ദോഹ: ഖത്തർ ആതിഥ്യം വഹിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറ് വിജയത്തിനായി സഹകരിക്കുന്നതിൽ തുർക്കി പ്രതിജ്ഞാബദ്ധമാണെന്ന് അംബാസഡർ ഡോ. മുസ്തഫ ഗോക്സു.സൗഹൃദരാജ്യമെന്ന നിലയിൽ ലോകകപ്പിനായി അക്ഷമയോടെയാണ് തുർക്കിയും കാത്തിരിക്കുന്നത്.
ടൂർണമെൻറ് വിജയത്തിനായി ഖത്തറിനൊപ്പം തുർക്കിയും നിലകൊള്ളുമെന്ന് ഡോ. ഗോക്സു പറഞ്ഞു.
2016ൽ തുർക്കിയിലെ പരാജയപ്പെട്ട സൈനിക അട്ടിമറിയുടെ വാർഷികവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 ജൂലൈ 15നാണ് തുർക്കി ഭരണകൂടത്തെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ചതും പരാജയപ്പെട്ടതും.
ഒരു ഇസ്ലാമിക രാജ്യത്ത് ആദ്യമായെത്തുന്ന ലോകകപ്പിനെ സ്വാഗതം ചെയ്യുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മഹത്തായ ടൂർണമെൻറായി ഇത് മാറുമെന്നാണ് വിശ്വസിക്കുന്നത്. വമ്പൻ കായിക ടൂർണമെൻറുകളുടെ കേന്ദ്രമെന്ന നിലയിൽ ആഗോള കായിക ഭൂപടത്തിൽ ഖത്തറിന്റെ സ്ഥാനം നിർണയിക്കുന്ന ചാമ്പ്യൻഷിപ്പായി ലോകകപ്പ് മാറും.
അന്താരാഷ്ട്ര കായിക ചാമ്പ്യൻഷിപ്പുകൾക്ക് വേദിയായി തുർക്കിക്ക് വലിയ പരിചയമുണ്ട്. സാധ്യമാകുന്ന രീതിയിലെല്ലാം ഖത്തർ ലോകകപ്പിന് തുർക്കിയുടെ പിന്തുണയുണ്ടാകും. ലോകകപ്പ് വിജയിപ്പിക്കുന്നതിനുള്ള എല്ലാ സഹായവും പിന്തുണയും നൽകുന്നതിന് പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ പച്ചക്കൊടി വീശിയിട്ടുണ്ടെന്നും സുരക്ഷ മേഖലയിൽ ലോകകപ്പിന് തുർക്കിയുടെ പിന്തുണയുണ്ടാകുമെന്നും ഖത്തരികളുടെ രണ്ടാം വീടായ തുർക്കി സന്ദർശിക്കാൻ എല്ലാ വിനോദസഞ്ചാരികളെയും സ്വാഗതം ചെയ്യുന്നുവെന്നും മുസ്തഫ ഗോക്സു കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.