അറബ് ലോകത്തിെൻറ ഐക്യത്തിനും അഖണ്ഡതക്കും ഊർജം പകരാൻ അറബ് കപ്പിനാകും. അറബ് ലോകത്തെ ഏറ്റവും മികച്ച 23 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുക. വിവിധ രാജ്യങ്ങളിൽനിന്നായി 450 മില്യൻ ജനങ്ങൾ അറബ് കപ്പിൽ ആവേശത്തിെൻറ ആരവം മുഴക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറബ് കപ്പിനും അതിലുപരി ഫിഫ ലോകകപ്പിനും ഖത്തർ തയാറായിക്കഴിഞ്ഞെന്ന് ഇൻഫാൻറിനോ പറഞ്ഞു. അറബ് ലോകത്തിെൻറ ഐക്യവും സാഹോദര്യത്തിെൻറ ആഘോഷവും കാൽപന്തുകളിയുടെ ആവേശവും ആർപ്പുവിളികളുമായിരിക്കും ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാകുന്ന ഖത്തർ ലോകകപ്പിൽ പ്രകടമാകുക.
അറബ് കപ്പിനും സംഘാടകർക്കും നന്ദി അറിയിക്കുകണ്. ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ്, ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് എന്നിവർക്ക് പുറമെ, ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പ്രസിഡൻറ്, ഫിഫയുടെ മുതിർന്ന പ്രതിനിധികൾ എല്ലാവരും ചടങ്ങിൽ എത്തിയിരിക്കുന്നുവെന്നത് ഏറെ സന്തോഷം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിന് മുന്നോടിയായുള്ള ഖത്തറിെൻറ നിർണായകമായ, അവസാന തയാറെടുപ്പാണ് അറബ് കപ്പെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തറിന് പുറമെ, അൽജീരിയ, ബഹ്റൈൻ, ഖമറൂസ്, ജിബൂതി, ഈജിപ്ത്, ഇറാഖ്, ജോർഡൻ, കുവൈത്ത്, ലബനാൻ, ലിബിയ, മോറിത്താനിയ, മൊറോക്കോ, ഒമാൻ, ഫലസ്തീൻ, സൗദി അറേബ്യ, സോമാലിയ, ദക്ഷിണ സുഡാൻ, സുഡാൻ, സിറിയ, തുനീഷ്യ, യു.എ.ഇ, യമൻ എന്നീ 23 അറബ് രാഷ്ട്രങ്ങളാണ് പ്രഥമ ഫിഫ അറബ് കപ്പ് ടൂർണമെൻറിൽ മാറ്റുരക്കുന്നത്.
ഫിഫ റാങ്കിങ്ങിൽ മുന്നിൽ നിൽക്കുന്ന ഒമ്പത് ടീമുകൾ നേരിട്ട് ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം നേടിയപ്പോൾ ബാക്കി ഏഴു ടീമുകൾക്ക് യോഗ്യത റൗണ്ടിൽ മത്സരിച്ച് വേണം ഫൈനൽ റൗണ്ടിലെത്താൻ.
ആതിഥേയരായ ഖത്തർ, ഇറാഖ്, തുനീഷ്യ, യു.എ.ഇ, സിറിയ, മൊറോക്കോ, സൗദി അറേബ്യ, അൽജീരിയ, ഈജിപ്ത് എന്നിവരാണ് നേരിട്ട് യോഗ്യത നേടിയത്.
2022 ലോകകപ്പിനായുള്ള ആറു വേദികളിലായാണ് മത്സരം. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18നാണ് അറബ് കപ്പിെൻറ കലാശപ്പോരാട്ടം, കൃത്യം ലോകകപ്പ് കലാശപ്പോരാട്ടത്തിെൻറ ഒരു വർഷം മുമ്പ്.
ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനി, ക്യു എഫ്.എ പ്രസിഡൻറ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി, എഫ് സി പ്രസിഡൻറ് സൽമാൻ ബിൻ ഇബ്റാഹിം അൽ ഖലീഫ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. നറുക്കെടുപ്പ് ചടങ്ങിൽ വെറ്ററൻ താരങ്ങളായ ഈജിപ്തിെൻറ വാഇൽ ഗുമുഅ, സൗദി അറേബ്യയുടെ നവാഫ് അൽ തെംയാത്, സുഡാെൻറ ഹൈഥം മുസ്തഫ, ഇറാഖിെൻറ യൂനുസ് മഹ്മൂദ് എന്നിവരും ഫിഫ കോംപിറ്റീഷൻ ഡയറക്ടർ മനോലോ സുബിരിയ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.