ദോഹ: 2022 ഫിഫ ലോകകപ്പിൻെറ വിളംബരമായ ഫിഫ അറബ് കപ്പ് പോരാട്ടങ്ങളുടെ ചിത്രം തെളിഞ്ഞു. യോഗ്യതാറൗണ്ടിലെ മത്സരങ്ങൾ വെള്ളിയാഴ്ച സമാപിച്ചതോടെ ഈ വർഷാവസാനം ഖത്തർ വേദിയാവുന്ന അറബ് രാജ്യങ്ങളുടെ മഹാമേളയിലേക്കുള്ള 16 ടീമുകൾ ആരെന്നുറപ്പായി. 2022 ലോകകപ്പ് നടക്കുന്ന അതേവേദികളിലെ അതേ സമയത്തുതന്നെയായാണ് ഈ വരുന്ന നവംബർ 30 മുതൽ ഡിസംബർ 18 വരെയായി അറബ് കപ്പ് പോരാട്ടം നടക്കുന്നത്. 10 ടീമുകൾ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻെറയും (എ.എഫ്.സി) നിന്നും ശേഷിച്ച ആറ് ടീമുകൾ ആഫ്രിക്കൻ കോൺഫെഡറേഷൻെറയും ഭാഗമാണ്.
യോഗ്യതാറൗണ്ടിൽ മത്സരിച്ച 14 ടീമുകളിൽനിന്ന് ഏഴുപേരാണ് യോഗ്യത നേടിയത്. കുവൈത്ത്, യെമൻ ടീമുകൾ പുറത്തായി. സൗത്ത് സുഡാൻ ടീം അംഗങ്ങൾക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിനാൽ കളത്തിലിറങ്ങാൻ കഴിഞ്ഞില്ല.
അഞ്ച് ഗോളിന് ഖമറൂസിനെ തോൽപിച്ച ഫലസ്തീനാണ് യോഗ്യതാ റൗണ്ടിൽ ഏറ്റവും മികച്ച ജയം സ്വന്തമാക്കിയത്.ഫിഫ ലോകകപ്പിനായി പൂർണസജ്ജമായി കഴിഞ്ഞ ഖത്തർ വിശ്വമേളക്ക് മുന്നോടിയായുള്ള ടെസ്റ്റ് ഡോസ് എന്ന നിലക്കാണ് അറബ് കപ്പിനെ വരവേൽക്കുന്നത്.
16 ടീമുകൾ നാല് ഗ്രൂപ്പുകളിലായി മത്സരിക്കും. ഏഷ്യൻ ചാമ്പ്യന്മാർ കൂടിയായ ഖത്തർ, ഫിഫ റാങ്കിങ്ങിൽ മികച്ച സ്ഥാനങ്ങളിലുള്ള തുനീഷ്യ (26), അൽജീരിയ (33), മൊറോകോ (34), ഈജിപ്ത് (46) എന്നിവരാണ് പ്രഗത്ഭരായ ടീമുകൾ.
ഫിഫ അറബ് കപ്പ് 2021 നവംബർ 30- ഡിസംബർ 18
ഗ്രൂപ് 'എ': ഖത്തർ, ഇറാഖ്, ഒമാൻ, ബഹ്റൈൻ
ഗ്രൂപ് 'ബി': തുനീഷ്യ, യു.എ.ഇ, സിറിയ, മോറിത്താനിയ
ഗ്രൂപ് 'സി': മൊറോകോ, സൗദി അറേബ്യ, ജോർഡൻ, ഫലസ്തീൻ.
ഗ്രൂപ് 'ഡി': അൾജീരിയ, ഈജിപ്ത്, ലെബനാൻ, സുഡാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.