ദോഹ: ലോകകപ്പ് ടിക്കറ്റിനായി കാത്തിരിക്കുന്ന ആരാധകരിലെ ഭാഗ്യവാന് സൂപ്പർ ബംപർ പ്രഖ്യാപിച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻറ് ലെഗസി. ലോകകപ്പിലെ 64 മത്സരങ്ങളും കാണാനും വി.ഐ.പി പരിവേഷത്തോടെ സ്റ്റേഡിയങ്ങളിൽ നിന്ന് സ്റ്റേഡിയങ്ങളിലേക്ക് സഞ്ചരിക്കാനമുള്ള സൂപ്പർ ബംപറാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സുപ്രീം കമ്മിറ്റി വെബ്സൈറ്റിൽ അപേക്ഷിക്കുകയാണ് ആദ്യ നടപടി. നിർദേശിക്കുന്ന യോഗ്യതയുള്ളവരിൽ നിന്നും തെരഞ്ഞെടുക്കുന്നവനെയാണ് ഓണം ബംപറിനേക്കാൾ വിലപ്പെട്ട ഭാഗ്യം കാത്തിരിക്കുന്നത്.
'എവരി ബ്യൂട്ടിഫുൾ ഗെയിം' എന്ന തലക്കെട്ടിൽ പ്രഖ്യാപിച്ച മത്സരത്തിലൂടെയാണ് പങ്കാളിയാവാൻ അവസരം ഒരുക്കുന്നത്. സുപ്രീം കമ്മിറ്റിയുടെ വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ചു നൽകി, 20 മുതൽ 60 സെക്കൻഡ് വരെയുള്ള ആമുഖ വീഡിയോയും അയച്ച് 21 വയസ്സ്പൂർത്തിയായ ആർക്കും മത്സരത്തിൽ പങ്കെടുക്കാം.
ആരോഗ്യ ഫിറ്റ്നസ് തെളിയിക്കണം. സാമൂഹിക മാധ്യമ മികവ്, കാമറ കൈകാര്യം ചെയ്യാനുള്ള മികവ്, ഇംഗ്ലീഷ ഭാഷാ പ്രാവീണ്യം എന്നിവയുണ്ടായിരിക്കണം.
നിശ്ചിത മാനദണ്ഡങ്ങളുള്ളവരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തും. ഇയാൾക്ക് ഖത്തറിലേക്കുള്ള വിമാന ടിക്കറ്റ്, ഹോട്ടൽ താമസം, ഭക്ഷണം, യാത്രാ, എല്ലാ മത്സരങ്ങൾക്കുമുള്ള ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഒപ്പം, സുപ്രീം കമ്മിറ്റിയുടെ പ്രതിനിധി സ്റ്റേഡിയങ്ങളിലേക്ക് നയിക്കാനുമുണ്ടാവും.
https://www.qatar2022.qa/en/every-beautiful-game-competition എന്ന ലിങ്ക് വഴി താൽപര്യമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.