ദോഹ: സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ മൗലാന അബുല്‍കലാം ആസാദ് മികച്ച ദാര്‍ശനികനും ചിന്തകനും ദേശീയവാദിയുമായിരുന്നുവെന്ന് ഫോക്കസ് മജ്ലിസ്.
‘അബുല്‍കലാം ആസാദ്; വിസ്മരിക്കാന്‍ കഴിയാത്ത ചരിത്രം’ എന്ന പേരില്‍ ഫോക്കസ് വില്ലയിലെ സിദ്റ ഹാളില്‍ സംഘടിപ്പിക്കപ്പെട്ട ഫോക്കസ് മജ്ലിസിലാണ് വിഷയം ചര്‍ച്ചചെയ്യപ്പെട്ടത്. ഫോക്കസ് ഇന്റര്‍നാഷനല്‍ ഖത്തര്‍ റീജ്യന് സംഘടിപ്പിച്ച പരിപാടിയില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി മുഖ്യാതിഥിയായി പങ്കെടുത്തു. മതേതരത്വമാണ് ഇന്ത്യയുടെ ഐഡന്റിറ്റി എന്ന് ശക്തമായി വാദിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് മൗലാന അബുല്‍ കലാം ആസാദ് എന്ന് കെ.എന്‍. സുലൈമാന്‍ മദനി അഭിപ്രായപ്പെട്ടു. ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടി ശക്തമായി ശബ്ദമുയര്‍ത്തിയ ആസാദ് ഇന്ത്യ-പാക് വിഭജനത്തെ അതിശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. 35ാം വയസ്സില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരുന്ന അദ്ദേഹം സ്വതന്ത്രഭാരത ശിൽപികളില് പ്രധാനിയാണ്. ചരിത്രത്തില്‍ മായ്ക്കാന്‍ കഴിയാത്ത വിധം ചേര്‍ത്തുവെക്കപ്പെട്ട ഇത്തരം മഹാത്മാക്കളെ വിസ്മരിക്കാന്‍ കാലം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോക്കസ് ഇന്റര്‍നാഷനല്‍ ഖത്തര്‍ റീജ്യന് സി.ഒ.ഒ അമീര്‍ഷാജി സ്വഗതം പറഞ്ഞു. സി.ഇ.ഒ ഹാരിസ് പി.ടി, അഡ്മിന് മാനേജര്‍ അമീനുര്‍റഹ്മാന്‍ എ.എസ്, നൗഷാദ് പയ്യോളി, ഡോ. നിഷാന്‍ പുരയില്‍ എന്നിവര്‍ പങ്കെടുത്തു. ഫാഇസ് എളയോടന്‍, റാഷിഖ് ബക്കര്‍, മൊയ്തീന് ഷാ, ഹമദ്ബിന്‍ സിദ്ധീഖ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.