ദോഹ: അന്താരാഷ്ട്ര വളൻറിയർ ദിനത്തിൽ കാൽപന്തുകളിയുടെ കാവലാളുകളായ വളൻറിയർമാർക്ക് ഫിഫയുടെ ആദരവ്. കാൽപന്തുകളിയുടെ ജീവനാഡിയാണ് വളൻറിയർമാരെന്നും ഫിഫ ടൂർണമെൻറുകളിൽ അവർ കർമനിരതരാണെന്നും ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. ഖത്തർ ആതിഥ്യം വഹിച്ച് കൊണ്ടിരിക്കുന്ന പ്രഥമ ഫിഫ അറബ് കപ്പിലെ വളൻറിയർമാരുടെ സാന്നിധ്യം പ്രത്യേകം പ്രശംസിക്കപ്പെടേണ്ടതാണെന്നും അടുത്ത വർഷത്തെ ലോകകപ്പ് ടൂർണമെൻറിലും അവരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായും ഫിഫ പ്രസിഡൻറ് പറഞ്ഞു.
ഏത് ടൂർണമെൻറിെൻറയും വിജയത്തിനു പിന്നിൽ സ്വയം സന്നദ്ധരായി രംഗത്തിറങ്ങുന്ന വളൻറിയർമാരാണ്. സേവനപാതയിൽ കർമനിരതരായ അവർക്ക് ഈ സുദിനത്തിൽ പ്രത്യേകം നന്ദി അറിയിക്കുന്നു. അടുത്ത വർഷത്തെ ലോകകപ്പ് ടൂർണമെൻറിലേക്കാണ് കളിപ്രേമികൾ ഉറ്റുനോക്കുന്നത്. ലോകം ഇതുവരെ കാണാത്ത വമ്പൻ ടൂർണമെൻറിനായിരിക്കും ഖത്തർ ആതിഥ്യം വഹിക്കുകയെന്നും ടൂർണമെൻറ് വിജയത്തിൽ വളൻറിയർമാരുടെ സേവനം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിദിനം 300ലധികം പേരാണ് ഫിഫ ഗ്ലോബൽ വളൻറിയർ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതെന്നും എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്നും ഫിഫ സെക്രട്ടറി ജനറൽ ഫത്മ സമൂറ പറഞ്ഞു. ചെറിയ കുട്ടികൾ മുതൽ 75 വയസ്സ് പിന്നിട്ടവർ ഫിഫ വളൻറിയർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എല്ലാവരെയും ഉൾപ്പെടുത്തിയാണ് വളൻറിയർ പോർട്ടലെന്നും സന്നദ്ധസേവനത്തിന് താൽപര്യമുള്ള എല്ലാവർക്കും അതിൽ രജിസ്റ്റർ ചെയ്യാമെന്നും സമൂറ വ്യക്തമാക്കി.
അന്താരാഷ്ട്ര വളൻറിയർ ദിനത്തോടനുബന്ധിച്ച് ഫിഫ അറബ് കപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വളൻറിയർമാർക്കെല്ലാം പ്രധാന വർക്ക്ഫോഴ്സ് സെൻററായ ഡി.ഇ.സിയിൽ അറബ് കപ്പ് ട്രോഫിക്കൊപ്പം ഫോട്ടോ എടുക്കാനുള്ള സൗകര്യം അധികൃതർ ഏർപ്പെടുത്തിയിരുന്നു. രാവിലെ മുതൽ രാത്രി 11 വരെ നീണ്ട പരിപാടിയിൽ നിരവധി പേരാണ് പങ്കെടുത്തത്. 70,000 അപേക്ഷകരിൽ നിന്ന് 5250 പേരെയാണ് ഫിഫ അറബ് കപ്പിലേക്ക് വളൻറിയറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.