ദോഹ: ഖത്തറിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്ന ആദ്യസംഘത്തിലെ യാത്രക്കാരിൽ ഗർഭിണികളും അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളും പ്രായമായവരും. ദോഹയിലെ ഇന്ത്യൻ എംബസിയിൽ ആദ്യഘട്ടത്തിൽ പേര് രജിസ്റ്റർ ചെയ്ത 40000 പേരിൽനിന്ന് തെരഞ്ഞെടുത്ത 400 പേരെയാണ് ആദ്യ ആഴ് ചയിൽ രണ്ട് വിമാനങ്ങളിലായി അയക്കുന്നത്.
കൂടുതൽ വിമാനങ്ങൾ ഖത്തറിലേക്ക് അനുവദിക്കാൻ ശ്രമങ്ങൾ നടത്തിവരികയാണെന്ന് ഇന്ത്യൻ എംബസി അധികൃതർ ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു. രജിസ്റ്റർ ചെയ്തവരിൽ 25000ലധികവും മലയാളികളാണ്. കൊച്ചിയിലേക്കുള്ള യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം പോകുന്നത് മേയ് ഏഴിൽനിന്ന് ഒമ്പതിലേക്കു മാറ്റിയിരുന്നു.
ഒമ്പതിന് ഖത്തർ സമയം ഏഴിനായിരിക്കും എയർ ഇന്ത്യ വിമാനം പുറപ്പെടുക. ആദ്യ യാത്രക്കുള്ളവരുടെ ടിക്കറ്റ് വിതരണം അബുഹമൂറിലെ ഇന്ത്യൻ കൾച്ചറൽ സെൻററിലാണ് നടത്തിയത്. എയർഇന്ത്യയുടെ കൗണ്ടർ ഇവിടെ സജ്ജീകരിക്കുകയായിരുന്നു.
ആദ്യ യാത്രയിൽ 200 പേരെയാണ് കൊണ്ടുപോവുക. ഇതിൽ പ്രസവമടുത്ത ഗർഭിണികളാണ് കൂടുതലും. ഇവർക്കൊപ്പം മറ്റൊരാളെയും കുട്ടികളെയും അനുവദിച്ചിട്ടുണ്ട്. പിന്നീടുള്ള യാത്രക്കാരിലധികവും വിവിധ അസുഖങ്ങളുള്ള ആളുകളാണ്.
ഹൃദ്രോഗം, കാൻസർ പോലുള്ള അസുഖങ്ങൾക്ക് നാട്ടിൽ അടിയന്തര ചികിത്സ ആവശ്യമുള്ളവരാണിവർ. ഇവർ മിക്കവരും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്.
വിസിറ്റ് വിസയിൽ വന്ന് കുടുങ്ങിപ്പോയവരുമുണ്ട്. 155ലധികം ടിക്കറ്റുകൾ ആദ്യദിവസം തന്നെ യാത്രക്കാർ കൈപറ്റി. രജിസ്റ്റർ ചെയ്ത ചുരുക്കം ചിലർ ഇപ്പോൾ പോകുന്നില്ലെന്ന് അറിയിച്ചിട്ടുമുണ്ട്. ഇന്ത്യൻ എംബസിയിൽ നിന്നാണ് തെരഞ്ഞെടുത്ത യാത്രക്കാരെ വിവരമറിയിക്കുന്നത്. മേയ് പത്തിന് മറ്റൊരു വിമാനം ദോഹയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കുമുണ്ട്. ഇതിലും 200 യാത്രക്കാരെയാണ് കൊണ്ടുപോകുന്നത്. 16000 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഇത് യാത്രക്കാർ തന്നെ വഹിക്കണം.
അതേസമയം ഖത്തറിൽ 146 പേർക്കുകൂടി ബുധനാഴ്ച കോവിഡ് ഭേദമായിട്ടുണ്ട്. ഇതോടെ ആകെ രോഗം ഭേദമായവർ 2070 ആയി. ബുധനാഴ്ച 830 പേർക്ക് കൂടി രോഗം ബാധിച്ചു. 15890 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 112963 പേരെ ആകെ പരിശോധിച്ചപ്പോൾ 17972 പേർക്കാണ് വൈറസ് ബാധ സ് ഥിരീകരിച്ചത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ആകെ 12 പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.